കേരള ബ്ലാസ്റ്റേഴ്‌സിന്റെ വഴിയേ മോഹൻ ബഗാനും നീങ്ങുന്നു, ഈ തെറ്റുകൾ ഇനിയും കണ്ടില്ലെന്നു നടിക്കാൻ കഴിയില്ല | Mohun Bagan

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു റഫറിക്കെതിരെ ഏറ്റവും ശക്തമായ പ്രതിഷേധം കണ്ടത് കഴിഞ്ഞ സീസണിലാണ്. ബെംഗളൂരുവിനെതിരെ നടന്ന മത്സരത്തിൽ സുനിൽ ഛേത്രി നേടിയ ഗോൾ ഒരിക്കലും അനുവദിക്കാൻ പാടില്ലാത്ത ഒന്നായിരുന്നിട്ടും അത് അനുവദിച്ച റഫറി ക്രിസ്റ്റൽ ജോണിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ തന്റെ താരങ്ങളെക്കൂട്ടി മൈതാനം വിട്ടു പോവുകയായിരുന്നു. ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിൽ നിന്നും പുറത്തായത് അങ്ങിനെയാണ്.

ആ സംഭവം ഐഎസ്എൽ റഫറിമാർക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നതിനു കാരണമായെന്നതിൽ യാതൊരു സംശയവുമില്ല. അതിനു പിന്നാലെയാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ വീഡിയോ റഫറിയിങ് സംവിധാനം കൊണ്ടുവരണമെന്ന ആവശ്യം ശക്തിയായി ഉയർന്നത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സീസൺ മുതൽ വാർ ലൈറ്റ് കൊണ്ടുവരുമെന്ന വാഗ്‌ദാനങ്ങൾ ഉണ്ടായെങ്കിലും അതൊക്കെ വെറും വാക്കുകൾ മാത്രമായി ഒതുങ്ങിയെന്നതാണ് സത്യം.

ഈ സീസണിലും റഫറിയുടെ പിഴവുകൾ ഇന്ത്യൻ സൂപ്പർ ലീഗിൽ പ്രതിഷേധങ്ങൾ ഉയരാൻ കാരണമാകുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്‌റ്റേഴ്‌സിനെ ചതിച്ച ക്രിസ്റ്റൽ ജോണിന്റെ മാരകമായ പിഴവുകൾ കൊണ്ട് ബുദ്ധിമുട്ടേണ്ടി വന്നത് ഐഎസ്എല്ലിലെ വമ്പന്മാരായ മോഹൻ ബഗാനാണ്. ക്രിസ്റ്റൽ ജോൺ നിരവധി പിഴവുകൾ വരുത്തിയ മത്സരത്തിൽ മോഹൻ ബഗാൻ സമനില കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു. ഇതിനെതിരെ ആരാധകർ ശക്തമായ പ്രതിഷേധം ഉയർത്തുകയും ചെയ്‌തിരുന്നു.

എന്നാൽ ആരാധകരുടെ പ്രതിഷേധത്തിൽ മാത്രം എല്ലാം ഒതുക്കാൻ മോഹൻ ബഗാൻ ഒരുക്കമല്ല. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ചെയ്‌തതതു പോലെത്തന്നെ ക്രിസ്റ്റൽ ജോണിനെതിരെ ഔദ്യോഗികമായ ഒരു പരാതി മോഹൻ ബഗാൻ നൽകിയെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മത്സരത്തിൽ മോഹൻ ബഗാനെ പ്രതികൂലമായി ബാധിക്കുന്ന തെറ്റായ തീരുമാനങ്ങൾ എടുത്ത ക്രിസ്റ്റൽ ജോണിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് കൊൽക്കത്ത ക്ലബ് ആവശ്യപ്പെടുന്നത്.

എന്നാൽ പരാതി നൽകിയത് കൊണ്ട് യാതൊരു വിധത്തിലുള്ള നടപടിയും റഫറിക്കെതിരെ ഉണ്ടാകാനുള്ള സാധ്യതയില്ല. കഴിഞ്ഞ സീസണിൽ ഇതിനേക്കാൾ ഗുരുതരമായ തെറ്റ് വരുത്തിയ ക്രിസ്റ്റൽ ജോണിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് നൽകിയ പരാതിയിൽ ഒരു നടപടിയും ഉണ്ടായില്ലായിരുന്നു. റഫറിമാർ എന്തൊക്കെ തെറ്റുകൾ വരുത്തിയാലും അവരെ സംരക്ഷിക്കുന്ന നിലപാട് തന്നെയാണ് ഇന്ത്യൻ ഫുട്ബോൾ നേതൃത്വം സ്വീകരിച്ചു കൊണ്ടിരിക്കുന്നത്.

Mohun Bagan Lodged Official Complaint Against Crystal John