സാൻ സിറോ മൈതാനത്തെ പൊട്ടിത്തെറിപ്പിച്ച് ലൗടാരോ മാർട്ടിനസിന്റെ ഗോൾ, ഇന്റർ മിലാൻ ഫൈനലിൽ | Lautaro Martinez

ഈ സീസണിൽ ഇന്റർ മിലാനു വേണ്ടി മിന്നുന്ന ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന അർജന്റീനിയൻ സ്‌ട്രൈക്കറായ ലൗടാരോ മാർട്ടിനസ് ഒരിക്കൽക്കൂടി തന്റെ മികവെന്താണെന്ന് തെളിയിച്ചപ്പോൾ എസി മിലാനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ രണ്ടാം പാദത്തിലും ടീമിന് വിജയം. ആദ്യപാദത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം നേടിയ ഇന്റർ ഇന്നലെ എതിരില്ലാത്ത ഒരു ഗോളിന്റെയും വിജയം നേടിയതോടെ ആധികാരികമായി തന്നെ ഫൈനലിലേക്ക് കടന്നു.

എസി മിലാനെ സംബന്ധിച്ച് ജീവന്മരണ പോരാട്ടമായിരുന്നു ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ രണ്ടാംപാദമെങ്കിലും അതിനെ സാധൂകരിക്കുന്ന പ്രകടനമൊന്നും അവർക്ക് നടത്താൻ കഴിഞ്ഞില്ല. മികച്ച രീതിയിൽ പ്രതിരോധക്കോട്ട കെട്ടിയ ഇന്റർ മിലാന് ഒരിക്കൽ പോലും ഭീഷണിയാകാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. അതേസമയം ഒരു ഗോളിന് തോറ്റാൽ പോലും ഫൈനലിൽ കടക്കാമെന്നിരിക്കിലും ഇടതടവില്ലാത്ത ആക്രമണമാണ് ഇന്റർ മിലാൻ നടത്തിയിരുന്നത്.

ഇന്റർ മിലാന്റെ ആക്രമണങ്ങൾക്ക് ഫലം കണ്ടത് മത്സരത്തിന്റെ എഴുപത്തിനാലാം മിനുട്ടിലാണ്. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ലുക്കാക്കു ലൗടാരോ മാർട്ടിനസുമായി ബോക്‌സിനുള്ളിൽ വെച്ച് പന്ത് കൈമാറി ഒടുവിൽ അർജന്റീന താരം ഒരു മിന്നൽ ഗ്രൗണ്ടറിലൂടെ എസി മിലാൻ കീപ്പറെ കീഴടക്കുകയായിരുന്നു. ഇന്റർ മിലാനു ഫൈനൽ പ്രവേശനം ഉറപ്പു നൽകിയ ആ ഗോളിനെ വലിയ ആഘോഷത്തോടെയാണ് സാൻ സിറോ സ്റ്റേഡിയം എതിരേറ്റത്.

പതിമൂന്ന് വർഷത്തിന് ശേഷമാണ് ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ കടക്കുന്നത്. ഇതിനു മുൻപ് മൗറീന്യോ പരിശീലകനായിരുന്ന സമയത്ത് 2010ലാണ് ഇന്റർ അവസാനമായി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കളിക്കുന്നത്. അന്നവർ കിരീടവും നേടിയിരുന്നു. ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി അല്ലെങ്കിൽ റയൽ മാഡ്രിഡിനെ നേരിടാൻ തയ്യാറെടുക്കുന്ന ഇന്റർ മിലാന്റെ കിരീടപ്രതീക്ഷ ലോകകപ്പിന് ശേഷം കൂടുതൽ ആത്മവിശ്വാസം നേടിയ ലൗടാറോയിൽ തന്നെയാണ്.

Lautaro Martinez Goal Against AC Milan In UCL Semi 2nd Leg