ഇതുവരെ അവസരം ലഭിക്കാത്തവർ അടുത്ത മത്സരത്തിൽ ഇറങ്ങും, പെറുവിനെതിരെ മാറ്റങ്ങളുണ്ടാകുമെന്ന് വ്യക്തമാക്കി സ്‌കലോണി

ചിലിക്കെതിരായ മത്സരത്തിൽ വിജയം നേടി കോപ്പ അമേരിക്കയുടെ ക്വാർട്ടർ ഫൈനലിലേക്ക് അർജന്റീന എത്തിയതോടെ പെറുവിനെതിരായ അടുത്ത മത്സരം ടീമിന് അപ്രധാനമാണ്. അതുകൊണ്ടു തന്നെ അടുത്ത മത്സരത്തിൽ അർജന്റീന ടീമിൽ നിരവധി മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്നാണ് മത്സരത്തിന് ശേഷം പരിശീലകനായ ലയണൽ സ്‌കലോണി പറഞ്ഞത്.

കാനഡക്കെതിരെ ഇറങ്ങിയ മത്സരത്തിൽ നിന്നും മൂന്നു മാറ്റങ്ങളുമായാണ് അർജന്റീന ചിലിയെ നേരിട്ടത്. ഡി മരിയ, അക്യൂന, ലിയാൻഡ്രോ പരഡെസ് എന്നിവർ പുറത്തിരുന്നപ്പോൾ അവർക്ക് പകരം നിക്കോ ഗോൺസാലസ്, ടാഗ്ലിയാഫികോ, എൻസോ ഫെർണാണ്ടസ് എന്നിവർ കളത്തിലിറങ്ങി. പകരക്കാരനായിറങ്ങിയ ലൗടാരോയാണ് അർജന്റീനയുടെ വിജയഗോൾ നേടിയത്.

ചിലിക്കെതിരെ പരിക്കിന്റെ ലക്ഷണങ്ങൾ കാണിച്ച ലയണൽ മെസി കളിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. അതിനു പുറമെ വെറ്ററൻ താരമായ ഏഞ്ചൽ ഡി മരിയയും ഇറങ്ങാനുള്ള സാധ്യതയില്ല. കഴിഞ്ഞ മത്സരങ്ങളിൽ അവസരം ലഭിക്കാത്തവർക്കും കുറവ് മിനുട്ടുകൾ ലഭിച്ചവർക്കും അവസരം നൽകുമെന്നാണ് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ സ്‌കലോണി പറഞ്ഞത്.

ലൗടാരോ മാർട്ടിനസ് ആദ്യ ഇലവനിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഇതിൽ നിന്നും വ്യക്തമാണ്. നിലവിൽ കോപ്പ അമേരിക്കയിൽ ടോപ് സ്കോററായി നിൽക്കുന്ന താരത്തിന് ഗോളുകളുടെ എണ്ണം വർധിപ്പിക്കാൻ ഇതൊരു അവസരമാണ്. അതിനു പുറമെ അവസരങ്ങൾ ലഭിക്കാതെ പുറത്തിരിക്കുന്ന നിരവധി യുവതാരങ്ങൾക്കും സ്‌കലോണി അവസരം നൽകിയേക്കും.

ലോകകപ്പ് വിജയത്തിൽ നിർണായക പങ്കു വഹിച്ച ഓട്ടമെൻഡിക്കും അടുത്ത മത്സരത്തിൽ അവസരം ലഭിക്കും. അലസാൻഡ്രോ ഗർനാച്ചോ, വാലന്റൈൻ കാർബോണി എന്നിങ്ങനെ കഴിവ് തെളിയിക്കാൻ കാത്തിരിക്കുന്ന നിരവധി യുവതാരങ്ങൾക്ക് അതിനുള്ള വലിയൊരു അവസരമായി മത്സരം മാറുമെന്നതിനാൽ ആരാധകർക്കും അതൊരു വിരുന്നായിരിക്കും.