പിഎസ്‌ജി ടീം അർജന്റീനയായി മാറിയോ, മെസിക്കു വേണ്ടി ഒറ്റക്കെട്ടായി അണിനിരന്ന ഫ്രഞ്ച് ക്ലബിന്റെ താരങ്ങൾ | Lionel Messi

പിഎസ്‌ജി ടീമിൽ ലയണൽ മെസിയുടെ നാളുകൾ അത്ര സുഖകരമായല്ല മുന്നോട്ടു പോയതെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ബാഴ്‌സലോണയിൽ നിന്നും ഫ്രാൻസിൽ എത്തിയതിനു ശേഷം ടീമിന്റെ ശൈലിയുമായി ഇണങ്ങി വരാൻ ബുദ്ധിമുട്ടിയതു കാരണം കഴിഞ്ഞ സീസണിൽ പ്രതീക്ഷിച്ച നിലവാരത്തിലുള്ള പ്രകടനം നടത്താൻ കഴിഞ്ഞില്ല. ഈ സീസണിലാണ് കുറച്ചെങ്കിലും മെച്ചപ്പെട്ട പ്രകടനം മെസി ഫ്രഞ്ച് ക്ലബിനായി നടത്തിയത്.

എന്നാൽ ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെ അർജന്റീന തോൽപ്പിച്ച് കിരീടം നേടിയതിനാൽ പിഎസ്‌ജി ആരാധകരിൽ ഒരു വിഭാഗം ലയണൽ മെസിക്ക് എതിരാണ്. ചെറിയ കാരണങ്ങൾ കൊണ്ടുവരെ താരത്തിനെതിരെ ശക്തമായ പ്രതിഷേധം അവർ ഉയർത്തുകയും മെസിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. എന്നാൽ ടീമിലെ സഹതാരങ്ങളിൽ നിന്നും ലയണൽ മെസിക്ക് മികച്ച പിന്തുണയുണ്ടെന്ന് കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലെ സംഭവം വെളിപ്പെടുത്തുന്നു.

അയാക്കിയോയുമായി നടന്ന ലീഗ് മത്സരത്തിൽ പന്ത് ഹോൾഡ് ചെയ്‌തു കളിച്ച മെസിയിൽ നിന്നും പന്തെടുക്കാൻ എതിരാളികൾ ശ്രമിക്കുന്നതിനിടെ താരം നിലത്തു വീഴും. അവിടെ വെച്ച് ലയണൽ മെസിയെ ഒരു അയാക്കിയോ താരം ചവുട്ടിയതോടെ പിഎസ്‌ജി താരങ്ങൾ ഒന്നടങ്കം അതിൽ ഇടപെടും. മാർക്വിന്യോസ്, ഹക്കിമി എന്നിവരാണ് ആദ്യം മുന്നോട്ടു വരുന്നത്. ഇതിനു പിന്നാലെ ഹക്കിമിക്കും ഒരു അയാക്കിയോ താരത്തിനും ചുവപ്പുകാർഡ് ലഭിക്കുകയും ചെയ്യും.

മെസിയെ കേന്ദ്രമാക്കി കളിക്കുന്ന അർജന്റീന ടീമിലെ താരങ്ങളാണ് പൊതുവെ ഇതുപോലൊരു സമീപനം കാണിക്കാറുള്ളത്. പിഎസ്‌ജി താരങ്ങൾ ഒറ്റക്കെട്ടായി മെസിക്ക് വേണ്ടി രംഗത്തു വന്നത് ആരാധകർക്കും അത്ഭുതമാണ്. ഈ സീസണിന് ശേഷം ലയണൽ മെസി ക്ലബ് വിടുമെന്ന് ഉറപ്പിച്ചിരിക്കെയാണ് താരങ്ങൾ മെസിക്ക് വേണ്ടി മുന്നിൽ നിന്നത്. ലയണൽ മെസിയെ ടീമിൽ തന്നെ നിലനിർത്താൻ വേണ്ടിയാണ് ഇതെന്നും ആരാധകർ പറയുന്നത്.

Lionel Messi Protected By PSG Teammates Against Ajaccio