കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഹൃദയം തകർത്ത താരത്തെ സ്വന്തമാക്കാൻ ക്ലബിന്റെ നീക്കം | Kerala Blasters

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങൾ കണ്ട ഏതൊരു ആരാധകനും മറക്കാൻ കഴിയാത്ത പേരായിരിക്കും ദിമിത്രി പെട്രാറ്റോസിന്റേത്. സീസണിലെ ആദ്യത്തെ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ മൂന്നു മത്സരങ്ങൾക്ക് കീഴടക്കിയതിന്റെ ആത്മവിശ്വാസവുമായി കൊച്ചിയിൽ ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ് ടീമിനെ നിലം തൊടാതെ പറപ്പിച്ച് ഹാട്രിക്ക് നേട്ടമാണ് പെട്രാറ്റോസ് നേടിയത്. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് അന്നത്തെ മത്സരം തോറ്റത്.

മോഹൻ ബാഗാൻ താരമായ പെട്രാറ്റോസിനെ അടുത്ത സീസണിൽ സ്വന്തമാക്കാനുള്ള നീക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചുവെന്ന വാർത്തകൾ ഇപ്പോൾ പുറത്തു വരുന്നുണ്ട്. ടീമിലേക്കുള്ള ഏഷ്യൻ താരമെന്ന നിലക്കുള്ള സൈനിങായാണ് ബ്ലാസ്റ്റേഴ്‌സ് ഓസ്‌ട്രേലിയൻ താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. എന്നാൽ മോഹൻ ബഗാനു താരത്തെ വിട്ടുകൊടുക്കാൻ താൽപര്യമില്ലാത്തതിനാൽ തന്നെ ട്രാൻസ്‌ഫർ നടക്കാനുള്ള സാധ്യത വളരെ കുറവാണ്.

കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സ് അപ്രതീക്ഷിതമായി ഒരു സൈനിങ്‌ പ്രഖ്യാപനം നടത്തിയിരുന്നു. ഓസ്‌ട്രേലിയൻ ലീഗിൽ ന്യൂകാസിൽ ജെറ്റ്സിനു വേണ്ടി കളിച്ചിരുന്ന ജോഷുവ സോട്ടിറിയോയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. വിദേശതാരങ്ങളെ ഇനിയും ക്ലബിന് സ്വന്തമാക്കാമെന്നിരിക്കെയാണ് പെട്രാറ്റോസുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പുറത്തു വരുന്നത്. താരത്തിന്റെ ട്രാൻസ്‌ഫർ ഫീസ് നൽകാൻ കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാറാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളാണ് പെട്രാറ്റോസ്. ഓസ്‌ട്രേലിയയിലെ വിവിധ ക്ലബുകളിലും കൊറിയൻ ലീഗിലും സൗദി ലീഗിലും കളിച്ചിട്ടുള്ള താരം കഴിഞ്ഞ സീസണിന്റെ തുടക്കത്തിലാണ് ക്ലബ്ബിലേക്ക് ചേക്കേറുന്നത്. മോഹൻ ബഗാനു വേണ്ടി സീസണിൽ പന്ത്രണ്ടു ഗോളുകൾ നേടിയ താരം ലീഗിലെ ടോപ് സ്‌കോറർ കൂടിയാണ്. കഴിഞ്ഞ സീസണിൽ 12 ഗോളുകൾ നേടിയ പെട്രാറ്റോസും 10 ഗോളുകൾ നേടിയ ദിമിയും ഒരുമിച്ചാൽ അതു ടീമിന് ഗുണം തന്നെയാണ്.

Kerala Blasters Trying To Bring Dimitri Petratos From Mohun Bagan Super Giants