ഏഷ്യയിലെ ഏറ്റവും മികച്ച ഫാൻസ്‌, ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പ്രശംസിച്ച് ക്ലബിന്റെ പുതിയ സൈനിങ്‌ | Kerala Blasters

ഒരു സൂചനയും തരാതെ ആരാധകരെ ഞെട്ടിക്കുന്ന ഒരു സൈനിങ്‌ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് നടത്തിയിരിക്കുകയാണ്. അടുത്ത സീസൺ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ നേരത്തെ തന്നെ തുടങ്ങിയെന്നു വ്യക്തമാക്കിയ ബ്ലാസ്റ്റേഴ്‌സ് ഓസ്‌ട്രേലിയൻ വിങ്ങറായ ജോഷുവ സൊറ്റിരിയോയെ സ്വന്തമാക്കിയ വിവരം ഇന്ന് രാവിലെ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയൻ ക്ലബായ ന്യൂകാസിൽ ജെറ്റ്സിൽ നിന്നും രണ്ടു വർഷത്തെ കരാറിലാണ് ഇരുപത്തിയേഴുകാരനായ താരം ടീമിലെത്തിയിരിക്കുന്നത്.

ജോഷുവ ഇന്ത്യയിലേക്ക് ആദ്യമായി കളിക്കാനായി വരികയാണെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ കുറിച്ച് അദ്ദേഹത്തിനു കൃത്യമായ ധാരണയുണ്ട്. “കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് ഏഷ്യയിലെ തന്നെ ഏറ്റവും ഊർജ്ജസ്വലമായ ഫാൻബേസും ഫുട്ബോൾ സംസ്‌കാരവും ഉണ്ടെന്നാണ് എനിക്ക് മനസിലായത്. അവരെ പ്രതിനിധീകരിച്ച് കളിക്കാൻ കഴിയുകയെന്നത് എനിക്കൊരു ബഹുമതിയാണ്, ഞാൻ ടീമിനായി സർവവും നൽകും.” താരം പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സ്പോർട്ടിങ് ഡയറക്റ്ററായ കരോലിസ് സ്‌കിന്കിസ് ഓസ്‌ട്രേലിയൻ താരത്തെക്കുറിച്ചും സംസാരിക്കുകയുണ്ടായി. “ടീമിന് ആവേശം നൽകുന്ന ഒരു കൂട്ടിച്ചേർക്കലാണ് ജോഷുവ. താരത്തിന്റെ കേളീശൈലി ബ്ലാസ്റ്റേഴ്‌സിന്റെ ശൈലിയും ബ്രാൻഡുമായി ഒത്തുപോകുന്നതാണ്. ജോഷുവയുടെ കഴിവും പരിചയസമ്പത്തും ബ്ലാസ്റ്റേഴ്‌സ് ടീമിന് കൂടുതൽ ഓപ്‌ഷൻസ് അടുത്ത സീസണിൽ നൽകും.” അദ്ദേഹം പറഞ്ഞു.

ഓസ്‌ട്രേലിയൻ ലീഗിൽ മിന്നിത്തിളങ്ങുന്ന പ്രകടനം നടത്തിയിട്ടുള്ള ഒരു താരമല്ല ജോഷുവ. എന്നാൽ മുന്നേറ്റനിരയിൽ ദിമിയെപ്പോലെ ഗോളുകൾ അടിച്ചു കൂട്ടാൻ കഴിവുള്ള ഒരു താരമുള്ളപ്പോൾ അതിന് അവസരങ്ങൾ ഒരുക്കി നൽകാൻ കഴിയുന്ന കളിക്കാരനാണ് ജോഷുവ. തനിക്ക് ലഭിച്ച താരങ്ങളെ കൃത്യമായി ടീമിനോട് ചേർത്ത് വെച്ച് മികച്ച പ്രകടനം നടത്തിക്കാൻ കഴിയുന്ന ഇവാൻ വുകോമനോവിച്ചിന്റെ സാന്നിധ്യവും ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷയാണ്.

Jaushua Sotirio Praise Kerala Blasters Fans As Best In Asia