തോൽവിക്കു പിന്നാലെ മാനെ സഹതാരത്തിന്റെ മുഖത്തിടിച്ചു, ബയേൺ മ്യൂണിക്കിൽ ഗുരുതരപ്രശ്‌നങ്ങൾ | Sadio Mane

ബയേൺ മ്യൂണിക്കിനെ സംബന്ധിച്ച് ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ ഇല്ലാതാക്കിയ ക്വാർട്ടർ ഫൈനൽ ആദ്യപാദ മത്സരമാണ് കഴിഞ്ഞ ദിവസം പൂർത്തിയായത്. മാഞ്ചസ്റ്റർ സിറ്റിയുടെ മൈതാനത്ത് എതിരില്ലാത്ത മൂന്നു ഗോളുകളുടെ തോൽവി വഴങ്ങിയ ബയേൺ മ്യൂണിക്കിന് രണ്ടാം പാദത്തിൽ തിരിച്ചു വരണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണമെന്നതിൽ യാതൊരു സംശയവുമില്ല.

അതേസമയം ബയേൺ മ്യൂണിക്കിലെ താരങ്ങൾക്കിടയിൽ പ്രശ്‌നങ്ങൾ രൂക്ഷമാണ് എന്നാണു ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിയുമായി നടന്ന മത്സരത്തിന് ശേഷം ടീമിലെ പ്രധാന താരങ്ങളായ സാഡിയോ മാനേയും ലിറോയ് സാനെയും തമ്മിൽ തർക്കങ്ങൾ ഉണ്ടായെന്നും സെനഗൽ താരം സാനെയുടെ മുഖത്തിടിച്ചുവെന്നും ദി ബിൽഡ് പറയുന്നു.

മത്സരത്തിനിടെയുണ്ടായ ഒരു സംഭവമാണ് ഇതിനെല്ലാം കാരണമായത്. മാഞ്ചസ്റ്റർ സിറ്റി ഡിഫെൻസിന്റെ ഇടയിലൂടെ നടത്തിയ ഒരു റണ്ണുമായി ബന്ധപ്പെട്ട് സാനെ മുൻ ലിവർപൂൾ താരത്തോടെ പരാതി പറഞ്ഞിരുന്നു. രോഷത്തോടെയാണ് ജർമൻ താരം മാനെയോട് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. മത്സരത്തിന് ശേഷം ഡ്രസിങ് റൂമിൽ എത്തിയ മാനെ ഇതിനെ ചോദ്യം ചെയ്യുകയായിരുന്നു.

സാനെയുടെ സമീപനത്തെക്കുറിച്ച് പരാതിപ്പെട്ട മാനെ അതിനു പിന്നാലെ താരത്തിന്റെ മുഖത്തേക്ക് ഇടിക്കുകയായിരുന്നു. രണ്ടു താരങ്ങളെയും ടീമിലെ സഹതാരങ്ങളാണ് പിടിച്ചു മാറ്റിയത്. സാനെയെ അതോടെ ഡ്രസിങ് റൂമിൽ നിന്നും മാറ്റിയെന്നും താരത്തിന്റെ മുഖത്ത് പാടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ ബയേൺ മ്യൂണിക്ക് പ്രതികരിച്ചിട്ടില്ല.

നാഗേൽസ്‌മാനെ പുറത്താക്കിയതിനു പകരം തോമസ് ടുഷെൽ എത്തിയിട്ടും ബയേൺ മ്യൂണിക്കിൽ പ്രതിസന്ധി തുടരുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇതോടെ ചാമ്പ്യൻസ് ലീഗിൽ ബയേൺ തിരിച്ചു വരാനുള്ള സാധ്യത കുറവാണ്. അതേസമയം ഈ സംഭവത്തിൽ താരങ്ങൾക്കെതിരെ ബയേൺ മ്യൂണിക്ക് നടപടി സ്വീകരിക്കുമെന്ന കാര്യത്തിലും യാതൊരു സംശയവുമില്ല.

Content Highlights: Sadio Mane Punched Leroy Sane On His Face