ഈ കുതിപ്പ് താൽക്കാലികമല്ല, ബാഴ്‌സലോണയെയും തകർത്ത് ലാ ലിഗയിൽ ജിറോണ ഒന്നാം സ്ഥാനത്ത് | Girona FC

ലാ ലീഗ സീസൺ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴാണ് കാറ്റലോണിയയിൽ നിന്നുള്ള ക്ലബായ ജിറോണ എഫ്സിയുടെ കുതിപ്പ് പലരും ശ്രദ്ധിച്ചത്. റയൽ മാഡ്രിഡ്, ബാഴ്‌സലോണ, അത്ലറ്റികോ മാഡ്രിഡ് തുടങ്ങിയ വമ്പന്മാരുള്ള ലീഗിൽ മികച്ച പ്രകടനം നടത്തി അവർ ഒന്നാം സ്ഥാനത്തു വന്നെങ്കിലും അതൊരു താൽക്കാലിക പ്രതിഭാസം മാത്രമാണെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ കളിക്കളത്തിൽ അതിനെ പൊളിച്ചടുക്കി കുതിക്കുകയാണ് ജിറോണ.

ഇന്നലെ ബാഴ്‌സലോണയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ജിറോണ വിജയം സ്വന്തമാക്കിയത്. ജിറോണ തോൽവി വഴങ്ങിയാൽ തങ്ങൾക്ക് ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് കയറാൻ കഴിയുമെന്നിരിക്കെ റയൽ മാഡ്രിഡ് ആരാധകർ പോലും ബാഴ്‌സലോണയുടെ വിജയം ആഗ്രഹിച്ചിട്ടുണ്ടാകും എങ്കിലും മികച്ച പ്രകടനം നടത്തി ജിറോണ ഗംഭീര വിജയം സ്വന്തമാക്കുകയായിരുന്നു. നിലവിൽ റയൽ മാഡ്രിഡിനെക്കാൾ രണ്ടു പോയിന്റ് മുന്നിലാണവർ നിൽക്കുന്നത്.

മത്സരത്തിന്റെ പന്ത്രണ്ടാം മിനുട്ടിൽ തന്നെ ജിറോണ ആർടെം ഡോബികിലൂടെ മുന്നിലെത്തിയെങ്കിലും പത്തൊൻപതാം മിനുട്ടിൽ ബാഴ്‌സലോണയ്ക്ക് പ്രതീക്ഷ നൽകി ലെവൻഡോസ്‌കി സമനില ഗോൾ നേടി. എന്നാൽ നാൽപതാം മിനുട്ടിൽ മിഗ്വൽ ഗുട്ടിറെസ് ജിറോണയുടെ ലീഡ് വീണ്ടുമുയർത്തി. അതിനു ശേഷം എൺപതാം മിനുട്ടിൽ വലേറി ഫെർണാണ്ടസ് കൂടി ഗോൾ കണ്ടെത്തിയതോടെ തിരിച്ചുവരാമെന്ന ബാഴ്‌സയുടെ പ്രതീക്ഷകൾ മുഴുവനും ഇല്ലാതായി.

തൊണ്ണൂറ്റിരണ്ടാം മിനുട്ടിൽ ഗുൻഡോഗാനിലൂടെ ബാഴ്‌സ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും അതിനു പിന്നാലെ ക്രിസ്റ്റ്യൻ സ്റ്റുവാനി ഒരു ഗോൾ കൂടി നേടി ബാഴ്‌സയുടെ നെഞ്ചിൽ അവസാനത്തെ ആണിയുമടിച്ചു. മത്സരത്തിൽ ബാഴ്‌സലോണയ്ക്ക് വിനയായത് ഫിനിഷിങ്ങിലെ പോരായ്‌മകളും പ്രതിരോധത്തിലെ പിഴവുകളുമാണ്. മുപ്പത്തിയൊന്നു ഷോട്ടുകളാണ് മത്സരത്തിൽ ബാഴ്‌സ ഉതിർത്തത്. നിരവധി സുവർണാവസരങ്ങൾ ബാഴ്‌സലോണ താരങ്ങൾ തുലച്ചു കളയുകയും ചെയ്‌തു.

പതിനാറു മത്സരങ്ങളിൽ നിന്നും 41 പോയിന്റുമായി ജിറോണ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ലീഗിൽ റയൽ മാഡ്രിഡ് മുപ്പത്തിയൊമ്പത് പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. പതിനഞ്ചു മത്സരങ്ങൾ കളിച്ച് 34 പോയിന്റുമായി അത്ലറ്റികോ മാഡ്രിഡ് മൂന്നാമത് നിൽക്കുമ്പോൾ ബാഴ്‌സലോണ പതിനാറു മത്സരങ്ങളിൽ നിന്നും അത്രയും പോയിന്റുമായി നാലാം സ്ഥാനത്താണ് നിൽക്കുന്നത്. ജിറോണ ആകെ തോൽവി വഴങ്ങിയത് റയൽ മാഡ്രിഡിനോട് മാത്രമാണ്.

Girona FC Beat FC Barcelona In La Liga