അമേരിക്കയിൽ ലയണൽ മെസി തരംഗം ആഞ്ഞടിക്കുന്നു, കുതിച്ചുയർന്ന് ടിക്കറ്റ് നിരക്കുകൾ | Lionel Messi

യൂറോപ്പിലെയും ഏഷ്യയിലെയും ആരാധകർക്ക് കനത്ത തിരിച്ചടി നൽകിയാണ് ലയണൽ മെസി ഇന്റർ മിയാമിയിലേക്ക് ചേക്കേറാൻ തീരുമാനിച്ചത്. യൂറോപ്പിൽ തന്നെ തുടർന്ന് മികച്ച പ്രകടനം നടത്താൻ ഇനിയും സാധ്യതകൾ ഉണ്ടായിട്ടും താരം അവിടം വിടാൻ തീരുമാനിച്ചത് ഏവരെയും അമ്പരിപ്പിച്ച തീരുമാനമായിരുന്നു. കുടുംബത്തിന്റെ സൗകര്യവും കുട്ടികളുടെ വിദ്യാഭാസവും കൂടി പരിഗണിച്ചാണ് ലയണൽ മെസിയുടെ ഈ തീരുമാനമുണ്ടായത്.

യൂറോപ്പിലെ ആരാധകർക്ക് നിരാശയാണെങ്കിൽ അമേരിക്കയിൽ ലയണൽ മെസിയുടെ വരവ് തരംഗമായി മാറുകയാണ്. താരത്തിന്റെ ട്രാൻസ്‌ഫർ സംബന്ധിച്ച വിവരം പുറത്തു വന്നതോടെ ഇന്റർ മിയാമിയുടെ മത്സരങ്ങൾക്കുള്ള ടിക്കറ്റിന്റെ തുക വൻതോതിൽ കുതിച്ചുയർന്നിട്ടുണ്ട്. പത്തിരട്ടിയിലധികം വർധനവാണ് ടിക്കറ്റ് നിരക്കിൽ ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ലയണൽ മെസി ഇന്റർ മിയാമിക്കായി ആദ്യത്തെ മത്സരം കളിക്കുക ജൂലൈ ഇരുപത്തിയൊന്നിനാണെന്നാണ് റിപ്പോർട്ടുകൾ. ക്രൂസ് അസുസിനെതിരായ ഈ മത്സരത്തിനുള്ള ടിക്കറ്റ് നിരക്ക് നേരത്തെ 29 ഡോളർ ആയിരുന്നു. എന്നാൽ ലയണൽ മെസിയുടെ ട്രാൻസ്‌ഫർ വാർത്ത പുറത്തു വന്നതോടെ ഈ മത്സരത്തിനുള്ള ടിക്കറ്റ് നിരക്ക് 477 ഡോളറായി വർധിച്ചുവെന്നാണ് സൂചനകൾ.

ലയണൽ മെസി ട്രാൻസ്‌ഫർ പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്റർ മിയാമിയുടെ എല്ലാ മത്സരങ്ങൾക്കുമുള്ള ടിക്കറ്റുകളും വിറ്റഴിഞ്ഞതായുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. എംഎൽഎസിലെ വമ്പൻ ക്ലബുകളുടെ ടിക്കറ്റുകളുടെ നിരക്ക് പതിനായിരം ഡോളർ വരെയായി വർധിച്ചുവെന്നും പുറത്തു വരുന്നുണ്ട്. എന്തായാലും അമേരിക്കൻ ഫുട്ബോളിൽ ഒരു തരംഗം ലയണൽ മെസി സൃഷ്‌ടിക്കുന്നുണ്ടെന്ന കാര്യത്തിൽ സംശയമില്ല.

Tickets Price Soaring After Lionel Messi Transfer To Inter Miami