ഹാലൻഡിനെ നിശബ്‌ദനാക്കിയ റയൽ മാഡ്രിഡിന്റെ നെഞ്ചു കീറിയ ഗോളുമായി അർജന്റൈൻ താരം | Julian Alvarez

നിലവിൽ ലോകഫുട്ബോളിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായ എർലിങ് ഹാലാൻഡിന്റെയൊപ്പം കളിക്കേണ്ടി വന്നതു കൊണ്ട് മാത്രം പകരക്കാരനായി മാറിയ താരമാണ് ജൂലിയൻ അൽവാരസ്. താനൊരു പകരക്കാരനായി മാത്രം കളിക്കേണ്ട താരമല്ലെന്നു നിരവധി തവണ അൽവാരസ് തെളിയിച്ചിട്ടുള്ളതാണ്. ആദ്യ ഇലവനിൽ ഇടമില്ലാതിരുന്നിട്ടും ലഭിക്കുന്ന മിനുട്ടുകൾ കുറഞ്ഞിട്ടും പരാതിയൊന്നുമില്ലാതെ ടീമിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം അർജന്റൈൻ താരം നടത്താറുണ്ട്.

റയൽ മാഡ്രിഡിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ രണ്ടു പാദ മത്സരങ്ങളിലും എർലിങ് ഹാലാൻഡ് ഏറെക്കുറെ നിശബ്‌ദനായിരുന്നു. ആദ്യപാദത്തിൽ റുഡിഗറുടെ പൂട്ടിൽ കുരുങ്ങിയ താരം രണ്ടാം പാദത്തിൽ കുറച്ചു കൂടി മെച്ചപ്പെട്ട പ്രകടനം നടത്തിയെങ്കിലും ഗോളൊന്നും നേടിയില്ല. രണ്ടു പകുതികളിലുമായി ഒരു വൺ ഓൺ വൺ അടക്കം മൂന്നു മികച്ച ഷോട്ടുകൾ താരം ഉതിർത്തെങ്കിലും മൂന്നും റയൽ മാഡ്രിഡ് ഗോൾകീപ്പർ തടുത്തിട്ടു.

ആദ്യപാദത്തിൽ അവസരം ലഭിക്കാതിരുന്ന അൽവാരസ് രണ്ടാം പാദത്തിൽ എൺപത്തിയെട്ടാം മിനുട്ടിലാണ് കളിക്കളത്തിൽ ഇറങ്ങുന്നത്. ഹാലാൻഡ് ലക്‌ഷ്യം കാണാൻ പരാജയപ്പെട്ട റയൽ മാഡ്രിഡ് പ്രതിരോധത്തെ കീറി മുറിക്കാൻ വെറും മൂന്നു മിനുട്ട് മാത്രമേ അൽവാരസിനു വേണ്ടി വന്നുള്ളൂ. പകരക്കാരനായി ഇറങ്ങിയ ഫിൽ ഫോഡൻ നൽകിയ ത്രൂ പാസ് പിടിച്ചെടുത്ത് ഒരു ക്വാർട്ടുവയെ നിഷ്പ്രഭമാക്കി അത് പോസ്റ്റിന്റെ മൂലയിലേക്ക് താരം പറഞ്ഞു വിട്ടു.

ഖത്തർ ലോകകപ്പിൽ ലയണൽ മെസി കഴിഞ്ഞാൽ അർജന്റീനയുടെ ടോപ് സ്കോററായിരുന്ന താരമാണ് അൽവാരസ്. ഇരുപത്തിമൂന്നു വയസുകാരനായ താരം നാല് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ മാത്രം ആദ്യ ഇലവനിൽ ഇറങ്ങി മൂന്നു ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. അതിനു പുറമെ പ്രീമിയർ ലീഗിൽ 11 തവണ ആദ്യ ഇലവനിൽ ഇറങ്ങിയ താരം എട്ടു ഗോളും നേടി. താനൊരു വെറും ബാക്കപ്പ് സ്‌ട്രൈക്കറായി ഒതുങ്ങേണ്ടവനല്ലെന്ന് ഓരോ തവണയും താരം തെളിയിക്കുന്നു.

Julian Alvarez Scored Beautiful Goal Against Real Madrid