“വളരെ പെട്ടന്നു തന്നെ അതു സംഭവിക്കും”- പരിശീലകനായി ഉടനെ മടങ്ങിയെത്തുമെന്ന് സിനദിൻ സിദാൻ

വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ ക്ലബ് ഫുട്ബോളിലെ എല്ലാ നേട്ടങ്ങളും നേടിയ പരിശീലകനാണ് സിനദിൻ സിദാൻ. റയൽ മാഡ്രിഡിനൊപ്പം തുടർച്ചയായ മൂന്നു വർഷങ്ങളിൽ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയിട്ടുള്ള അദ്ദേഹം ലോസ് ബ്ലാങ്കോസ് വിട്ടതിനു ശേഷം ഒരു വർഷത്തിലധികമായി ഒരു ടീമിന്റെയും മാനേജർ സ്ഥാനം ഏറ്റെടുത്തിട്ടില്ല. ഇപ്പോൾ ആ ഇടവേള അവസാനിപ്പിക്കുകയാണെന്നും ഉടനെ തന്നെ പരിശീലകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്നും കഴിഞ്ഞ ദിവസം സിദാൻ വെളിപ്പെടുത്തുകയുണ്ടായി.

“പരിശീലകന്റെ കുപ്പായം ഞാൻ മിസ് ചെയ്യുന്നുണ്ടോ? ഇല്ല, ഞാൻ വളരെ ദൂരെയല്ല. കാത്തിരിക്കുക, കുറച്ച് സമയം കൂടി കാത്തിരിക്കുക. വളരെ വളരെ പെട്ടന്നു തന്നെ അതുണ്ടാകും. ഞാൻ പരിശീലകനാവുന്നതിൽ നിന്നും ഒരുപാട് ദൂരെയല്ല.” കഴിഞ്ഞ ദിവസം ആർഎംസി സ്പോർട്ടിനോട് സംസാരിക്കുമ്പോൾ സിദാൻ പറഞ്ഞു. ഗ്രെവിൻ മ്യൂസിയത്തിൽ തന്റെ പ്രതിമ അനാച്ഛാദനം ചെയ്യാനെത്തിയപ്പോഴാണ് സിദാൻ പരിശീലകനായി തിരിച്ചു വരവിനെക്കുറിച്ച് വ്യക്തമാക്കിയത്.

നേരത്തെ ലോകകപ്പിന് ശേഷം ഫ്രാൻസ് ടീമിന്റെ പരിശീലകസ്ഥാനം സിദാൻ ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോൾ താരത്തിന്റെ വാക്കുകളും അതിനുള്ള സാധ്യതയിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്. ഖത്തർ ലോകകപ്പ് രണ്ടു മാസത്തിനുള്ളിൽ അവസാനിക്കും എന്നിരിക്കെ ദിദിയർ ദെഷാംപ്‌സിനു പകരം സിദാൻ ഫ്രാൻസ് ടീമിന്റെ പരിശീലകനായി എത്തിയേക്കാം. ഫ്രാൻസിന്റെ പരിശീലകനാവാൻ വേണ്ടിയാണ് സിദാൻ മറ്റു ക്ലബുകളിൽ നിന്നുള്ള ഓഫർ പരിഗണിക്കാതിരുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

രണ്ടു തവണ റയൽ മാഡ്രിഡിന്റെ പരിശീലകനായി സിദാൻ ചുമതല ഏറ്റെടുത്തിട്ടുണ്ട്. 2016 മുതൽ 2018 വരെ സിദാൻ മാനേജരായിരുന്ന സമയത്താണ് മൂന്നു ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ റയൽ മാഡ്രിഡ് തുടർച്ചയായി നേടുന്നത്. ഇതിനു ശേഷം ക്ലബ് വിട്ടെങ്കിലും 2019ൽ അദ്ദേഹം വീണ്ടും റയലിലേക്ക് തിരിച്ചെത്തി. റയൽ മാഡ്രിഡിനൊപ്പം രണ്ടു ലീഗ് കിരീടങ്ങളടക്കം മറ്റു നേട്ടങ്ങളും സിദാന്റെ പേരിലുണ്ട്. ഫ്രാൻസ് ടീമിനൊപ്പം യൂറോ, ലോകകപ്പ് കിരീടങ്ങൾ കൂടി പരിശീലകനെന്ന നിലയിൽ നേടുകയാവും സിദാൻ ലക്ഷ്യമിടുന്നത്.