റൊണാൾഡോ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കുമോ, സാധ്യതകൾ തെളിയുന്നു | Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിൽ എത്തിയത് മുതൽ കേരളത്തിലെ ആരാധകർ ചർച്ച ചെയ്യുന്ന പ്രധാനപ്പെട്ടൊരു കാര്യമാണ് താരം കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കാനുള്ള സാധ്യതയുണ്ടോ എന്ന്. എഎഫ്‌സി ചാമ്പ്യൻസ് ലീഗ്, എഎഫ്‌സി കപ്പ് എന്നീ ടൂർണമെന്റുകൾ ഉള്ളതിനാൽ തന്നെ അതിനുള്ള സാധ്യതയില്ലെന്ന് തള്ളിക്കളയാൻ കഴിയില്ല. എന്നാൽ അതിനെല്ലാം മുൻപേ തന്നെ റൊണാൾഡോ ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കാനുള്ള വഴി തെളിയുന്നുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് വരാനിരിക്കുന്ന സീസണിന് മുന്നോടിയായി പ്രീ സീസൺ മത്സരങ്ങൾ കളിക്കുന്നുണ്ട്. നേരത്തെ യുഎഇയിൽ വെച്ചാണ് പ്രീ സീസൺ മത്സരങ്ങൾ തീരുമാനിച്ചിരുന്നതെങ്കിലും അത് സൗദി അറേബ്യയിലേക്ക് മാറ്റുമെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ പറയുന്നത്. 2022-23 സീസണിലെ സന്തോഷ് ട്രോഫി അവസാനഘട്ട മത്സരങ്ങൾ സൗദിയിൽ വെച്ച് നടന്നപ്പോൾ കേരളത്തിന് ലഭിച്ച ആരാധകപിന്തുണയാണ് വീണ്ടും അവിടെ മത്സരങ്ങൾ നടത്താനുള്ള സാധ്യത സൃഷ്‌ടിച്ചത്‌.

ടൂർണമെന്റിന്റെ സംഘാടകരായ H16 സ്പോർട്ട്സിൽ നിന്നും ലഭ്യമായ വിവരങ്ങൾ പ്രകാരം ചില സൗദി അറേബ്യൻ ക്ലബുകൾക്ക് കേരള ബ്ലാസ്റ്റേഴ്‌സുമായി സൗഹൃദമത്സരം കളിക്കാൻ ആഗ്രഹമുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സിനും കേരളത്തിനും സൗദി അറേബ്യയിൽ ലഭിക്കുന്ന ആരാധകപിന്തുണ തന്നെയാണ് അതിനു കാരണം. അതിന്റെ ചുവടുപിടിച്ച് സൗദി പ്രൊ ലീഗിലെ ക്ലബുകളുമായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൗഹൃദമത്സരം നടത്താനാണ് അവർ ശ്രമം നടത്തുന്നത്.

സൗദി പ്രൊ ലീഗിലെ ക്ലബുകൾക്ക് സൗഹൃദമത്സരം കളിക്കാനുള്ള താൽപര്യം കാണിച്ച് H16 ഇ മെയിൽ അയച്ചിട്ടുണ്ട്. ഇതുവരെ സൗദി ക്ലബുകളൊന്നും അതിനോട് പ്രതികരണം അറിയിച്ചിട്ടില്ലെങ്കിലും അത് സംഭവിക്കില്ലെന്ന് പറയാൻ കഴിയില്ല. നിലവിൽ സൗദി പ്രൊ ലീഗ് ക്ലബുകളിലേക്ക് യൂറോപ്പിൽ നിന്നും നിരവധി താരങ്ങൾ ചേക്കേറുന്നതിനാൽ ഏതു ക്ലബുമായി സൗഹൃദമത്സരം നടത്താൻ കഴിഞ്ഞാലും അത് കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് വലിയൊരു നേട്ടം തന്നെയായിരിക്കും.

Cristiano Ronaldo Might Face Kerala Blasters In Friendly