ഒരു മയവുമില്ലാതെ മാഞ്ചസ്റ്റർ സിറ്റി, ചാമ്പ്യൻസ് ലീഗിലെ രാജാക്കന്മാർ മൂക്കും കുത്തി വീണു | Manchester City

ചാമ്പ്യൻസ് ലീഗിന്റെ രാജാക്കന്മാരായ റയൽ മാഡ്രിഡിനെ ഒന്നുമല്ലാതാക്കി മാറ്റിയ പ്രകടനം നടത്തി മാഞ്ചസ്റ്റർ സിറ്റി ഫൈനലിൽ. ആദ്യപാദത്തിൽ രണ്ടു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞപ്പോൾ സ്വന്തം മൈതാനത്തു നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളിന്റെ വിജയം നേടിയാണ് മാഞ്ചസ്റ്റർ സിറ്റി ഫൈനലിൽ എത്തിയത്. ഫൈനലിൽ എസി മിലാനെ തോൽപിച്ചെത്തിയ ഇന്റർ മിലാനെയാണ് ക്ലബിന്റെ ചരിത്രത്തിലെ ആദ്യത്തെ കിരീടം സ്വന്തമാക്കാൻ സിറ്റി നേരിടാൻ പോകുന്നത്.

സ്വന്തം മൈതാനത്ത് റയൽ മാഡ്രിഡിനെ ഒന്നുമല്ലാതാക്കുന്ന പ്രകടനമാണ് മാഞ്ചസ്റ്റർ സിറ്റി നടത്തിയത്. പന്തടക്കവും മികച്ച മുന്നേറ്റങ്ങളും സംഘടിപ്പിച്ച അവർ ഇരുപത്തിമൂന്നാം മിനുട്ടിൽ പോർച്ചുഗൽ താരം ബെർണാർഡോ സിൽവയിലൂടെ മുന്നിലെത്തി. താരം തന്നെ മുപ്പത്തിയേഴാം മിനുട്ടിൽ മറ്റൊരു ഗോൾ കൂടി നേടിയതോടെ ആദ്യപകുതി തങ്ങളുടെ സ്വന്തമാക്കൻ സിറ്റിക്ക് കഴിഞ്ഞിരുന്നു. ടോണി ക്രൂസിന്റെ ഒരു ലോങ്ങ് റേഞ്ചർ പോസ്റ്റിലിടിച്ച് പുറത്തു പോയത് മാത്രമാണ് റയലിനു ആദ്യപകുതിയിൽ അവകാശപ്പെടാൻ ഉണ്ടായിരുന്നത്.

രണ്ടാംപകുതിയിൽ ഒന്നുകൂടി പതിഞ്ഞ കളിയാണ് മാഞ്ചസ്റ്റർ സിറ്റി നടത്തിയത്. ആക്രമണങ്ങളുടെ വേഗം കുറച്ച അവർ അതിനൊപ്പം റയൽ മാഡ്രിഡിനെ യാതൊരു തരത്തിലും അവർ ബോക്‌സിലേക്ക് അടുപ്പിച്ചില്ല. എഴുപത്തിയാറാം മിനുട്ടിൽ പ്രതിരോധതാരം മാനുവൽ അകാഞ്ചിയും ഇഞ്ചുറി ടൈമിന്റെ ആദ്യത്തെ മിനുട്ടിൽ പകരക്കാരനായിറങ്ങിയ ജൂലിയൻ അൽവാരസും ഗോൾ നേടിയതോടെ റയൽ മാഡ്രിഡ് മൂക്കും കുത്തിയാണ് വീണത്.

മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കറായ എർലിങ് ഹാലാൻഡിന്റെ രണ്ടു മികച്ച ഗോൾ ശ്രമം ക്വാർട്ടുവ രക്ഷപ്പെടുത്തിയില്ലായിരുന്നെങ്കിൽ റയലിന്റെ തോൽവി ഇതിനേക്കാൾ മോശമായേനെ. എന്തായാലും വമ്പൻ വിജയത്തോടെ കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് സെമിയിൽ റയൽ മാഡ്രിഡിനോട് തോറ്റു പുറത്തായതിനു പകരം വീട്ടാൻ മാഞ്ചസ്റ്റർ സിറ്റിക്ക് കഴിഞ്ഞു. ഈ സീസണിൽ ട്രിബിൾ കിരീടങ്ങൾ നേടാനുള്ള അവസരമാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വന്നു ചേർന്നിരിക്കുന്നത്.

Manchester City Reached UCL Final Beating Real Madrid