മൂന്നു വർഷം കൊണ്ടാണ് ജപ്പാൻ ലോകകപ്പ് കളിച്ചത്, ഇന്ത്യക്കും അതു സാധ്യമാണെന്ന് ആഴ്‌സൻ വെങ്ങർ | Arsene Wenger

ഇന്ത്യൻ ഫുട്ബോളിനു വലിയൊരു പ്രതീക്ഷ നൽകിയാണ് ആഴ്‌സണലിന്റെ ഇതിഹാസ പരിശീലകനായ ആഴ്‌സൺ വെങ്ങർ രാജ്യത്തേക്ക് വന്നത്. ഫിഫയുടെ ടാലന്റ് പ്രോഗ്രാമുമായി സഹകരിച്ച് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഭുവനേശ്വറിൽ ആരംഭിക്കുന്ന ലോകോത്തര നിലവാരമുള്ള അക്കാദമിയുടെ ഉദ്ഘാടനത്തിനായി എത്തിയ വെങ്ങർ അതിനു പുറമെ ഇന്ത്യയും ഖത്തറും തമ്മിൽ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരം കാണാനുമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

ഇന്നലെ ഇന്ത്യയിൽ എത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്ക് വളരെയധികം പ്രതീക്ഷ നൽകുന്ന വാക്കുകളാണ് വെങ്ങറിൽ നിന്നുമുണ്ടായത്. ജപ്പാൻ വളരെ വേഗത്തിലാണ് ഫുട്ബോളിൽ വളർന്നു വന്നതെന്നു പറഞ്ഞ അദ്ദേഹം സമാനമായ രീതിയിൽ ഇന്ത്യക്കും വളരാൻ കഴിയുമെന്ന് പറഞ്ഞു. ജപ്പാൻ അതിനു വേണ്ടി തുടക്കമിടുമ്പോൾ കൂടെയുണ്ടായിരുന്ന താൻ ഇന്ത്യയുടെ വളർച്ചക്കും കൂടെ നിൽക്കുമെന്നും വ്യക്തമാക്കി.

“ഇന്ത്യ എന്നെ എല്ലായിപ്പോഴും ആകർഷിച്ചിരുന്നു. എന്റെ ലക്‌ഷ്യം ലോകത്ത് ഫുട്ബോൾ വളർത്തുക എന്നതാണ്. 140 കോടിയോളം ജനങ്ങളുള്ള ഒരു രാജ്യം ഫുട്ബോൾ ഭൂപടത്തിൽ ഇല്ലെന്നത് അസാധ്യമായ ഒരു കാര്യവുമാണ്. നിങ്ങൾക്ക് ഇവിടെ എന്തുചെയ്യാൻ കഴിയും എന്നതിനെക്കുറിച്ച് എനിക്ക് ശുഭാപ്‌തിവിശ്വാസം ഉണ്ടാക്കുന്ന ഒരുപാട് സംവിധാനങ്ങളും ഗുണങ്ങളും ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഇതിനുള്ള അവസരം ലഭിക്കുന്നത് വളരെയധികം സന്തോഷമുള്ള കാര്യമാണ്.”

“എന്റെ കൂടെയുള്ളവരുമായി ചേർന്നു നിന്നു കൊണ്ട് ഈ രാജ്യത്തെ ഫുട്ബോളിൽ വികസിപ്പിക്കാൻ സഹായിക്കുന്നതിന് ഞാൻ പ്രചോദിതനാണ്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത് സാധ്യമാണെന്ന് എനിക്ക് ബോധ്യമുണ്ട്. 1995ൽ ജപ്പാൻ അവരുടെ ഫുട്ബോൾ യാത്രക്ക് തുടക്കം കുറിക്കുമ്പോൾ ഞാൻ അവർക്കൊപ്പം ഉണ്ടായിരുന്നു. 1998ൽ അവർ ലോകകപ്പിൽ കളിച്ചു. അതിനാൽ ഇതെല്ലാം സാധ്യമായ കാര്യമാണ്, നിങ്ങൾ എല്ലാം നേരത്തെ തുടങ്ങണമെന്നു മാത്രം.” വെങ്ങർ പറഞ്ഞു.

ഫുട്ബോൾ സാങ്കേതികപരമായി സമീപിക്കേണ്ട ഒരു സ്പോർട്ട്സ് ആണെന്നും അതുകൊണ്ടു തന്നെ സാങ്കേതിക ഉയർത്താനാണ് ശ്രമിക്കേണ്ടത് എന്നുമാണ് വെങ്ങർ പറയുന്നത്. ചെറുപ്പം മുതൽ തന്നെ അത് ആരംഭിച്ചാൽ ബാക്കിയെല്ലാം പിന്നാലെ വരുമെന്നും അദ്ദേഹം വ്യക്തമാക്കി. വെങ്ങറുടെ വാക്കുകൾ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ഒരുപാട് പ്രതീക്ഷ നൽകുന്നതാണ്. സമീപഭാവിയിൽ തന്നെ ഇന്ത്യ ഫുട്ബോൾ കളിക്കുമെന്ന ഒരു പ്രതീക്ഷ അതിൽ നിന്നും ഉണ്ടാകുന്നുണ്ട്.

Arsene Wenger Ready To Help Indian Football