ടിറ്റെ പടിയിറങ്ങുമ്പോൾ ബ്രസീൽ ടീം പരിശീലകനാവേണ്ടതാര്, സുപ്രധാന മാറ്റം നിർദ്ദേശിച്ച് റൊണാൾഡോ

ഖത്തർ ലോകകപ്പിനു ശേഷം ബ്രസീൽ ടീം പരിശീലകസ്ഥാനത്തു നിന്നും പടിയിറങ്ങുമെന്ന് ടിറ്റെ നേരത്തെ പ്രഖ്യാപിച്ചതാണ്. അതുകൊണ്ടു തന്നെ 2016 മുതൽ ബ്രസീലിനെ പരിശീലിപ്പിക്കുന്ന, ബ്രസീൽ ദേശീയ ടീമിന് ഒരു കോപ്പ അമേരിക്ക കിരീടം നേടിക്കൊടുക്കുകയും മറ്റൊരിക്കൽ ഫൈനലിലെത്തിക്കുകയും ചെയ്‌ത അദ്ദേഹത്തിന് ആരായിരിക്കും പകരക്കാരനായി എത്തുകയെന്ന ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് ബ്രസീലിന്റെ ഇതിഹാസതാരമായ റൊണാൾഡോ തന്റെ അഭിപ്രായം വെളിപ്പെടുത്തുകയുണ്ടായി.

ബ്രസീൽ ദേശീയ ടീമിനെ നയിക്കാൻ ബ്രസീലിയൻ പരിശീലകരെ മാത്രം നിയമിക്കുന്ന പരിപാടി അവസാനിപ്പിക്കണമെന്നാണ് റൊണാൾഡോ ആവശ്യപ്പെടുന്നത്. അതിനു പകരം യൂറോപ്പിൽ നിന്നുമുള്ള മികച്ച പരിശീലകരെ ടീമിന്റെ ചുമതല ഏൽപ്പിക്കാനും അദ്ദേഹം പറയുന്നു. പെപ് ഗ്വാർഡിയോള, കാർലോ ആൻസലോട്ടി എന്നീ പരിശീലകരെയാണ് അദ്ദേഹം നിർദ്ദേശിക്കുന്നത്. അതിൽ തന്നെ നിലവിൽ റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആൻസലോട്ടിക്ക് റൊണാൾഡോ കൂടുതൽ പരിഗണന നൽകുന്നു.

“ബ്രസീൽ ദേശീയ ടീമിനെ ഒരു യൂറോപ്യൻ പരിശീലകനെ ഏൽപ്പിക്കണമെന്നാണ് ഞാൻ കരുതുന്നത്. പെപ്, ആൻസലോട്ടി പോലെയൊരാളെ. അവർക്ക് അസാധാരണമായ പല കാര്യങ്ങളും ടീമിനൊപ്പം ചെയ്യാൻ കഴിയും. അടുത്ത നൂറു വർഷത്തേക്ക് ഫുട്ബോളിന്റെ ചരിത്രത്തെ തന്നെ മാറ്റാൻ കഴിവുള്ള പരിശീലകനാണ് കാർലോ ആൻസലോട്ടി.” ഇറ്റാലിയൻ മാധ്യമമായ ഗസറ്റ ഡെല്ല സ്പോർട്ടിനോട് സംസാരിക്കുമ്പോൾ റൊണാൾഡോ പറഞ്ഞു.

“ലോകഫുട്ബോളിൽ ഉണ്ടായിട്ടുള്ളവരിൽ ഏറ്റവും മികച്ച വ്യക്തിയാണ് കാർലോയെന്നാണ് ഞാൻ കരുതുന്നത്. അദ്ദേഹം എല്ലാവരുടെയും സുഹൃത്താണ്, എന്റെ മാത്രമല്ല. എല്ലാവരും അദ്ദേഹത്തെ ഇഷ്‌ടപ്പെടുന്നു. ഒരു പരിശീലകനെന്ന നിലയിലും കാർലോ മികച്ചതാണ്, അദ്ദേഹത്തിന്റെ നിലവാരവും ദർശനവും കളിക്കാരെ മനസിലാക്കാനുള്ള കഴിവും പ്രശംസനീയമാണ്. കാർലോയുടെ പ്രൊഫെഷനിലിസവും സ്വഭാവവും പരിഗണിക്കുമ്പോൾ അദ്ദേഹം നേടിയതെല്ലാം അർഹിക്കുന്നതു തന്നെയാണ്.” റൊണാൾഡോ കൂട്ടിച്ചേർത്തു.

ടിറ്റെക്കു പകരക്കാരനായി യൂറോപ്യൻ പരിശീലകരെ ബ്രസീൽ പരിഗണിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ സീസണോടെ മാഞ്ചസ്റ്റർ സിറ്റി കരാർ അവസാനിക്കുന്ന പെപ് ഗ്വാർഡിയോളയെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ അവർ നടത്തിയെന്ന റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു. എന്നാൽ പെപ് ഗ്വാർഡിയോള ഇതിനോട് പ്രതികരിച്ചിട്ടില്ല.