ബാഴ്‌സലോണയുടെ പ്രതീക്ഷകൾ വാനോളമെത്തി, ആരാധകർക്ക് ആവേശമായി പുതിയ വെളിപ്പെടുത്തൽ | Lionel Messi

ഈ സീസൺ അവസാനിക്കുമ്പോൾ ഫുട്ബോൾ ലോകം മുഴുവൻ ചർച്ച ചെയ്യാൻ പോകുന്നത് ലയണൽ മെസിയുടെ ട്രാൻസ്‌ഫറിനെ കുറിച്ചായിരിക്കും. ജൂണിൽ പിഎസ്‌ജി കരാർ അവസാനിക്കുന്ന ലയണൽ മെസി അത് പുതുക്കാതെ ബാഴ്‌സലോണ തനിക്കായി ഓഫർ നൽകുന്നത് കാത്തിരിക്കുകയാണ്. ബാഴ്‌സയാണെങ്കിൽ ലയണൽ മെസിയെ സ്വന്തമാക്കാനുള്ള പദ്ധതി തയ്യാറാക്കി അതിനു ലാ ലീഗയുടെ അനുമതി ലഭിക്കുന്നതിനു വേണ്ടിയും കാത്തിരിക്കുന്നു.

സാമ്പത്തിക പ്രതിസന്ധികൾ മാത്രമാണ് ലയണൽ മെസി ബാഴ്‌സയിലേക്ക് തിരിച്ചു വരുന്നതിനു പ്രത്യക്ഷത്തിൽ തടസമായി നിൽക്കുന്നത്. അതുകൊണ്ടാണ് ലാ ലിഗ അനുമതി നൽകണമെന്ന സാഹചര്യം ബാഴ്‌സലോണ നേരിട്ടു കൊണ്ടിരിക്കുന്നതും. ഒരു മാസം മുൻപ് ബാഴ്‌സലോണ പദ്ധതി അവതരിപ്പിച്ചിരുന്നെങ്കിലും അതിന് അനുമതി ലഭിച്ചിരുന്നില്ല, ഇപ്പോൾ മറ്റൊരു പദ്ധതി തയ്യാറാക്കി കാത്തിരിക്കുന്ന ബാഴ്‌സലോണയുടെ പ്രതീക്ഷകൾ മുമ്പത്തേക്കാൾ വർധിച്ചിട്ടുണ്ട്.

നേരത്തെ ലയണൽ മെസിയെ സ്വന്തമാക്കാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷ ബാഴ്‌സലോണ നേതൃത്വത്തിന് ഇല്ലായിരുന്നെങ്കിലും ഇപ്പോൾ അതുണ്ടെന്നാണ് അർജന്റീനിയൻ ജേർണലിസ്റ്റ് ഗാസ്റ്റൻ എഡ്യൂൾ റിപ്പോർട്ടു ചെയ്യുന്നത്. കഴിഞ്ഞ ദിവസം ലീഗ് കിരീടം നേടിയതിനു ശേഷം ബാഴ്‌സലോണ പ്രസിഡന്റ് ലയണൽ മെസിയെ സ്വന്തമാക്കാൻ സാധ്യമായതെന്തും ചെയ്യുമെന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞത് ഇതിന്റെ തെളിവാണെന്ന് വ്യക്തമാണ്.

ലയണൽ മെസിക്ക് വേണ്ടി സൗദി അറേബ്യയോട് പോലും മത്സരിക്കാൻ ബാഴ്‌സലോണക്ക് കഴിയുമെന്നാണ് ലപോർട്ട പറഞ്ഞത്. ഇതിനു പുറമെ ലീഗ് വിജയത്തിന്റെ ആഘോഷത്തിൽ വീഡിയോ കോളിലൂടെ ലയണൽ മെസിയും പങ്കെടുത്തിരുന്നു. ബാഴ്‌സലോണയിലെ താരങ്ങളും മെസിയെ കാത്തിരിക്കുകയാണ്. ഇനി ലയണൽ മെസിയുടെ ബാഴ്‌സലോണ ട്രാൻസ്‌ഫർ യാഥാർഥ്യമാവുന്നതിനു വേണ്ടിയാണ് ഏവരും കാത്തിരിക്കുന്നത്.

Barcelona More Optimistic About Lionel Messi Return Than Before