കരിയർ കഴിഞ്ഞുവെന്ന് പലരും പറയുന്ന സമയത്ത് മെസി ലോകകപ്പ് നേടി, ഇനിയും കിരീടങ്ങൾ നേടുമെന്ന് ടാപ്പിയ | Lionel Messi

ലയണൽ മെസി തന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ഖത്തർ ലോകകപ്പിലൂടെയാണ്. ചെറുപ്പം മുതൽ വലിയൊരു ആഗ്രഹമായി കൊണ്ടുനടന്ന ലോകകപ്പെന്ന സ്വപ്‌നം ഖത്തറിൽ ഫ്രാൻസിനെ തോൽപ്പിച്ച് അർജന്റീന കിരീടം നേടിയതോടെ സഫലമായി. ടീമിനെ മുന്നിൽ നിന്നും നയിച്ച ലയണൽ മെസി ഗ്രൂപ്പ് ഘട്ടം മുതലുള്ള എല്ലാ മത്സരങ്ങളിലും ഗോൾ നേടി ടൂർണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം കൂടി ഖത്തർ ലോകകപ്പിൽ സ്വന്തമാക്കിയിരുന്നു.

ലയണൽ മെസിയെയും അർജന്റീനയെയും സംബന്ധിച്ച് ദേശീയ ടീമിനൊപ്പം സാധ്യമായ എല്ലാ കിരീടങ്ങളും ലോകകപ്പ് നേട്ടത്തോടെ സ്വന്തമായി. രണ്ടു വർഷത്തിനിടയിൽ കോപ്പ അമേരിക്ക, ഫൈനലിസിമ എന്നീ കിരീടങ്ങൾ നേടിയതിനു പിന്നാലെയാണ് അർജന്റീന ലോകകപ്പും ഉയർത്തിയത്. മുപ്പത്തിയാറു വയസിലേക്ക് നീങ്ങുന്ന ലയണൽ മെസി എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയെങ്കിലും ഇവിടം കൊണ്ട് ഒന്നും അവസാനിക്കില്ലെന്നാണ് അർജന്റീന എഫ്എ പ്രസിഡന്റ് ക്ലൗഡിയോ ടാപ്പിയ പറയുന്നത്.

“ലയണൽ മെസിയുടെ ഏറ്റവും മികച്ച രൂപമാണ് ഖത്തർ ലോകകപ്പിൽ നമുക്ക് ലഭിച്ചത്, ഓരോ മത്സരത്തിലും താരം കൂടുതൽ മെച്ചപ്പെട്ട പ്രകടനമാണ് നടത്തിയത്. ‘കരിയറിലെ എന്റെ സമയമെല്ലാം കഴിഞ്ഞു’ എന്നു പല താരങ്ങളും പറയുന്ന സമയത്താണ് ലയണൽ മെസി അർജന്റീനക്കൊപ്പം ലോകകപ്പ് കിരീടം ഉയർത്തിയത്.” അർജന്റീനയുടെ കുതിപ്പിനു പിന്നിലെ പ്രധാനിയായ പ്രസിഡന്റ് ടാപ്പിയ ഒലെയോട് സംസാരിക്കുമ്പോൾ പറഞ്ഞു.

“ഫുട്ബോളിൽ ഇങ്ങിനെ കുറെ കാര്യങ്ങളുണ്ട്, ഈ കിരീടം നേടാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് വളരെയധികം സന്തോഷവുമുണ്ട്. ഞങ്ങളുടെ കൂടെ ലയണൽ മെസി ഇനിയും തുടരും. അടുത്ത വർഷത്തെ കോപ്പ അമേരിക്ക ഞങ്ങൾക്ക് മുന്നിലുണ്ട്, ഇനിയും കിരീടങ്ങൾ നേടുന്നത് തുടർന്നു കൊണ്ടിരിക്കണം.” ലയണൽ മെസിയുടെ അർജന്റീന ടീമിലെ ഭാവിയെക്കുറിച്ച് ടാപ്പിയ പറഞ്ഞു.

അടുത്ത വർഷം നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ പരിക്കിന്റെ പ്രശ്‌നങ്ങൾ ഇല്ലെങ്കിൽ ലയണൽ മെസി കളിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ലയണൽ മെസിക്കു പുറമെ ഡി മരിയ, ഒട്ടമെന്റി തുടങ്ങിയ വെറ്ററൻ താരങ്ങളും കോപ്പ അമേരിക്കയിൽ കളിക്കാൻ ലക്‌ഷ്യം വെക്കുന്നുണ്ട്. മെസി അടുത്ത ലോകകപ്പിൽ കളിക്കുമോയെന്ന സംശയമാണ് ഇപ്പോൾ ആരാധകർക്കുള്ളത്.

Tapia Backs Lionel Messi And Argentina To Continue Win Titles