
അർജന്റീന താരത്തിന്റെ മിന്നും പ്രകടനം സെവിയ്യയെ രക്ഷിച്ചു, യൂറോപ്പയിൽ സെവിയ്യ-റോമ ഫൈനൽ | Europa League
ചാമ്പ്യൻസ് ലീഗിനു പിന്നാലെ യൂറോപ്പ ലീഗിലും അർജന്റീന താരങ്ങളുടെ സാന്നിധ്യമുള്ള ടീമുകൾ ഫൈനലിൽ. കഴിഞ്ഞ ദിവസം നടന്ന സെമി ഫൈനൽ മത്സരത്തിൽ ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിനെ നിരവധി യൂറോപ്പ ലീഗ് കിരീടങ്ങൾ നേടിയിട്ടുള്ള സെവിയ്യ കീഴടക്കിയപ്പോൾ മറ്റൊരു മത്സരത്തിൽ ഇറ്റാലിയൻ ക്ലബായ റോമ ജർമൻ ക്ലബായ ബയേർ ലെവർകൂസനുമായി സമനില നേടിയെടുത്ത് ഫൈനലിലേക്ക് മുന്നേറി.
യുവന്റസിന്റെ മൈതാനത്തു നടന്ന ആദ്യപാദ മത്സരം രണ്ടു ടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ പിരിയുകയായിരുന്നു. രണ്ടാംപാദ മത്സരത്തിൽ ദുസൺ വ്ലാഹോവിച്ചിന്റെ ഗോളിൽ യുവന്റസാണ് മുന്നിലെത്തിയതെങ്കിലും സ്വന്തം മൈതാനത്ത് തോൽക്കാൻ സെവിയ്യ തയ്യാറായിരുന്നില്ല. രണ്ടാം പകുതിയിൽ സുസോ നേടിയ കിടിലൻ ഗോളിൽ സെവിയ്യ ഒപ്പമെത്തി രണ്ടു ടീമുകളും സമനിലയിൽ പിറഞ്ഞതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു.
— UEFA Europa League (@EuropaLeague) May 18, 2023
Suso's strike, Vlahović chip or Lamela's header…
Which was the best goal?@Heineken || #UELGOTW || #UEL
സുസോ നേടിയ ഗോളിന് വഴിയൊരുക്കിയത് എഴുപതാം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ എറിക് ലമേല ആയിരുന്നു. എക്സ്ട്രാ ടൈം ആരംഭിച്ച് അഞ്ചു മിനിറ്റിനകം താരം ഹെഡറിലൂടെ സേവിയ്യയെ മുന്നിലെത്തിച്ചു. അതിനു ശേഷം ലീഡ് നിലനിർത്താനുള്ള സെവിയ്യയുടെ പോരാട്ടമായിരുന്നു. അതിനിടയിൽ അർജന്റീന താരം അക്യൂന ചുവപ്പുകാർഡ് നേടി പുറത്തായത് തിരിച്ചടിയാകുമെന്ന് തോന്നിച്ചെങ്കിലും ഒരു ഗോൾ ലീഡിൽ കടിച്ചു തൂങ്ങാൻ സെവിയ്യക്ക് കഴിഞ്ഞു.
അതേസമയം മൗറീന്യോ പരിശീലകനായ റോമയും ഒരു ഗോളിൽ കടിച്ചു തൂങ്ങിയാണ് ഫൈനലിൽ എത്തിയത്. സ്വന്തം മൈതാനത്ത് നടന്ന ആദ്യപാദ മത്സരത്തിൽ ഒരു ഗോളിന്റെ വിജയം നേടിയ റോമ ഇന്നലെ നടന്ന മത്സരത്തിൽ സാബി അലോൺസോ പരിശീലകനായ ബയേർ ലെവർകൂസനെ ഗോളടിക്കാൻ സമ്മതിക്കാതെ വരിഞ്ഞു മുറുക്കുകയായിരുന്നു. തൊണ്ണൂറു മിനുട്ടിലും അവരതിൽ വിജയിച്ചതോടെ റോമ തുടർച്ചയായ രണ്ടാമത്തെ യൂറോപ്യൻ ഫൈനലിൽ എത്തി.
കഴിഞ്ഞ സീസണിൽ കോൺഫറൻസ് ലീഗ് കിരീടം സ്വന്തമാക്കിയ റോമയെ സംബന്ധിച്ച് തുടർച്ചയായ രണ്ടാമത്തെ വർഷവും യൂറോപ്യൻ കിരീടം നേടാനുള്ള അവസരമാണ് വന്നിരിക്കുന്നത്. അതേസമയം ഈ സീസണിൽ ഒരു കിരീടം പോലും നേടിയിട്ടില്ലാത്ത സെവിയ്യ യൂറോപ്പ ലീഗിലെ രാജാക്കന്മാരായി അറിയപ്പെടുന്ന ടീമാണ്. കിരീടവിജയം രണ്ടു ടീമുകൾക്കും ചാമ്പ്യൻസ് ലീഗ് യോഗ്യതയിലേക്കുള്ള വാതിൽ കൂടിയാണ്.
Sevilla And Roma Reached Europa League Final