കോപ്പ അമേരിക്ക ഫൈനൽ വരെ മുന്നേറാൻ അർജന്റീനക്ക് വളരെയെളുപ്പം, വെല്ലുവിളിയുണ്ടാവുക കലാശപ്പോരാട്ടത്തിൽ മാത്രം | Argentina

നിരവധി വർഷങ്ങളായി ഒരു കിരീടം സ്വന്തമാക്കിയിട്ടില്ലെന്ന അർജന്റീനയുടെ നിരാശ മാറിയത് 2021ൽ നടന്ന കോപ്പ അമേരിക്ക ടൂർണ്ണമെന്റിലായിരുന്നു. ബ്രസീലിൽ വെച്ചു നടന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ അവരെത്തന്നെ തോൽപ്പിച്ച് അർജന്റീന കിരീടം സ്വന്തമാക്കി. ഏതാനും മാസങ്ങൾക്കകം ആ കിരീടം നിലനിർത്തുന്നതിനു വേണ്ടി മറ്റൊരു കോപ്പ അമേരിക്ക ടൂർണ്ണമെന്റിനായി അർജന്റീന ഇറങ്ങാൻ പോവുകയാണ്.

ഇത്തവണ കോപ്പ അമേരിക്കയിൽ കോൺകാഫ് മേഖലയിൽ നിന്നുള്ള ടീമുകൾ ഉണ്ടെങ്കിലും അർജന്റീനയെ സംബന്ധിച്ച് ഫൈനൽ വരെയുള്ള യാത്ര വലിയ വെല്ലുവിളികൾ ഇല്ലാത്തതാണ്. ഗ്രൂപ്പ് എയിൽ അർജന്റീനയുടെ കൂടെ പെറു, ചിലി, കാനഡ അല്ലെങ്കിൽ ട്രിനിഡാഡ് ആൻഡ് ടൊബാഗോ എന്നിവരാണുള്ളത്. ദുർബലമായ ഈ ഗ്രൂപ്പിൽ നിന്നും മുന്നേറിയാൽ ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ എന്നിവയിൽ അർജന്റീന നേരിടാൻ സാധ്യതയുള്ളത് ഗ്രൂപ്പ് ബിയിലെ ടീമുകളെയാണ്.

മെക്‌സിക്കോ, ഇക്വഡോർ, വെനസ്വല, ജമൈക്ക എന്നിവരാണ് ഗ്രൂപ്പ് ബിയിലെ ടീമുകൾ. ഗ്രൂപ്പിലെ നാല് ഗ്രൂപ്പുകളെ താരതമ്യം ചെയ്യുമ്പോൾ അതൊരു മരണഗ്രൂപ്പ് ആണെങ്കിലും അർജന്റീനക്ക് അവരിലൊരാളും വെല്ലുവിളിയാകാൻ സാധ്യതയില്ല. കഴിഞ്ഞ ലോകകപ്പിൽ അർജന്റീന തോൽപ്പിച്ച ടീമാണ് മെക്‌സിക്കോ, ഇക്വഡോറിനെതിരെ ലോകകപ്പ് യോഗ്യത മത്‌സരത്തിലും അവർ വിജയിച്ചിരുന്നു. വെനസ്വല, ജമൈക്ക എന്നിവരും വെല്ലുവിളി ഉയർത്തിയേക്കില്ല.

അതേസമയം അർജന്റീനയുടെ എതിരാളികളായ ബ്രസീലിനെ സംബന്ധിച്ച് അത്ര എളുപ്പമല്ല മുന്നേറുകയെന്നത്. ഗ്രൂപ്പ് ഡിയിൽ കൊളംബിയ പാരഗ്വായ് എന്നിവരുടെ വെല്ലുവിളി നേരിടേണ്ടി വരുന്ന ബ്രസീലിനു ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ എന്നിവയിൽ വരാൻ സാധ്യതയുള്ള എതിരാളികളിൽ ഈ ടീമുകൾക്ക് പുറമെ ഗ്രൂപ്പ് സിയിലെ ടീമുകളുമുണ്ട്. യുറുഗ്വായ്, അമേരിക്ക എന്നീ ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പ് സിയിൽ നിന്നും മുന്നേറുന്ന ടീമുകളും സ്വന്തം ഗ്രൂപ്പിലെ ടീമുകളും ബ്രസീലിനു വെല്ലുവിളിയാണ്.

വമ്പൻ ടീമുകളെ ബ്രസീൽ നേരത്തെ തന്നെ നേരിടേണ്ടി വരുമ്പോൾ അർജന്റീനക്ക് അവരെ നേരിടേണ്ടി വരാനുള്ള സാധ്യത ഫൈനലിൽ മാത്രമാണ്. എന്നാൽ ഈ ടീമുകൾ എല്ലാവരും ഫൈനലിൽ അർജന്റീനക്ക് വലിയ വെല്ലുവിളി ഉയർത്തും. യുറുഗ്വായ് കഴിഞ്ഞ മാസം അർജന്റീനയെ തോൽപ്പിച്ച ടീമാണ്. ആരെയും തോൽപ്പിക്കാനുള്ള കരുത്തുള്ള അമേരിക്കക്കൊപ്പം കോപ്പ അമേരിക്കയെ വളരെ ഗൗരവത്തോടെ കാണുന്ന ബ്രസീലും അർജന്റീനയെ കിരീടമുയർത്താൻ സമ്മതിച്ചേക്കില്ല.

Argentina Got Easy Opponents In Copa America 2024 Until Final