കേരളത്തിൽ ലോകോത്തര നിലവാരമുള്ള രണ്ട് ഫുട്ബോൾ ഓൺലി സ്റ്റേഡിയങ്ങൾ വരുന്നു, ഇനി വമ്പൻ പോരാട്ടങ്ങൾക്ക് കേരളവും വേദിയാകും | Kerala

ഫുട്ബോളിനെ സ്നേഹിക്കുന്നവർക്കു പേരുകേട്ട സംസ്ഥാനമാണ് കേരളം. ഇന്ത്യയിൽ ഇതുപോലെ ഫുട്ബോളിന് പിന്തുണ നൽകുന്ന വളരെ ചുരുക്കം സ്ഥലങ്ങളേയുള്ളൂ. കേരള ബ്ലാസ്റ്റേഴ്‌സിന് ലഭിക്കുന്ന പിന്തുണ നോക്കിയാൽ തന്നെ മലയാളക്കരയുടെ ഫുട്ബോൾ പ്രേമം മനസിലാക്കാൻ കഴിയും. എന്നാൽ അതേസമയം ഫുട്ബോളിന്റെ വളർച്ചക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ കേരളം പിന്നിലാണ്.

ഫുട്ബോളിന് മാത്രമായുള്ള സ്റ്റേഡിയങ്ങളുടെ അപര്യാപ്‌തത കേരളത്തിലുണ്ട്. മൾട്ടി പർപ്പസ് സ്റേഡിയങ്ങളാണ് നിലവിൽ ഫുട്ബോൾ മത്സരങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നത്. ഇതിലൊരു മാറ്റം വരണമെന്ന് കേരളത്തിലെ ഫുട്ബോൾ ആരാധകർ കുറച്ചു കാലമായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്. ഇപ്പോൾ അക്കാര്യത്തിൽ ആരാധകർക്ക് പ്രതീക്ഷ നൽകുന്ന ഒരു വാർത്ത പുറത്തു വരുന്നുണ്ട്.

കേരളത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള രണ്ടു സ്റ്റേഡിയങ്ങൾ വരാൻ പോകുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫുട്ബോൾ ആരാധകർ വളരെക്കൂടുതലുള്ള മലബാറിലെ ജില്ലകളായ മലപ്പുറത്തും കോഴിക്കോടുമാണ് സ്റ്റേഡിയങ്ങൾ വരുന്നത്. 110 കോടി രൂപ ഓരോ സ്റ്റേഡിയത്തിനും ചിലവ് വരും. കോഴിക്കോട് ബീച്ചിനടുത്തും മലപ്പുറത്ത് മഞ്ചേരിയുമാണ് സ്റ്റേഡിയങ്ങൾ നിർമിക്കാൻ ഉദ്ദേശിച്ചിട്ടുള്ളത്.

ഇന്ത്യയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങൾ നടത്താൻ ഒരുക്കമാണെന്ന് കേരളം ഫിഫയെ അറിയിച്ചിരുന്നു. എന്നാൽ മത്സരം നടത്താൻ വേണ്ട നിലവാരമുള്ള സ്റ്റേഡിയങ്ങൾ ഇല്ലെന്നു ചൂണ്ടിക്കാട്ടി ഫിഫ കേരളത്തിന്റെ അപേക്ഷ നിരസിക്കുകയുണ്ടായി. ഇതോടെയാണ് ലോകോത്തര നിലവാരമുള്ള സ്റ്റേഡിയം ഉണ്ടാക്കാനുള്ള പദ്ധതി കേരളം അവലംബിക്കുന്നത്. വളരെ പെട്ടന്ന് തന്നെ പണി പൂർത്തിയാക്കുകയാണ് ലക്‌ഷ്യം.

ഈ രണ്ടു ഫുട്ബോൾ സ്റ്റേഡിയങ്ങൾ വരുന്നത് കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് വളരെ സന്തോഷം നൽകുന്ന വാർത്തയാണ്. കേരളത്തിലെ ക്ലബുകൾക്ക് വലിയ ആരാധകപിന്തുണ ഉണ്ടെങ്കിലും ഫുട്ബോളിന് മാത്രമായുള്ള സ്റ്റേഡിയത്തിൽ വെച്ചല്ല മത്സരം നടക്കുന്നത് എന്നതിനാൽ ഗ്യാലറി അനുഭവത്തിനു പരിമിതികളുണ്ട്. ഫുട്ബോളിന് മാത്രമായി സ്റ്റേഡിയം വരുന്നതോടെ മത്സരങ്ങൾ വേറെ ലെവലായി മാറും.

Two FIFA Standard Football Stadium To Come In Kerala