ഫുട്ബോൾ ലോകം കണ്ട ഏറ്റവും വലിയ ചതി, രൂക്ഷമായി പ്രതികരിച്ച് റൊണാൾഡോ | Ronaldo

ഫുട്ബോൾ ലോകം കണ്ട ഏറ്റവും വലിയ ചതിയാണ് കഴിഞ്ഞ ദിവസം ലാ ലിഗയിൽ നടന്നത്. തരം താഴ്ത്തൽ മേഖലയിൽ നിൽക്കുന്ന ക്ലബായ റയൽ വയ്യഡോളിഡും സെവിയ്യയും തമ്മിൽ നടന്ന മത്സരത്തിൽ നടന്ന സംഭവം ആരാധകർക്ക് വിശ്വസിക്കാൻ കഴിയാത്ത ഒന്നായിരുന്നു. മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് സെവിയ്യ വിജയം നേടിയിരുന്നെങ്കിലും അതവർ അർഹിച്ചിരുന്നോ എന്നാണു ഏവരും ചോദിക്കുന്നത്.

തരംതാഴ്ത്തലിൽ നിന്നും ഒഴിവാകാൻ വേണ്ടി സ്വന്തം മൈതാനത്ത് മികച്ച പ്രകടനം നടത്തിയ വയ്യഡോളിഡ് ആദ്യപകുതിയിൽ സെവിയ്യയെ സമനിലയിൽ തളച്ചു. ആദ്യപകുതി അവസാനിക്കുന്നതിനു തൊട്ടു മുൻപാണ് വിവാദ സംഭവം നടന്നത് വയ്യഡോളിഡിനു അനുകൂലമായി ലഭിച്ച കോർണർ സെവിയ്യ ക്ലിയർ ചെയ്‌തെങ്കിലും ഒരു ലോങ്ങ് റേഞ്ചറിലൂടെ സെർജിയോ എസ്‌കുറെഡോ ഗോൾ നേടി. എന്നാൽ ആ ഗോൾ അനുവദിക്കാൻ റഫറി തയ്യാറായില്ല.

ഗോൾ ആകുന്നതിനു മുൻപു തന്നെ താൻ ഹാഫ്‌ടൈം വിസിൽ മുഴക്കിയിരുന്നു എന്ന കാരണം പറഞ്ഞാണ് റഫറി ഗോൾ നിഷേധിച്ചത്. എന്നാൽ വീഡിയോ ദൃശ്യങ്ങളിൽ പന്തിൽ കിക്ക് ചെയ്‌ത്‌ അത് പകുതി ദൂരം പോയതിനു ശേഷമാണ് റഫറിയുടെ വിസിൽ ഉണ്ടായതെന്ന് വ്യക്തമായിരുന്നു. പരിശീലകനും താരങ്ങളും ഗോളിനായി ഒരുപാട് നേരം തർക്കിച്ചെങ്കിലും റഫറി അതനുവദിച്ചില്ല. രണ്ടാം പകുതിയിൽ മൂന്നു ഗോൾ നേടി സെവിയ്യ വിജയവും സ്വന്തമാക്കി.

മത്സരത്തിന് ശേഷം റയൽ വയ്യഡോളിഡ് ഉടമയായ റൊണാൾഡോ നാസറിയോ ഇതിനോട് രൂക്ഷമായാണ് പ്രതികരിച്ചത്. സംഭവിച്ചത് വിശ്വസിക്കാൻ കഴിയാത്ത കാര്യമാണെന്നും ഇതൊരിക്കലും ഇനിയും അനുവദിക്കാൻ കഴിയില്ലെന്നും പറഞ്ഞ റൊണാൾഡോ സംഭവത്തിൽ വിശദീകരണം വേണമെന്നും ഒരു സീസണിനെ തന്നെ മാറ്റിമറിക്കാൻ കഴിയുന്ന പിഴവാണിതെന്നും പറഞ്ഞു. നിലവിൽ പതിനേഴാം സ്ഥാനത്തു നിൽക്കുന്ന ക്ലബ് പൊരുതുമെന്നും അദ്ദേഹം വ്യക്തമാക്കി.

Ronaldo Furious After La Liga Referee Produces Big Mistake