കൊളംബിയക്കെതിരെ അവർ മികച്ച പ്രകടനം നടത്തിയിരുന്നു, പ്രധാനതാരങ്ങൾ ഇല്ലെങ്കിലും ബ്രസീൽ കരുത്തരെന്ന് സ്‌കലോണി | Scaloni

ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ആരാധകർ കാത്തിരുന്ന മത്സരം നാളെ രാവിലെ നടക്കാൻ പോവുകയാണ്. നിലവിലെ ലോകചാമ്പ്യന്മാരായ അർജന്റീനയും അവരുടെ പ്രധാന എതിരാളികളായ ബ്രസീലും തമ്മിലുള്ള മത്‌സരം ബ്രസീലിലെ മാരക്കാന സ്റ്റേഡിയത്തിൽ വെച്ച് നടക്കുകയാണ്. കഴിഞ്ഞ മത്സരത്തിൽ തോൽവി വഴങ്ങിയതിന്റെ ക്ഷീണം മാറ്റാൻ അർജന്റീന ഇറങ്ങുമ്പോൾ ബ്രസീലിന്റെ ലക്‌ഷ്യം കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ വിജയം നേടിയിട്ടില്ലെന്ന നാണക്കേട് മാറ്റുകയാണ്.

ബ്രസീലിനെ സംബന്ധിച്ച് തിരിച്ചടികളുടെ ഇടയിലാണ് അവർ നാളെ രാവിലെ നടക്കാനിരിക്കുന്ന മത്സരത്തിൽ ഇറങ്ങുന്നത്. കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ പരിക്കേറ്റ നെയ്‌മർ ഒരുപാട് കാലം കളിക്കളത്തിനു പുറത്തിരിക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. അതിനു പുറമെ കൊളംബിയക്കെതിരായ കഴിഞ്ഞ മത്സരത്തിൽ വിനീഷ്യസും പരിക്കേറ്റു പുറത്തായി. എന്നാൽ ഈ താരങ്ങളുടെ അഭാവത്തിലും മികച്ച പ്രകടനം നടത്താൻ ബ്രസീലിനു കഴിയുമെന്നാണ് സ്‌കലോണി പറയുന്നത്.

“വിനീഷ്യസ് ജൂനിയറും നെയ്‌മറും പ്രതിഭാസങ്ങളായ രണ്ടു താരങ്ങളാണ്, അവരെ പ്രത്യേകം പരിഗണിക്കുകയും വേണം. എന്നാൽ അവരുടെ അഭാവത്തിലും അതിനു പകരക്കാരായ മറ്റു താരങ്ങളുണ്ടെന്ന കാര്യത്തിൽ സംശയമില്ല. അവർ ടോപ് ലെവലിൽ കളിക്കുന്ന, വേഗതയുള്ള, പ്രധാനപ്പെട്ട ടീമുകൾക്കൊപ്പം പരിചയസമ്പത്ത് നേടിയ യുവതാരങ്ങളാണ്. പരിശീലകൻ മറ്റു പല കാര്യങ്ങളും പദ്ധതിയിട്ടിട്ടുണ്ടാകും എന്നെനിക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.”

“അവർ ബ്രസീലാണ്, അതിനർത്ഥം എന്താണെന്നും എനിക്കറിയാം. കൊളംബിയക്കെതിരെ മികച്ചൊരു മത്സരമാണ് അവർ കളിച്ചത്. അവർ തോൽവി വഴങ്ങിയെന്നത് ശരി തന്നെയാണ്. എന്നാൽ ആ മത്സരം നോക്കുകയാണെങ്കിൽ അങ്ങിനെ കരുതാൻ കഴിയില്ല. എഴുപത്തിയാറാം മിനുട്ട് വരെയും അവർ ഗംഭീര പ്രകടനമാണ് നടത്തിയത്. മത്സരഫലം നമ്മൾക്ക് തെറ്റിധാരണയുണ്ടാക്കും, അവർ വളരെ ഉയർന്ന തലത്തിലാണെന്നാണ് ഞാൻ കരുതുന്നത്.” സ്‌കലോണി പറഞ്ഞു.

നെയ്‌മർ, വിനീഷ്യസ് തുടങ്ങിയ താരങ്ങൾ പുറത്താണെങ്കിലും മാർട്ടിനെല്ലി, റോഡ്രിഗോ തുടങ്ങിയ മികച്ച യുവതാരങ്ങൾ ബ്രസീൽ ടീമിനൊപ്പമുണ്ട്. അതിനു പുറമെ ടീനേജ് സെൻസേഷനായ എൻഡ്രിക്കും ടീമിൽ അവസരം ലഭിക്കുന്നതിനായി കാത്തിരിക്കുന്നു. ബ്രസീലിന്റെ മൈതാനത്ത് നടക്കുന്ന മത്സരം രണ്ടു വമ്പൻ ടീമുകൾ തമ്മിലുള്ള മികച്ച പോരാട്ടമാകുമെന്ന കാര്യത്തിൽ സംശയമില്ല.

Scaloni Says Brazil Stronger Even With Injury