യുവേഫ ചാമ്പ്യൻസ് ലീഗിനെ പണമെറിഞ്ഞു വാങ്ങാൻ സൗദി അറേബ്യ, വേൾഡ് ചാമ്പ്യൻസ് ലീഗ് സംഘടിപ്പിക്കാനും മിഡിൽഈസ്റ്റ് ശക്തികൾ ഒരുങ്ങുന്നു | Saudi Arabia
ഫുട്ബോൾ ലോകത്ത് സൗദി അറേബ്യയുടെ വിപ്ലവം നടന്നുകൊണ്ടിരിക്കയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയത് ഒരു പബ്ലിസിറ്റി സ്റ്റണ്ട് എന്ന നിലയിൽ ഏവരും കരുതിയെങ്കിലും അതൊരു തുടക്കം മാത്രമായിരുന്നു. നിരനിരയായി യൂറോപ്യൻ ഫുട്ബോളിലെ സൂപ്പർതാരങ്ങളെ സ്വന്തമാക്കിയ സൗദി അറേബ്യ ക്ലബുകളുടെ ചങ്കിടിപ്പ് കൂട്ടി. കഴിഞ്ഞ ദിവസം ലയണൽ മെസി പോലും താൻ സൗദി അറേബ്യയിലേക്ക് ചേക്കേറുന്ന കാര്യം പരിഗണിച്ചിരുന്നുവെന്ന് വെളിപ്പെടുത്തുകയുണ്ടായി.
എന്നാൽ സൗദി അറേബ്യയുടെ പദ്ധതികൾ ഇവിടം കൊണ്ടൊന്നും അവസാനിച്ചിട്ടില്ലെന്നാണ് ഡാനിഷ് ബാങ്കായ സാക്സോയിൽ ജോലി ചെയ്യുന്ന സാമ്പത്തിക നിരീക്ഷകരായ ഹാൻസൺ ആൻഡ് കിം ക്രാമർ ലാർസൺ കഴിഞ്ഞ ദിവസം വെളിപ്പെടുത്തുന്നത്. സൗദി അറേബ്യയുടെ തന്ത്രപ്രധാനമായ പദ്ധതികൾ ഫുട്ബോളിൽ ഇനിയും വലിയ തോതിൽ ഉണ്ടാകുമെന്നും ലോകഫുട്ബോൾ തന്നെ അവർ ഭരിക്കാൻ പോകുന്ന ഒരു സാഹചര്യം അടുത്തു തന്നെ ഉണ്ടാകുമെന്നാണ് ഇവർ പ്രവചിക്കുന്നത്.
😱SAUDI ARABIA WILL BUY THE WHOLE CHAMPIONS LEAGUE IF THE PRICE OF OIL IN 2024 RISES FROM $80 TO $150 PER BARREL#ronaldo #ChampionsLeague pic.twitter.com/wAZcT9ocVd
— kult_football (@kult_football) December 5, 2023
യുവേഫ ചാമ്പ്യൻസ് ലീഗിൽ സൗദി അറേബ്യയിൽ നിന്നുള്ള ക്ലബുകൾ കളിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ ഉണ്ടായിരുന്നതാണ്. എന്നാൽ യുവേഫ പ്രസിഡന്റായ സെഫറിൻ അതിനെ മുളയിലേ നുള്ളിക്കളഞ്ഞു. എന്നാൽ ചാമ്പ്യൻസ് ലീഗ് ഫ്രാഞ്ചൈസികളെ മുഴുവൻ വാങ്ങാനുള്ള പദ്ധതി ഫിഫയുടെ പിന്തുണയോടെ സൗദി അറേബ്യ നടപ്പിലാക്കുന്നുണ്ടെന്നാണ് ഇവർ പറയുന്നത്. ഫുട്ബോൾ പ്രേമിയായ സൗദി ഭരണാധികാരി സൽമാൻ രാജകുമാരൻ തന്നെയാണ് ഇതിനു നേതൃത്വം നൽകുന്നത്.
നേരത്തെ ഫിഫയുടെ പിന്തുണയോടെ യുവേഫ ചാമ്പ്യൻസ് ലീഗിന് ബദലായി ഒരു സൂപ്പർ ലീഗ് തുടങ്ങാൻ യൂറോപ്യൻ ക്ലബുകൾ പദ്ധതിയിട്ടെങ്കിലും അത് നടക്കാതെ പോയി. എന്നാൽ ക്രൂഡ് ഓയിൽ വില കുതിക്കുന്ന ഈ സാഹചര്യത്തിൽ സൗദി അറേബ്യ പണമൊഴുക്കി ഒരു വേൾഡ് ചാമ്പ്യൻസ് ലീഗ് തന്നെ സംഘടിപ്പിക്കുമെന്നും അവർ റിപ്പോർട്ടിൽ പറയുന്നു. യൂറോപ്പ്, ഏഷ്യ, മിഡിൽഈസ്റ്റ്, ആഫ്രിക്ക, അമേരിക്ക, ഓഷ്യാനിയ എന്നിവിടങ്ങളിൽ നിന്നുള്ള 48 ടീമുകളെ ഉൾക്കൊള്ളിച്ചാവും ഈ ചാമ്പ്യൻഷിപ്പ് നടത്തുക.
കളിക്കാരുടെ തളർച്ചയും മറ്റും കണക്കിലെടുത്തും ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ ഉയർന്നതിനെയും തുടർന്നാണ് സൂപ്പർലീഗ് പദ്ധതി വേണ്ടെന്നു വെച്ചത്. എന്നാൽ സൗദി അറേബ്യ ചിലവാക്കാൻ ഉദ്ദേശിക്കുന്ന തുക അതിനെയെല്ലാം മറികടക്കാൻ പ്രാപ്തമാണ്. 2034 ലോകകപ്പ് നടത്താനുള്ള അവകാശം സൗദി നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. അവരുടെ പദ്ധതികൾ അതിലേക്കുള്ള വഴിയിൽ തന്നെ അവർ ഓരോന്നായി നടത്തുമെന്നാണ് അനുമാനിക്കേണ്ടത്.
ഹാൻസൺ ആൻഡ് കിം ക്രാമർ ലാർസൺ എന്നിവരുടെ റിപ്പോർട്ടുകൾ അങ്ങിനെ നിസാരമായി തള്ളിക്കളയാൻ കഴിയുന്ന ഒന്നല്ല. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തു പോയ ബ്രെക്സിറ്റും ക്രിപ്റ്റോ കറൻസിയുടെ മൂല്യം കുതിച്ചുയരുമെന്നും മുൻപ് ശരിയായ പ്രവചനം നടത്തിയവരാണ് ഇവർ. അതുകൊണ്ടു തന്നെ ഇപ്പോൾ കണ്ടതൊന്നുമല്ല സൗദി ലോകഫുട്ബോളിൽ നടത്താൻ പോകുന്ന വിപ്ലവമെന്ന് നമുക്ക് ഉറപ്പിക്കാൻ കഴിയും.
Saudi Arabia To Buy The Champions League