മെസിയിൽ നിന്നും ആ വലിയ പാഠം ഞാൻ പഠിച്ചു, ലൗടാരോ മാർട്ടിനസ് പറയുന്നു | Lautaro Martinez

പതിമൂന്നു വർഷത്തിന് ശേഷം ഇന്റർ മിലാൻ ആദ്യമായി ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കാനിറങ്ങുമ്പോൾ ടീമിനെ മുന്നിൽ നിന്നു നയിക്കുന്നത് അർജന്റീന താരമായ ലൗടാരോ മാർട്ടിനസാണ്‌. ഖത്തർ ലോകകപ്പിൽ നിറം മങ്ങിയ പ്രകടനമാണ് താരം നടത്തിയതെങ്കിലും അവിടെ ഐതിഹാസികമായ കിരീടം നേടിയതിനു ശേഷം വലിയ ആത്മവിശ്വാസം നേടിയ ലൗടാരോ മാർട്ടിനസ് ഇറ്റാലിയൻ ക്ലബ്ബിനെ മുന്നിൽ നിന്നുമാണ് ഇപ്പോൾ നയിച്ച് കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ രണ്ടാംപാദ മത്സരത്തിൽ ഇന്ററിനു വിജയം നേടിക്കൊടുത്ത ഒരേയൊരു ഗോൾ നേടിയ താരമാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കെ ഇന്റർ മിലാനെ മുന്നിൽ നിന്നു നയിക്കാൻ തനിക്ക് ലോകകപ്പ് വിജയവും അർജന്റീന നായകനായ ലയണൽ മെസിയും വലിയ ആത്മവിശ്വാസവും അറിവുകളും നൽകിയെന്ന് താരം പറയുകയുണ്ടായി.

“ഈ സീസണിൽ ഞാൻ മാനസികമായി വളരെയധികം വളർന്നു. എന്നെ വളരാൻ സഹായിക്കുന്ന ടീമംഗങ്ങൾ എനിക്കൊപ്പമുണ്ട്. ലിയോ മെസിയിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു, താരത്തോട് സംസാരിച്ചു, എല്ലാത്തിലും അവൻ എന്നെ സഹായിച്ചു. ലോകകപ്പ് നിങ്ങളുടെ കൈകളിൽ വഹിക്കുന്നത് ഒരു പ്രത്യേകതയാണ്, അതിൽ നിന്ന് നേതൃത്വത്തെക്കുറിച്ച് ഞാൻ ഒരുപാട് പഠിച്ചു. ക്യാപ്റ്റൻ ആകുന്നത് ഒരു പ്രത്യേകതയാണ്, ഇന്നത്തെ സായാഹ്നം എനിക്ക് ജീവിതകാലം മുഴുവൻ നിലനിൽക്കും.” മാർട്ടിനസ് പറഞ്ഞു.

പതിമൂന്നു വർഷത്തിന് ശേഷം ഇന്റർ മിലാനെ ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് നയിക്കാൻ പ്രധാന പങ്കു വഹിച്ച ലൗടാരോ മാർട്ടിനസിനു ടീമിന് കിരീടം നേടിക്കൊടുക്കാൻ കഴിയുമോയെന്നാണ് ഏവരും ഉറ്റു നോക്കുന്നത്. 2010നു ശേഷം ഒരു ഇറ്റാലിയൻ ക്ലബും ചാമ്പ്യൻസ് ലീഗ് നേടിയിട്ടില്ല. അതിനൊപ്പം ഒരേ സീസണിൽ ലോകകപ്പ് കിരീടവും ചാമ്പ്യൻസ് ലീഗും സ്വന്തമാക്കുകയെന്ന അവിശ്വസനീയ നേട്ടമാണ് ലൗടാരോയെ കാത്തിരിക്കുന്നത്.

Lautaro Martinez Says Lionel Messi Helped Him To Be A Leader