ഫ്രഞ്ച് ലീഗിൽ ഒന്നാമനാകാൻ ലയണൽ മെസിയും, പിഎസ്‌ജിക്ക് സംഭവിച്ചത് വലിയ നഷ്‌ടം തന്നെ | Lionel Messi

ബാഴ്‌സലോണയിൽ നിന്നും പിഎസ്‌ജിയിലേക്ക് ചേക്കേറിയ കഴിഞ്ഞ സീസണിൽ ടീമിനായി അത്ര മികച്ച പ്രകടനം നടത്താൻ ലയണൽ മെസിക്ക് കഴിഞ്ഞിലായിരുന്നു. നിരവധി വർഷങ്ങൾ ബാഴ്‌സലോണയിലും സ്‌പാനിഷ്‌ ലീഗിലും ചിലവഴിച്ച താരത്തിന് ഫ്രഞ്ച് ലീഗിന്റെയും പിഎസ്‌ജിയുടെയും ശൈലിയുമായി ഇണങ്ങിച്ചേരാൻ വൈകിയതാണ് തിരിച്ചടിയായത്. ഈ സീസണിൽ അതിനെ മറികടന്ന് ഉജ്ജ്വല പ്രകടനമാണ് താരം തുടക്കം മുതൽ നടത്തിയത്.

എന്നാൽ ഖത്തർ ലോകകപ്പിന് ശേഷം സാഹചര്യങ്ങളിൽ മാറ്റമുണ്ടായി. ഫൈനലിൽ ഫ്രാൻസിനെ അർജന്റീന ഫൈനലിൽ തോൽപ്പിച്ചതോടെ ലയണൽ മെസി ഫ്രാൻസിലെ ഒരു വിഭാഗം ആരാധകരുടെ ശത്രുവായി മാറി. അത്തരമൊരു അന്തരീക്ഷം മെസിയുടെ പ്രകടനത്തെ ബാധിച്ചെങ്കിലും വളരെ പെട്ടന്ന് തന്നെ താരം അതിനെ മറികടക്കുകയും ചെയ്‌തിരുന്നു. എങ്കിലും ആരാധകർ അവസരം കിട്ടുമ്പോഴെല്ലാം മെസിക്കെതിരെ വിമർശനം തുടർന്നു.

എന്നാൽ വിമർശനങ്ങളുടെ വായടപ്പിച്ച് ഈ സീസണിൽ ഫ്രഞ്ച് ലീഗിൽ ഏറ്റവും മികച്ച താരത്തിനുള്ള പട്ടികയിൽ ലയണൽ മെസിയുമുണ്ട്. എംബാപ്പെ, മെസി എന്നീ പിഎസ്‌ജി താരങ്ങൾക്കൊപ്പം ലെൻസ് താരങ്ങളായ സെക്കോ ഫൊഫാന, ലൂയിസ് ഒപ്പെൻഡ, ലില്ലെയുടെ ജോനാഥൻ ഡേവിഡ് എന്നീ താരങ്ങളാണ് ലീഗ് വൺ പ്ലേയർ ഓഫ് ദി സീസണിനായി ലിസ്റ്റ് ചെയ്യപ്പെട്ടത്. സീസണിൽ പതിനഞ്ചു ഗോളുകളും പതിനഞ്ചു അസിസ്റ്റുകളുമാണ് മെസി സ്വന്തമാക്കിയത്.

ലയണൽ മെസിയെന്ന താരം ഓരോ സീസൺ കഴിയുന്തോറും കൂടുതൽ ടീമിനോട് ഇണങ്ങിച്ചേരുകയും കൂടുതൽ മികച്ച പ്രകടനം നടത്തുകയും ചെയ്യുന്നുവെന്ന് ഇതിൽ നിന്നും വ്യക്തമാണ്. അടുത്ത സീസണിലും ഫ്രഞ്ച് ക്ലബിനൊപ്പം തുടർന്നാൽ ലയണൽ മെസിയിൽ നിന്നും അവിശ്വസനീയമായ പ്രകടനം പ്രതീക്ഷിക്കാനും കഴിയും. എന്നാൽ ലോകകപ്പ് ഫൈനലിന്റെ മുറിവുണങ്ങാത്ത ചില ആരാധകർ കാരണം ഈ സീസണു ശേഷം താരം ടീമിനൊപ്പം ഉണ്ടാകില്ലെന്നത് പിഎസ്‌ജിക്ക് വലിയ നഷ്‌ടമാണ്‌.

Lionel Messi Nominated For Ligue 1 Player Of The Season