മെസിയെ പിന്തുണക്കുന്നവർ അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരും, സൗദിയിലെ ആരാധകർക്ക് മുന്നറിയിപ്പ് | Messi

സൗദി അറേബ്യ ഫുട്ബോൾ ലോകത്തെ വമ്പൻ താരങ്ങളെ സ്വന്തമാക്കി വലിയൊരു വിപ്ലവം തന്നെ നടത്തുകയാണ്. യൂറോപ്യൻ ഫുട്ബോളിനെ തന്നെ വിറപ്പിക്കുന്ന തരത്തിലാണ് സൗദി അറേബ്യയുടെ മുന്നേറ്റം. ഖത്തർ ലോകകപ്പിന് പിന്നാലെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയാണ് സൗദി അറേബ്യ ഇതിനു തുടക്കമിട്ടത്. റൊണാൾഡോയുടെ വരവ് ആഗോളതലത്തിൽ തന്നെ സൗദി അറേബ്യ ശ്രദ്ധിക്കപ്പെടാൻ കാരണമായിരുന്നു. അതിനു പിന്നാലെയാണ് അവർ മറ്റു താരങ്ങളെയും സ്വന്തമാക്കാൻ ആരംഭിച്ചത്.

സൗദി അറേബ്യക്കും സൗദി പ്രൊ ലീഗിനും വലിയ രീതിയിൽ ശ്രദ്ധ നൽകിയ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മികച്ച പിന്തുണയാണ് ലീഗ് നേതൃത്വം നൽകുന്നത്. കഴിഞ്ഞ ദിവസം സൗദി പ്രൊ ലീഗിന്റെ മേധാവിയായ ഹാഫിസ് അൽ മുദ്‌ലാജ് പറഞ്ഞ വാക്കുകളിൽ നിന്നും ഇത് വ്യക്തമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയെ തളർത്തുന്നതിനു വേണ്ടി ലയണൽ മെസിയുടെ ചാന്റുകൾ ഉയർത്തുന്ന താരങ്ങൾ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നാണ് അദ്ദേഹം പറഞ്ഞത്.

നിലവിൽ അൽ നസ്ർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിൽ എത്തിയതു മുതൽ എതിർടീമിനെ ആരാധകർ ലയണൽ മെസി ചാന്റുകൾ സ്റ്റേഡിയത്തിൽ ഉയർത്തിയിരുന്നു. ഒരുപാട് മത്സരത്തിൽ ഈ പ്രവണത ആരാധകരിൽ കാണുകയുണ്ടായി. റൊണാൾഡോയുടെ മനോധൈര്യം തകർക്കുന്നതിന് വേണ്ടിയാണ് ആരാധകർ മെസിയുടെ ചാന്റുകൾ ഉയർത്തുന്നത്. എന്നാൽ തങ്ങളുടെ ഏറ്റവും പ്രധാന താരത്തെ സംരക്ഷിക്കാൻ വേണ്ടി അതിന് അവസാനം കുറിക്കാനാണ് സൗദി ലീഗ് നേതൃത്വം ഒരുങ്ങുന്നതെന്ന് വ്യക്തം.

മെസി ചാന്റുകൾ സ്റ്റേഡിയത്തിൽ ഉയർത്തുന്ന ആരാധകർക്കെതിരെ എന്ത് നടപടിയാണ് എടുക്കുകയെന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും സൗദിയിലെ നിയമങ്ങൾ കർശനമായതിനാൽ ആരാധകർ ഇനിയതിനു മടിക്കുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ സൗദി പ്രൊ ലീഗ് ചീഫിന്റെ വെളിപ്പെടുത്തലിൽ പല ഭാഗത്തു നിന്നും വിമർശനം വരുന്നുണ്ട്. വേറെ വേറെ ലീഗുകളിൽ ആയിട്ടു പോലും മെസിപ്പേടി റൊണാൾഡോക്ക് മാറിയില്ലേയെന്നാണ് പലരും ചോദിക്കുന്നത്.

Saudi Pro League Chief Warns About Messi Chants