“അടുത്ത ലോകകപ്പിനു ഞാൻ തന്നെ ഉണ്ടാകുമെന്ന് ഉറപ്പില്ല, അർജന്റീന യോഗ്യതയും നേടിയിട്ടില്ല”- മെസിയുടെ ഭാവിയെക്കുറിച്ച് സ്‌കലോണി | Scaloni

അടുത്ത ലോകകപ്പിൽ ലയണൽ മെസി കളിക്കുമോയെന്ന സംശയം അർജന്റീന ആരാധകർക്കെല്ലാമുണ്ട്. 2022 ലോകകപ്പിൽ ഐതിഹാസികമായ പ്രകടനം നടത്തുകയും അർജന്റീന ടീമിനെ മുന്നിൽ നിന്നു നയിക്കുകയും ചെയ്‌ത താരത്തിന് അടുത്ത ലോകകപ്പിലും ടീമിനൊപ്പമുണ്ടാകാൻ കഴിയുമെന്നാണ് ഭൂരിഭാഗം ആരാധകരും ഉറച്ചു വിശ്വസിക്കുന്നത്. ഈ ലോകകപ്പിൽ നടത്തിയതു പോലൊരു പ്രകടനം പ്രതീക്ഷിക്കാൻ കഴിയില്ലെങ്കിലും താരത്തിന്റെ സാന്നിധ്യം അർജന്റീന ടീമിന് ആത്മവിശ്വാസം നൽകുമെന്നും അവർ വിശ്വസിക്കുന്നു.

കഴിഞ്ഞ ദിവസം അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റായ ക്ലൗഡിയോ ടാപ്പിയ ലയണൽ മെസി അടുത്ത ലോകകപ്പിൽ കളിക്കണമെന്ന തന്റെ ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായി. ഏതു പൊസിഷനിൽ വേണമെങ്കിലും മെസിക്ക് കളിക്കാമെന്നും മികച്ച പ്രകടനം നടത്താൻ താരത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്നലെ അർജന്റീന പരിശീലകനായ ലയണൽ സ്‌കലോണിയോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം വ്യത്യസ്‌തമായ മറുപടിയാണ് നൽകിയത്.

“2026 ലോകകപ്പിൽ മെസി കളിക്കുമോ? 3 വർഷത്തിനുള്ളിൽ എന്തായിരിക്കും എന്നതിനെക്കുറിച്ച് ഇപ്പോൾ സംസാരിക്കാൻ കഴിയില്ല. ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം മെസി കളിച്ചാൽ അത് മികച്ചതായിരിക്കും, പക്ഷേ 2026 ൽ മെസ്സി അവിടെ ഉണ്ടാകുമോ എന്നെനിക്ക് പറയാനാവില്ല, ഞാനവിടെ ഉണ്ടാകുമോ എന്നു പോലും എനിക്കറിയില്ല. ഞങ്ങൾ ബഹുമാനത്തോടെ കാര്യങ്ങൾ പറയണം, കാരണം അർജന്റീന ഇതുവരെ ലോകകപ്പിന് യോഗ്യത നേടിയിട്ടില്ല.” സ്‌കലോണി പറഞ്ഞു.

അടുത്ത ലോകകപ്പിനു യോഗ്യത നേടാനുള്ള ആദ്യത്തെ മത്സരത്തിനായി ലയണൽ മെസിയും സംഘവും നാളെ കളത്തിലിറങ്ങുകയാണ്. സൗത്ത് അമേരിക്കയിൽ ശക്തരായി വളർന്നു വരുന്ന ടീമായ ഇക്വഡോറാണ് അർജന്റീനയുടെ എതിരാളികളെങ്കിലും സ്വന്തം നാട്ടിലാണ് മത്സരമെന്നത് സ്‌കലോണിയുടെ സംഘത്തിന് ആത്മവിശ്വാസം നൽകുന്നു. കഴിഞ്ഞ ലോകകപ്പിന് ഒരു മത്സരം പോലും തോൽക്കാതെ യോഗ്യത നേടിയ അർജന്റീന ഇത്തവണയും അതാവർത്തിക്കാനാകും ശ്രമിക്കുക.

Scaloni About Messi In 2026 World Cup