കളിച്ചിട്ടുള്ളത് ലോകോത്തര ടൂർണമെന്റിൽ, ജോഷുവ കേരള ബ്ലാസ്റ്റേഴ്‌സിനു പ്രതീക്ഷ തന്നെയാണ് | Kerala Blasters

അടുത്ത സീസണിലേക്കായി കേരള ബ്ലാസ്റ്റേഴ്‌സ് ഓസ്‌ട്രേലിയൻ താരമായ ജോഷുവ സോട്ടിരിയോയെ സ്വന്തമാക്കിയതിന് ആരാധകരുടെ ഭാഗത്തു നിന്നും സമ്മിശ്രമായ പ്രതികരണമാണ് ലഭിക്കുന്നത്. ഇതുവരെ ഒരു കിരീടം പോലും നേടാൻ കഴിയാത്ത ഐഎസ്എൽ ക്ലബുകളിലൊന്നായ കേരള ബ്ലാസ്റ്റേഴ്‌സ് വമ്പൻ താരങ്ങൾക്ക് പകരം ശരാശരി താരങ്ങളെയാണ് സ്വന്തമാക്കുന്നതെന്ന് പലരും അഭിപ്രായപ്പെടുമ്പോൾ ഏതാനും മത്സരങ്ങൾക്ക് ശേഷം താരത്തെ വിലയിരുത്തിയാൽ മതിയെന്നാണ് മറ്റു ചിലരുടെ അഭിപ്രായം.

ഓസ്‌ട്രേലിയൻ ലീഗിൽ വെസ്റ്റേൺ സിഡ്‌നി വാണ്ടറേഴ്‌സ്, വെല്ലിങ്ടൺ ഫീനിക്‌സ്, ന്യൂകാസിൽ ജെറ്റ്സ് എന്നീ ടീമുകൾക്ക് വേണ്ടിയാണ് ജോഷുവ കളിച്ചിട്ടുള്ളത്. യഥാക്രമം 90 മത്സരങ്ങളിൽ നിന്നും 12 ഗോളുകൾ 2 അസിസ്റ്റുകൾ, 66 മത്സരങ്ങളിൽ നിന്നും 16 ഗോളുകൾ 5 അസിസ്റ്റുകൾ, 23 മത്സരങ്ങളിൽ നിന്നും 3 ഗോളുകൾ 4 അസിസ്റ്റുകൾ എന്നിങ്ങനെയാണ് താരത്തിന്റെ നേട്ടങ്ങൾ. ഈ കണക്കുകളാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ നെറ്റി ചുളിപ്പിക്കുന്നത്.

ഒരു മുന്നേറ്റനിര താരമെന്ന നിലയിൽ താരത്തിന്റെ കണക്കുകൾ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതീക്ഷകളെ ന്യായീകരിക്കുന്ന ഒന്നല്ലെങ്കിലും ഗോളുകളുടെ എണ്ണം നോക്കി മാത്രം പ്രകടനത്തെ വിലയിരുത്താൻ കഴിയുമെന്ന് പറയാൻ കഴിയില്ല. ഗോളുകൾ നേടാനും ഗോളിന് അവസരങ്ങൾ ഒരുക്കാനും ലൂണ, ദിമിത്രിയോസ് എന്നീ താരങ്ങളുള്ളപ്പോൾ അവർക്കൊപ്പം മുന്നേറ്റനിരയിൽ ചലനങ്ങൾ സൃഷ്ടിക്കാനും എതിർ പ്രതിരോധത്തെ ചീന്തിയെറിയാനുമുള്ള കഴിവാണ് പ്രധാനമായും വേണ്ടത്.

ഓസ്‌ട്രേലിയൻ ലീഗിനോളം നിലവാരം ഇന്ത്യൻ സൂപ്പർ ലീഗിനില്ലെന്നിരിക്കെ അവിടെ ശരാശരി പ്രകടനം നടത്തുന്ന താരത്തിന് ഇന്ത്യയിൽ മികച്ച പ്രകടനം തന്നെ നടത്താനും കഴിയും. അതിനൊപ്പം ജോഷുവക്ക് വമ്പൻ ടൂർണമെന്റുകളിൽ കളിച്ചതിന്റെ പരിചയസമ്പത്തുണ്ട്. ക്ലബ് ലോകകപ്പിൽ ഒരു മത്സരത്തിൽ ഇറങ്ങിയിട്ടുള്ള താരം എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ ആറും ഓസ്‌ട്രേലിയൻ ലീഗിൽ 169ഉം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

Jaushua Sotirio Giving Hope For Kerala Blasters Fans