സാവി ആഗ്രഹിച്ച താരം ക്ലബ് വിടാൻ ഒരുങ്ങുന്നു, മെസിയുടെ തിരിച്ചുവരവ് ഇല്ലാതാകുമോ | Barcelona

ലയണൽ മെസിക്ക് വേണ്ടി തീവ്രമായ ശ്രമങ്ങളാണ് ബാഴ്‌സലോണ കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി നടത്തുന്നത്. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്‌സലോണക്ക് മെസിയെ സ്വന്തമാക്കാൻ നിരവധി കടമ്പകൾ മറികടക്കുക തന്നെ വേണം. അതിനു ശേഷം ലാ ലീഗയുടെ അനുമതി കൂടി ലഭിച്ചാൽ മാത്രമേ മെസിയുടെ തിരിച്ചുവരവ് സാധ്യമാവുകയുള്ളൂ. ലാ ലിഗയുടെ അനുമതി ലഭിച്ച് ബാഴ്‌സയുടെ ഓഫർ വരുന്നതിനു വേണ്ടിയാണ് മെസിയും കാത്തിരിക്കുന്നത്.

എന്നാൽ മെസിയുടെ ട്രാൻസ്‌ഫറിൽ നിന്നും ബാഴ്‌സലോണ പുറകോട്ടു പോകാൻ സാധ്യത സൃഷ്‌ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ബയേൺ മ്യൂണിക്ക് താരമായ ജോഷുവ കിമ്മിച്ച് ഈ സീസൺ അവസാനിക്കുന്നതോടെ ക്ലബ് വിടുമെന്നാണ് റിപ്പോർട്ടുകൾ. ബാഴ്‌സലോണ പരിശീലകനായ സാവിക്ക് വളരെ താൽപര്യമുള്ള താരമാണ് കിമ്മിച്ച്. ഈ സീസണോടെ ക്ലബ് വിടുന്ന സെർജിയോ ബുസ്‌ക്വറ്റ്‌സിന് പകരക്കാരനാവാൻ അനുയോജ്യനായ താരവുമാണ് കിമ്മിച്ച്.

എന്നാൽ കിമ്മിച്ചിനെ വെറുതെ സ്വന്തമാക്കാൻ ബാഴ്‌സലോണക്ക് കഴിയില്ല. ഇപ്പോഴും ബയേൺ മ്യൂണിക്കുമായി കരാറുള്ള കിമ്മിച്ചിനായി ബാഴ്‌സലോണ അമ്പതു മില്യൺ യൂറോയോളം മുടക്കേണ്ടി വരും. അതുകൊണ്ടു തന്നെ താരത്തെ സ്വന്തമാക്കാൻ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ബാഴ്‌സലോണ തീരുമാനിച്ചാൽ ലയണൽ മെസി ട്രാൻസ്‌ഫറിൽ അത് പ്രതിസന്ധി സൃഷ്‌ടിക്കാൻ സാധ്യതയുണ്ട്. ലാ ലിഗയും ഇക്കാര്യത്തിൽ ഇടപെട്ടേക്കാം.

ബാഴ്‌സലോണ ഗോൾകീപ്പറായ ടെർ സ്റ്റീഗനെ ഉപയോഗിച്ച് സാവി ജർമൻ താരത്തെ സ്വന്തമാക്കാൻ ശ്രമം നടത്തിയേക്കാം. അതേസമയം ഗുൻഡോഗൻ ക്ലബ് വിടാൻ തീരുമാനിച്ചതിനാൽ മാഞ്ചസ്റ്റർ സിറ്റിയും താരത്തിനായി രംഗത്തുണ്ട്. പെപ് ഗ്വാർഡിയോളക്ക് കീഴിൽ കളിച്ചിട്ടുള്ള താരമാണ് കിമ്മിച്ച്. റൈറ്റ്ബാക്കായും മധ്യനിരയിലും കളിക്കാൻ കഴിയുന്ന താരം നെഗൽസ്‌മാൻ പോയതോടെയാണ് ബയേൺ വിടാൻ ശ്രമിക്കുന്നത്.

Barcelona May Looking To Move For Joshua Kimmich