അർജന്റീന ടീമിനെ അഴിച്ചുപണിയാൻ സ്‌കലോണി, മെസിയുമായി കൂടിക്കാഴ്‌ച ഉടനെ | Scaloni

2018 ലോകകപ്പിൽ നിന്നുള്ള പുറത്താകലിന് ശേഷം വലിയ നിരാശയാണ് അർജന്റീന ആരാധകർക്കുണ്ടായത്. ഒരു കിരീടമെന്ന സ്വപ്‌നം ഒരുപാട് അകലെയാണെന്ന് അവർ ചിന്തിച്ചിരുന്നു. ആ ശൂന്യതയിൽ നിന്നുമാണ് ലയണൽ സ്‌കലോണിയെന്ന പരിശീലകൻ അർജന്റീനയെ പടുത്തുയർത്തിയത്. തുടർന്നുള്ള മത്സരങ്ങളിൽ നിരവധി താരങ്ങളെ പരീക്ഷിച്ച അദ്ദേഹം തനിക്ക് വേണ്ട ഒരു ടീമിനെ അതിൽ നിന്നും ഉണ്ടാക്കിയെടുത്ത് സാധ്യമായ എല്ലാ കിരീടങ്ങളും സ്വന്തമാക്കി നൽകി.

അർജന്റീന ആരാധകരെ സംബന്ധിച്ചിടത്തോളം സ്‌കലോണി വിശ്വസ്‌തനായ പരിശീലകനാണ്. ലോകകപ്പിൽ അവലംബിച്ച തന്ത്രങ്ങൾ അതിനുള്ള തെളിവാണ്. എന്നാൽ അർജന്റീന ടീമിന് ഇനിയും മികച്ച പ്രകടനം നടത്താനും ഇതേ നിലവാരം കാത്തു സൂക്ഷിക്കാനും നിലവിലെ സ്‌ക്വാഡിൽ മാറ്റങ്ങൾ വരുത്തണമെന്നാണ് അദ്ദേഹം ഇപ്പോൾ ചിന്തിക്കുന്നത്. ടീമിനെ അഴിച്ചു പണിയാനുള്ള നീക്കങ്ങൾ അദ്ദേഹം ആരംഭിച്ചുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

അർജന്റൈൻ ജേർണലിസ്റ്റുകൾ വെളിപ്പെടുത്തുന്നത് പ്രകാരം 2023 അവസാനിക്കുന്നതിനു മുൻപ് അർജന്റീന ടീമിന്റെ നായകനായ ലയണൽ മെസിയുമായി ഒരു സുപ്രധാന കൂടിക്കാഴ്‌ച പരിശീലകൻ നടത്തുന്നുണ്ട്. ഈ കൂടിക്കാഴ്‌ചക്ക് ശേഷം ഏതൊക്കെ താരങ്ങളെയാണ് ഒഴിവാക്കേണ്ടതെന്ന കാര്യത്തിൽ ചർച്ചകൾ നടത്തി മെസിയുടെ അഭിപ്രായം തേടും. ഇതിനു ശേഷമാകും അന്തിമതീരുമാനം ഇക്കാര്യത്തിൽ എടുക്കുക. ടീമിന്റെ ഭാവിക്ക് ഇത് അനിവാര്യമാണെന്നാണ് അദ്ദേഹം കരുതുന്നത്.

ഏറ്റവും കഴിവുള്ള താരങ്ങൾക്ക് മാത്രമേ ടീമിൽ ഉൾപ്പെടാൻ അർഹതയുള്ളൂ എന്നാണു പരിശീലകൻ ചിന്തിക്കുന്നത്. ടീമിൽ നിന്നും ഏറ്റവും മികച്ച പ്രകടനം ലഭിക്കാൻ ഈ മാറ്റം കൂടിയേ തീരുവെന്ന് സ്‌കലോണി വിശ്വസിക്കുന്നു. അതേസമയം ഏതൊക്കെ താരങ്ങളാണ് ടീമിൽ നിന്നും പുറത്തു പോവുകയെന്ന കാര്യത്തിലും എപ്പോഴാണ് മാറ്റങ്ങൾ വരികയെന്ന കാര്യത്തിലും ഇതുവരെ വ്യക്തതയില്ല. വെറ്ററൻ താരങ്ങൾക്കാവും പുറത്തു പോകേണ്ടി വരികയെന്നാണ് കരുതേണ്ടത്.

ഖത്തർ ലോകകപ്പിനു മുൻപും ലോകകപ്പിലും അതിനു ശേഷവും മികച്ച പ്രകടനം നടത്തിയ അർജന്റീന കഴിഞ്ഞ ലോകകപ്പ് യോഗ്യത റൗണ്ടിൽ യുറുഗ്വായോട് തോൽവി വഴങ്ങിയിരുന്നു. ഈ തോൽവിയാണ് ടീമിൽ മാറ്റം വരുത്താൻ സ്‌കലോണിയെ പ്രേരിപ്പിച്ചതെന്നു വേണം കരുതാൻ. അതേസമയം ടീമിൽ മാറ്റം വരുത്താൻ സ്‌കലോണി ഒരുങ്ങുന്നുണ്ടെങ്കിൽ അതിനർത്ഥം അർജന്റീന പരിശീലകസ്ഥാനത്ത് അദ്ദേഹം തന്നെ തുടരുമെന്നു കൂടിയാണെന്നതിലും സംശയമില്ല.

Scaloni Messi Set To Meet Before The End Of 2023