“ഒരിക്കലും മാപ്പില്ല, ടീമിൽ നിന്നും പുറത്താക്കണം”- സ്പെയിൻ പരിശീലകനെതിരെ രൂക്ഷവിമർശനവുമായി ആരാധകർ | Gavi

ഖത്തർ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ മൊറോക്കോയോട് അപ്രതീക്ഷിതമായ തോൽവി വഴങ്ങി സ്പെയിൻ പുറത്തായതിനു പിന്നാലെ പരിശീലകനായ ലൂയിസ് എൻറിക്വ സ്ഥാനമൊഴിഞ്ഞതിനു പകരക്കാരനായാണ് ജോസേ ലൂയിസ് ഡി ലാ ഫ്യൂവന്റെ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നത്. അതിനു ശേഷം നടന്ന പത്ത് മത്സരങ്ങളിൽ ഒമ്പതെണ്ണത്തിലും ടീമിനെ വിജയത്തിലേക്ക് നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. സ്കോട്ട്ലൻഡിനെതിരെ നടന്ന മത്സരത്തിൽ മാത്രമാണ് അവർ തോൽവി നേരിട്ടത്.

യൂറോ യോഗ്യത റൗണ്ടിലെ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനക്കാരായാണ് സ്പെയിൻ ടൂർണമെന്റിന് യോഗ്യത നേടിയിരിക്കുന്നത്. എന്നാൽ സ്പെയിനിന്റെ മികച്ച ഫോമിലും പരിശീലകനെതിരെ രൂക്ഷമായ വിമർശനമാണ് ആരാധകർ ഇപ്പോൾ ഉയർത്തുന്നത്. കഴിഞ്ഞ ദിവസം സ്പെയിനും ജോർജിയായും തമ്മിൽ നടന്ന മത്‌സരത്തിനിടെ ടീമിന്റെ മധ്യനിര താരമായ ഗാവിക്ക് പരിക്കേറ്റതാണ് ഈ വിമർശനങ്ങൾക്ക് കാരണം. മത്സരത്തിൽ സ്പെയിൻ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയം നേടിയിരുന്നു.

മത്സരത്തിന്റെ ഇരുപത്തിയാറാം മിനുട്ടിലാണ് ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട മധ്യനിര താരമായ ഗാവി പരിക്കേറ്റു പുറത്തു പോയത്. ഒരു ലോങ്ങ് പാസ് സ്വീകരിക്കാനുള്ള ശ്രമത്തിനിടെ പരിക്കേറ്റ താരം കരഞ്ഞു കൊണ്ടാണ് കളിക്കളം വിട്ടത്. പരിശോധനകളിൽ നിന്നും ഗുരുതരമായ പരിക്കാണ് താരത്തിന് സംഭവിച്ചിരിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. എട്ടു മാസത്തിലധികം സ്‌പാനിഷ്‌ താരത്തിന് പുറത്തിരിക്കേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഗാവിയുടെ പരിക്കിന്റെ വിവരങ്ങൾ പുറത്തു വന്നതോടെ കടുത്ത വിമർശനമാണ് സ്പെയിൻ പരിശീലകനെതിരെ ഉയരുന്നത്. കഴിഞ്ഞ മത്സരത്തിൽ കളിച്ച ഒൻപത് താരങ്ങളെ പുറത്തിരുത്തിയാണ് ഡി ലാ ഫ്യൂവന്റെ ജോർജിയ്ക്കെതിരെ ടീമിനെ ഇറക്കിയത്. എന്നാൽ ഗാവിക്ക് വിശ്രമം നൽകാൻ അദ്ദേഹം തയ്യാറായില്ല. ഇരുപത്തിയൊന്നാം മിനുട്ടിൽ ഗാവി ഒരു ടാക്കിളിനു വിധേയനായി ബുദ്ധിമുട്ടുകൾ കാണിച്ചപ്പോഴും അദ്ദേഹം താരത്തെ പിൻവലിക്കാൻ തയ്യാറായില്ല.

മത്സരത്തിന്റെ ഫലങ്ങൾ സ്പെയിൻ ദേശീയ ടീം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തതിനു കീഴിൽ രൂക്ഷമായ വിമർശനമാണ് പരിശീലകനെതിരെ ഉണ്ടാകുന്നത്. യുവതാരങ്ങലെ കൂടുതൽ പണിയെടുപ്പിച്ച് അവരുടെ ഫിറ്റ്നസ് ഇല്ലാതാക്കുന്ന സൈക്കോയാണ് അദ്ദേഹമെന്നാണ് ആരാധകർ ആരോപിക്കുന്നത്. പെഡ്രിക്ക് പരിക്ക് പറ്റിയതും അവർ ചൂണ്ടിക്കാണിക്കുന്നു. ഗാവിക്ക് യൂറോ കപ്പടക്കം നഷ്‌ടപ്പെടാനുള്ള സാധ്യതയുണ്ട് എന്നതാണ് സ്പെയിൻ ആരാധകർക്ക് രോഷം വർധിക്കാൻ കാരണമായത്. ബാഴ്‌സലോണയ്ക്ക് വേണ്ടിയും ഈ സീസണിൽ താരം കളിക്കില്ല.

Spain Fans Against Manager After Gavi Injury