അർജന്റീനക്കിത് അഗ്നിപരീക്ഷയാണ്, ഒന്നു പിഴച്ചാൽ അടുത്ത മത്സരം കളിക്കാൻ രണ്ടു താരങ്ങളുണ്ടാകില്ല

കോപ്പ അമേരിക്ക ടൂർണമെന്റിലെ സെമി ഫൈനലിൽ അർജന്റീന നാളെ പുലർച്ചെ കാനഡയെ നേരിടാൻ ഒരുങ്ങുകയാണ്. ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം നടത്തി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയ അർജന്റീന പക്ഷെ കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയില്ലായിരുന്നു. ഇക്വഡോറിനെതിരെ വളരെ ബുദ്ധിമുട്ടിയ ടീം ഷൂട്ടൗട്ടിൽ എമിയുടെ മികവിലാണ് ജയിച്ചു മുന്നേറിയത്.

കാനഡയെ അർജന്റീന ഗ്രൂപ്പ് ഘട്ടത്തിൽ നേരിട്ടതാണ്. ആ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ടീം വിജയം നേടിയിരുന്നു. എന്നാൽ സെമി ഫൈനലിലേക്ക് എത്തുമ്പോൾ കാനഡ കൂടുതൽ കരുത്തരാകും എന്നുറപ്പാണ്. അതുകൊണ്ടു തന്നെ വെല്ലുവിളികൾ നിറഞ്ഞ മികച്ചൊരു പോരാട്ടം അർജന്റീന ടീം സെമിയിൽ പ്രതീക്ഷിക്കുന്നുണ്ടാകും.

അർജന്റീനയെ സംബന്ധിച്ച് സെമി ഫൈനൽ മറ്റൊരു തരത്തിലും അഗ്നിപരീക്ഷയാണ്. സെമിയിൽ സസ്‌പെൻഷൻ ഭീഷണി നേരിടുന്നത് രണ്ട് അർജന്റീന താരങ്ങളാണ് ലെഫ്റ്റ് ബാക്കായ നിക്കോളാസ് ടാഗ്ലിയാഫിക്കോ, മുന്നേറ്റനിരയിൽ കളിക്കുന്ന നിക്കോ ഗോൺസാലസ് എന്നിവരാണ് ഒരു മഞ്ഞക്കാർഡ് കൂടി നേടിയാൽ സസ്‌പെൻഷൻ ലഭിക്കുന്ന സാഹചര്യത്തിലുള്ളത്.

ഇക്വഡോറിനെതിരെ നടന്ന മത്സരത്തിൽ ഈ രണ്ടു താരങ്ങളും മഞ്ഞക്കാർഡ് വാങ്ങിയതാണ് അവരെ സസ്‌പെൻഷൻ ഭീഷണിയിൽ എത്തിച്ചത്. കാനഡക്കെതിരെ നടക്കുന്ന മത്സരത്തിൽ മഞ്ഞക്കാർഡ് വാങ്ങിയാൽ ഫൈനൽ അല്ലെങ്കിൽ മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരം ഇവർക്ക് നഷ്‌ടമാകും. ഈ രണ്ടു മത്സരത്തിൽ ഏതിലായാലും കരുത്തരായ എതിരാളികളെയാണ് അർജന്റീന നേരിടേണ്ടത്.

അതേസമയം ലയണൽ സ്‌കലോണി ടീമിൽ വരുത്തുന്ന മാറ്റങ്ങൾ ഇതുകൂടി മുന്നിൽ കണ്ടായിരിക്കാൻ സാധ്യതയുണ്ട്. നിക്കോ ഗോൺസാലസിന് പകരം ഏഞ്ചൽ ഡി മരിയയാകും കാനഡക്കെതിരെ ഇറങ്ങുക. അതേസമയം നിക്കോളാസ് ടാഗ്ലിയാഫിക്കോയെ മാറ്റാൻ സാധ്യതയില്ല.