കേരള ബ്ലാസ്റ്റേഴ്‌സിലെ എമിലിയാനോ മാർട്ടിനസ്, അവസാനനിമിഷത്തിൽ രക്ഷകനായി സോം കുമാർ

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആവേശം നൽകിയാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ മൊഹമ്മദൻസിനെതിരായ മത്സരം പൂർത്തിയായത്. ഒരു മണിക്കൂറിലധികം ഒരു ഗോളിന് പിന്നിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് അതിനു ശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് എതിരാളികളുടെ മൈതാനത്ത് വിജയം നേടിയത്.

മത്സരം അര മണിക്കൂർ പിന്നിടുമ്പോൾ തന്നെ മുഹമ്മദൻസ് ഒരു ഗോളിന് മുന്നിലെത്തിയിരുന്നു. മൊഹമ്മദൻ താരത്തെ തടുക്കാൻ സോം കുമാർ ശ്രമിച്ചത് ഒരു ഫൗളിൽ കലാശിക്കുകയും റഫറി അതിനു പെനാൽറ്റി നൽകുകയും ചെയ്‌തു. കിക്കെടുത്ത കാസിമോവ് അത് വലയിലെത്തിച്ച് ലീഡ് നൽകി.

താൻ വരുത്തിയ ആ പിഴവിന് അവസാന നിമിഷത്തിൽ സോം കുമാർ പ്രായശ്ചിത്തം ചെയ്‌തു. മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മുന്നിൽ നിൽക്കെ മൊഹമ്മദൻസിനു ഒരു സുവർണാവസരം ലഭിച്ചത് രക്ഷപ്പെടുത്തിയാണ് സോം കുമാർ ടീമിന്റെ രക്ഷകനായത്.

മത്സരം തീരാൻ നിമിഷങ്ങൾ മാത്രം മൊഹമ്മദൻസ് താരമായ ഫനായ്ക്ക് ബോക്‌സിൽ പന്ത് ലഭിക്കുമ്പോൾ സോം കുമാർ മാത്രമാണ് മുന്നിലുണ്ടായിരുന്നത്. ഗോളിയുടെ കാലിനിടയിലൂടെ ഗോൾ നേടാനുള്ള ഫനായുടെ ശ്രമം ലോകകപ്പ് ഫൈനലിൽ എമി മാർട്ടിനസ് നടത്തിയ സേവിനെ ഓർമിപ്പിക്കുന്ന രീതിയിൽ സോം കുമാർ തടഞ്ഞിട്ടു.

മത്സരത്തിൽ ആദ്യം ഒരു പിഴവ് വരുത്തിയത് ഒഴിച്ച് നിർത്തിയാൽ മികച്ച പ്രകടനം നടത്താൻ സോം കുമാറിന് കഴിഞ്ഞിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർമാർ പിഴവുകൾ തുടർച്ചയായി വരുത്തുന്നത് ടീമിന് ആശങ്ക നൽകുന്ന കാര്യമാണെന്നതിൽ സംശയമില്ല.