ഗേറ്റുകളും സെക്യൂരിറ്റിയുമില്ലാത്ത സ്റ്റേഡിയത്തിൽ മെസി കളിക്കണം, താരത്തിന്റെ തീരുമാനം തെറ്റായിപ്പോയോ | Lionel Messi

നിരവധി മാസങ്ങൾ നീണ്ട ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾക്ക് അവസാനം കുറിച്ച് ലയണൽ മെസി താൻ അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറുകയാണെന്ന് പ്രഖ്യാപനം നടത്തുകയുണ്ടായി. പിഎസ്‌ജി കരാർ അവസാനിച്ച താരം ബാഴ്‌സലോണയിലേക്ക് ചേക്കേറുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധികൾ വീണ്ടും അതിനു തടസമായതോടെയാണ് മെസി തീരുമാനം എടുത്തത്.

മെസിയുടെ തീരുമാനം ആരാധകരെ സംബന്ധിച്ച് വലിയ നിരാശയാണ് നൽകിയത്. യൂറോപ്യൻ ഫുട്ബോളിൽ ഇനിയും നിരവധി വർഷങ്ങൾ കളിക്കാൻ കഴിയുമെന്നിരിക്കെയാണ് ലയണൽ മെസി അമേരിക്കൻ ലീഗിലേക്ക് ചേക്കേറിയിരിക്കുന്നത്. അതിനിടയിൽ ലയണൽ മെസി ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾക്കിടയിൽ ഇന്റർ മിയാമിയുടെ ഡച്ച് ഗോൾകീപ്പർ നിക്ക് മാർസ്‌മാൻ പറഞ്ഞ വാക്കുകൾ കൂടുതൽ ആശങ്ക നൽകുന്നതാണ്.

“മെസിയുടെ വരവിന് ഈ ക്ലബ്ബ് തയ്യാറല്ലെന്ന് വ്യക്തിപരമായി ഞാൻ കരുതുന്നു. ഒരു താൽക്കാലിക സ്റ്റേഡിയമാണ് ഞങ്ങൾക്കുള്ളത്, ആളുകൾക്ക് പിച്ചിലൂടെ നടക്കാൻ കഴിയും, ഗേറ്റുകളില്ല. സെക്യൂരിറ്റിയില്ലാതെയാണ് ഞങ്ങൾ സ്റ്റേഡിയത്തിലേക്ക് പുറപ്പെടാറുള്ളത്. ഞങ്ങൾ ഇതുവരെ തയ്യാറല്ലെന്നാണ് എനിക്ക് തോന്നുന്നത്, പക്ഷെ ലയണൽ മെസി വരുമെന്ന് ഞാൻ കരുതുന്നു.” ഡച്ച് താരം പറഞ്ഞു.

ഇതിനു പുറമെ ഇന്റർ മിയാമിക്ക് ആരാധകരും വളരെ കുറവാണ്. ലീഗിൽ മോശം പ്രകടനവുമാണ് ടീം നടത്തുന്നത്. ലയണൽ മെസിയെ സംബന്ധിച്ച് കരിയറിൽ സംഭവിച്ച വലിയൊരു വീഴ്‌ച തന്നെയാണ് ഇന്റർ മിയാമിയിലേക്കുള്ള ട്രാൻസ്‌ഫർ. എന്നാൽ താരത്തിന്റെ വരവോടെ അമേരിക്കൻ ലീഗിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയും ആരാധകർക്കുണ്ട്.

Inter Miami Player Thinks Club Is Not Ready For Lionel Messi Arrival