ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിൽ കളിക്കും, സാധ്യതകൾ വർധിക്കുന്നു | Cristiano Ronaldo

സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് റൊണാൾഡോ എത്തിയതു മുതൽ ഇന്ത്യയിലെ ഫുട്ബോൾ ആരാധകരും ആവേശത്തിലായിരുന്നു. ഏഷ്യൻ ക്ലബായ അൽ നസ്റിൽ റൊണാൾഡോ കളിക്കുകയെന്നാൽ ഭാവിയിൽ എഎഫ്‌സി ടൂർണമെന്റിൽ കളിക്കുന്നതിനായി പോർച്ചുഗൽ താരം ഇന്ത്യയിലേക്ക് വരാനുള്ള സാധ്യതയുണ്ട് എന്നതു തന്നെയാണ് അതിനു കാരണം. കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ താരം കളിക്കുന്നത് വരെ ആരാധകർ ചർച്ച ചെയ്‌തു.

അതേസമയം ഇന്ത്യയിൽ റൊണാൾഡോ കളിക്കാനുള്ള സാധ്യത മുഴുവനായും നമുക്ക് തള്ളിക്കളയാൻ കഴിയില്ല. കഴിഞ്ഞ ദിവസം അൽ തായ് ക്ലബിനെതിരെ നടന്ന ലീഗ് മത്സരത്തിൽ റൊണാൾഡോയുടെ ക്ലബായ അൽ നസ്ർ വിജയം നേടിയിരുന്നു. റൊണാൾഡോ പെനാൽറ്റി ഗോൾ നേടിയ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിന്റെ വിജയമാണ് അൽ നസ്ർ നേടിയത്. ഇതോടെ അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ച അൽ നസ്റിനു ലീഗ് നേടാനുള്ള സാധ്യതയുമുണ്ട്.

എഎഫ്‌സി ചാമ്പ്യൻസ് ലീഗിന്റെ യോഗ്യത അൽ നസ്ർ നേടിയതോടെയാണ് റൊണാൾഡോ ഇന്ത്യയിലേക്ക് വരാനുള്ള സാധ്യത വർധിച്ചത്. ഇന്ത്യയിൽ നിന്നും എഎഫ്‌സി ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയത് ഐഎസ്എൽ ഷീൽഡ് ജേതാക്കളായ മുംബൈ സിറ്റി എഫ്‌സിയാണ്. മുംബൈ സിറ്റിയും അൽ നസ്‌റും ടൂർണമെന്റിൽ ഒരേ ഗ്രൂപ്പിൽ വന്നാലോ അല്ലെങ്കിൽ അതിനു ശേഷമുള്ള ഏതെങ്കിലും ഘട്ടത്തിൽ ഏറ്റുമുട്ടിയാലോ താരം ഇന്ത്യയിലും കളിക്കേണ്ടി വരും.

എന്നാൽ ഇതെല്ലാം നടക്കണമെങ്കിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസ്റിൽ തന്നെ തുടരേണ്ടത് അത്യാവശ്യമാണ്. റിപ്പോർട്ടുകൾ പ്രകാരം അൽ നസ്റിൽ റൊണാൾഡോ പൂർണമായും തൃപ്‌തനായല്ല നിൽക്കുന്നത്. സീസണിൽ ആകെ സാധ്യത ലീഗ് കിരീടമാണെങ്കിലും അതും നേടാൻ കഴിയുമെന്ന ഉറപ്പൊന്നുമില്ല. അതുകൊണ്ടു തന്നെ താരം യൂറോപ്പിലേക്ക് തിരികെ പോകാനുള്ള സാധ്യതയുണ്ടെന്നാണു വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Cristiano Ronaldo May Come To India