എന്നെ നിങ്ങൾ വിശ്വസിക്കൂ, നാല് വർഷത്തിനുള്ളിൽ ഇന്ത്യയെ ടോപ് 10 ടീമാക്കി മാറ്റുമെന്ന് സ്റ്റിമാച്ച് | Stimac

ഇന്ത്യൻ ഫുട്ബോൾ വലിയ രീതിയിലുള്ള മാറ്റം പ്രകടമാക്കിയ വർഷമാണിത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരവോടെ പടിപടിയായി ഇന്ത്യൻ ഫുട്ബോളിനു സംഭവിച്ച വളർച്ച പ്രകടമാക്കി ഈ വർഷം കളിച്ച മൂന്നു ടൂർണ്ണമെന്റിലും ഇന്ത്യ കിരീടം സ്വന്തമാക്കി. മനോഹരമായ ഫുട്ബോൾ കളിച്ച് ടൂർണമെന്റുകളിൽ വിജയം നേടിയതോടെ റാങ്കിങ്ങിൽ ആദ്യ നൂറു സ്ഥാനങ്ങൾക്കുള്ളിലേക്ക് വരാനും ഇന്ത്യൻ ഫുട്ബോൾ ടീമിന് കഴിഞ്ഞു.

ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചക്ക് പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന്റെ ഇടപെടൽ വളരെ വലിയ പങ്കു വഹിച്ചിട്ടുണ്ട്. നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയെങ്കിലും പതറാതെ ടീമിനൊപ്പം തുടർന്ന അദ്ദേഹത്തിനു കീഴിൽ ഇന്ത്യ മുന്നേറുന്നുണ്ടെന്നത് തീർച്ചയാണ്. ഇപ്പോൾ ആരാധകരാൽ പ്രശംസിക്കപ്പെടുന്ന അദ്ദേഹം കഴിഞ്ഞ ദിവസം ഏഷ്യയിലെ ടോപ് 10 ടീമാക്കി നാല് വർഷത്തിനുള്ളിൽ ഇന്ത്യയെ മാറ്റുമെന്നും പറഞ്ഞു.

“നാല് വർഷത്തിനുളളിൽ ഇന്ത്യയെ ഫിഫ റാങ്കിങ്ങിൽ ടോപ് 80 ടീമുകളിലൊന്നായും ഏഷ്യൻ റാങ്കിങ്ങിൽ ടോപ് 10 റാങ്കിങിലേക്കും എനിക്ക് നയിക്കാൻ കഴിയും.പക്ഷെ നിങ്ങളെന്നെ വിശ്വസിച്ചേ മതിയാകൂ. അതല്ലെങ്കിൽ നമുക്ക് നല്ല സുഹൃത്തുക്കളായി തന്നെ പിരിയാം.” 2023 ഏഷ്യൻ കപ്പോടെ കരാർ അവസാനിക്കുന്ന സ്റ്റിമാച്ച് അത് പുതുക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കരാർ പുതുക്കാനുള്ള താൽപര്യം അദ്ദേഹം വ്യക്തമാക്കുക കൂടിയാണ് ചെയ്‌തിരിക്കുന്നത്‌.

സ്റ്റിമാച്ചിനെ ലക്‌ഷ്യം കൃത്യമായി നടപ്പിലായാൽ അടുത്ത ലോകകപ്പിൽ തന്നെ ഇന്ത്യ കളിക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. അടുത്ത ലോകകപ്പ് മുതൽ ടീമുകളുടെ എണ്ണം വർധിക്കുമെന്നിരിക്കെ ഏഷ്യയിൽ നിന്നും കൂടുതൽ ടീമുകൾക്ക് യോഗ്യത ലഭിക്കും. നിലവിൽ ഏഷ്യൻ റാങ്കിങ്ങിൽ പതിനെട്ടാം സ്ഥാനത്തു നിൽക്കുന്ന ഇന്ത്യ തങ്ങളുടെ പോരാട്ടവീര്യം മുഴുവൻ പുറത്തെടുത്താൽ അത്ഭുതങ്ങൾ സംഭവിച്ചേക്കാം.

Igor Stimac Promises To Take India To Top 80