ടീമിനെ തിരഞ്ഞെടുക്കുമ്പോൾ ഞാൻ ശ്രദ്ധിക്കുന്ന പ്രധാന കാര്യമിതാണ്, സ്‌കലോണിയുടെ വെളിപ്പെടുത്തൽ

നിരവധി വർഷങ്ങളുടെ കാത്തിരിപ്പവസാനിപ്പിച്ച് നേടിയ കഴിഞ്ഞ കോപ്പ അമേരിക്ക കിരീടം നിലനിർത്താൻ വേണ്ടി അർജന്റീന നാളെ കളിക്കളത്തിൽ ഇറങ്ങുകയാണ്. അമേരിക്കയിൽ വെച്ച് നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിലെ ആദ്യത്തെ മത്സരത്തിൽ അർജന്റീന കാനഡയെയാണ് നേരിടുന്നത്. കിരീടം നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയിൽ തന്നെയാണ് അർജന്റീന ഇറങ്ങുന്നത്.

ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം നേടി ഒന്നര വർഷം മാത്രം പിന്നിടുമ്പോഴാണ് അടുത്ത ടൂർണമെന്റ് എത്തുന്നത്. ലോകകപ്പ് നേടിയ ടീമിൽ നിന്നും പല മാറ്റങ്ങളോടെയാണ് അർജന്റീന കോപ്പ അമേരിക്ക ഇറങ്ങുന്നത്. മികച്ച ഫോമിലുള്ള ഡിബാലയെ അടക്കം പുറത്തിരുത്തി സ്‌കലോണി കഴിഞ്ഞ ദിവസം അതിന്റെ കാരണം വ്യക്തമാക്കി.

“ഞങ്ങൾ ഇതുവരെ നേടിയതെല്ലാം മനോഹരമായിരുന്നു. എന്നാൽ അതെല്ലാം കഴിഞ്ഞു പോയ കാലമാണ്. ഇപ്പോൾ എന്താണ് സംഭവിക്കുന്നതെന്നാണ് നമ്മൾ എല്ലായിപ്പോഴും ചിന്തിക്കേണ്ടത്. നിലവിൽ ഏറ്റവും മികച്ച ഫോമിൽ നിൽക്കുന്ന താരങ്ങളെയാണ് ഞാൻ ടീമിലുൾപ്പെടുത്തുക, ഞാൻ എല്ലായിപ്പോഴും ചെയ്യാറുള്ളത് അതു തന്നെയാണ്.”

“ഇപ്പോൾ എനിക്കൊപ്പം ഇരിക്കുന്ന പരഡെസ് ലോകകപ്പിനിടയിൽ പുറത്തിരിക്കേണ്ടി വന്നു, എന്നാൽ പിന്നീട് താരം തിരിച്ചു വരികയും ചെയ്‌തു. എല്ലായിപ്പോഴും അതങ്ങിനെ തന്നെയായിരിക്കും.” തന്റെ സെലക്ഷൻ തീരുമാനങ്ങളെക്കുറിച്ച് അർജന്റൈൻ പരിശീലകൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ വ്യക്തമാക്കി.

ടീമിൽ ആരുടേയും സ്ഥാനം ഉറപ്പുള്ളതല്ലെന്നും താരങ്ങൾ ഫോം നിലനിർത്തേണ്ടത് അനിവാര്യമാണെന്നും സ്‌കലോണിയുടെ വാക്കുകളിൽ നിന്നും വ്യക്തമാണ്. ടീം സെലെക്ഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും അദ്ദേഹം വ്യക്തമായ മറുപടി നൽകിയിട്ടുണ്ട്. ഇനി നിലവിലുള്ള ടീമിനെക്കൊണ്ട് മികച്ച പ്രകടനം നടത്തിക്കുകയെന്നത് മാത്രമാണ് അദ്ദേഹത്തിന് മുന്നിലുള്ള ചുമതല.