“തെറ്റ് സംഭവിച്ചാൽ കൈകൾ ഉയർത്തി ക്ഷമ ചോദിക്കണം, നല്ലൊരു മാതൃകയായി തുടരണം”- സുനിൽ ഛേത്രി | Sunil Chhetri

ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളെ എടുത്താൽ അതിൽ മുൻപന്തിയിൽ ഉണ്ടാകുന്ന പേരാണ് സുനിൽ ഛേത്രി. നിരവധി വർഷങ്ങളായി ടീമിന്റെ പ്രധാന സ്‌ട്രൈക്കറായി തുടരുന്ന താരം നിലവിൽ കളിച്ചു കൊണ്ടിരിക്കുന്ന താരങ്ങളിൽ ഇന്റർനാഷണൽ തലത്തിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരം കൂടിയാണ്. കഴിഞ്ഞ ദിവസം ഒരു നായകനായകനായതിനു ശേഷം തനിക്ക് വന്ന മാറ്റങ്ങളെ കുറിച്ച് ബെംഗളൂരു താരം സംസാരിക്കുകയുണ്ടായി.

“ആദ്യം എന്നെക്കുറിച്ചാണ് ഞാൻ കൂടുതലും ചിന്തിച്ചിരുന്നത്, മത്സരത്തിന് ശേഷം കൈകൾ ഉയർത്തി വീട്ടിലേക്ക് പോകും. എന്നാലിപ്പോൾ ഞാൻ എന്നെക്കുറിച്ചും ടീമിനെ കുറിച്ചും ചിന്തിക്കും, മൈതാനത്തും പുറത്തും അങ്ങിനെയാണ്. നേരത്തെ അതുപോലെ ചിന്തിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. മൈതാനത്തും അതിനു പുറത്തും നല്ലൊരു മാതൃകയാവുക എന്നതാണ് പ്രധാനപ്പെട്ട കാര്യം.” ലെറ്റ് ദേർ ബി സ്പോർട്ടിന്റെ ഒരു എപ്പിസോഡിൽ സുനിൽ ഛേത്രി പറഞ്ഞു.

“ഏറ്റവും പ്രധാനപ്പെട്ട കാര്യം ഒരു തെറ്റ് സംഭവിക്കുമ്പോൾ കൈകൾ ഉയർത്തി അതിനു ക്ഷമ ചോദിക്കുക എന്നതാണ്. കൂടുതൽ ഉത്തരവാദിത്വങ്ങൾ വന്ന് ഒരു സീനിയർ താരമാകുമ്പോൾ എനിക്ക് തെറ്റു പറ്റിയെന്നു പറയാൻ ബുദ്ധിമുട്ടായിരിക്കും. ഞാൻ നായകനായിരിക്കെ പഠിച്ചത് അതൊക്കെയാണ്. തെറ്റുകൾ ആർക്ക് വേണമെങ്കിലും സംഭവിക്കാം. നായകൻ തന്നെ തെറ്റുകൾ ഏറ്റെടുത്താൽ ടീമിന്റെ മനോവീര്യത്തിൽ വലിയ മാറ്റങ്ങൾ വരിക തന്നെ ചെയ്യും.” ഛേത്രി പറഞ്ഞു.

ഇന്ത്യക്കും ബെംഗളൂരുവിനും വേണ്ടി നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും തന്നെ താനാക്കി മാറ്റിയത് തോൽവികൾ ആണെന്നു കൂടി ഛേത്രി പറഞ്ഞു. നഷ്‌ടങ്ങൾ ഉണ്ടാകുമെന്ന പാഠം ഫുട്ബോളിൽ നിന്നും താൻ മനസിലാക്കിയെന്നും അതൊരു വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ മുപ്പത്തിയെട്ടു വയസുള്ള ഛേത്രി അടുത്ത വർഷം നടക്കാനിരിക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പോടെ ഇന്ത്യൻ ടീമിൽ നിന്നും വിരമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Sunil Chhetri Talks About How Being A Captain