ഇതുപോലെയുള്ള താരങ്ങൾ പ്രതിരോധനിരയുടെ പേടിസ്വപ്‌നമാണ്, ഘാന താരത്തെ പ്രശംസിച്ച് ഇവാൻ വുകോമനോവിച്ച് | Vukomanovic

ഈ സീസണിൽ എട്ടു മത്സരങ്ങൾ ഇതുവരെ കളിച്ചെങ്കിലും എതിരാളികളുടെ മൈതാനത്ത് കേരള ബ്ലാസ്റ്റേഴ്‌സ് കളിച്ചിട്ടുള്ളത് വെറും രണ്ടു മത്സരങ്ങൾ മാത്രമാണ്. ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് തോറ്റ ഒരേയൊരു മത്സരം മുംബൈ സിറ്റിക്കെതിരെ അവരുടെ മൈതാനത്താണ്. സീസണിലെ മൂന്നാമത്തെ എവേ മത്സരത്തിനായി ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുമ്പോൾ കരുത്തരായ ഗോവയാണ് എതിരാളികൾ. സീസണിൽ ഇതുവരെ നടന്ന മത്സരങ്ങളിൽ ഏറ്റവും ശക്തരായ എതിരാളികളുമാണവർ.

ഗോവക്കെതിരായ എവേ മത്സരം ഡിസംബർ മൂന്നിനാണ് നടക്കാൻ പോകുന്നത്. അതിനു മുന്നോടിയായി ബ്ലാസ്റ്റേഴ്‌സ് പരിശീലകനും ടീമിലെ സ്‌ട്രൈക്കറായ ക്വാമെ പെപ്രയും കുറച്ചു സമയം മുൻപ് മാധ്യമങ്ങളെ കണ്ടിരുന്നു. ഒരുപാട് മത്സരങ്ങൾ ഗോളും അസിസ്റ്റുമില്ലാതെ പൂർത്തിയാക്കിയ പെപ്ര കഴിഞ്ഞ മത്സരത്തിൽ ആദ്യഗോൾ നേടുകയും ഗംഭീര പ്രകടനം നടത്തുകയും ചെയ്‌തിരുന്നു. ഘാന താരത്തെ വളരെയധികം പ്രശംസിച്ചാണ് ഇവാൻ മാധ്യമങ്ങളോട് സംസാരിച്ചത്.

“ആക്രമണത്തിന്റെ സ്വഭാവത്തിൽ ഓരോ കളിക്കാരനും വ്യത്യസ്‌തരായിരിക്കും. ട്രാൻസ്‌ഫർ ജാലകത്തിൽ ഞങ്ങൾ അന്വേഷിച്ച ഗുണങ്ങൾക്ക് എല്ലാ രീതിയിലും ചേരുന്ന താരമായിരുന്നു ക്വാമെ. വളരെ അപകടകാരിയായ ഒരു സ്‌ട്രൈക്കറായി താരം വേറിട്ടു നിൽക്കുന്നുണ്ട്. തുടർച്ചയായ മൂവ്മെന്റുകളും, പ്രവചിക്കാൻ കഴിയാത്ത മുന്നേറ്റങ്ങളും, വൺ ഓൺ വൺ സാഹചര്യങ്ങളിലുള്ള മികവും കൊണ്ട് മറ്റു താരങ്ങളിൽ നിന്നും പെപ്ര തടുക്കാൻ എത്ര ബുദ്ധിമുട്ടുള്ള താരമാണെന്ന് ഒരു മുൻ ഡിഫൻഡർ എന്ന നിലയിൽ എനിക്കറിയാം.”

“ഒരു പുതിയ രാജ്യത്തോടും ഭൂഖണ്ഡത്തോടും പൊരുത്തപ്പെടാൻ സമയമെടുക്കും, പ്രീസീസണിൽ കുറച്ച് വൈകിയാണ് ക്വാമെ എത്തിയത്, തന്റെ മികച്ച പ്രകടനത്തിലെത്താനും ടീമംഗങ്ങളുമായി ബന്ധം സ്ഥാപിക്കാനും ചെറിയൊരു കാലയളവ് ആവശ്യമായിരുന്നു. ഇതൊക്കെയാണെങ്കിലും, അവന്റെ കഴിവുകളിൽ ഞങ്ങൾ വിശ്വാസം കാത്തുസൂക്ഷിച്ചു. എല്ലാ ഗെയിമിലും, അവൻ ഒരു ഭീഷണിയാണെന്ന് തെളിയിക്കുന്നു, അവസരങ്ങൾ സൃഷ്ടിച്ച് ഞങ്ങളുടെ എതിരാളികൾക്ക് ബുദ്ധിമുട്ടുണ്ടാക്കി ടീമിന്റെ വിജയത്തിലേക്ക് ഗണ്യമായ സംഭാവന നൽകുന്നു.” വുകോമനോവിച്ച് പറഞ്ഞു.

ഗോളുകൾ നേടാറില്ലെങ്കിലും ടീമിന്റെ പ്രെസിങ് ശൈലിയിൽ വലിയ പങ്കാണ് പെപ്ര വഹിച്ചു കൊണ്ടിരുന്നതെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. തന്റെ ജോലി കൃത്യമായി നിർവഹിച്ചിരുന്ന താരം കഴിഞ്ഞ മത്സരത്തിൽ ഈ സീസണിൽ ഏറ്റവും മികച്ച പ്രകടനം നടത്തുകയും ഗോൾ കണ്ടെത്തുകയും ചെയ്‌തു. ഈ ഗോൾ കൂടുതൽ ഗോളുകൾ നേടാനും മികച്ച പ്രകടനം നടത്താനും താരത്തിന് ആത്മവിശ്വാസം നൽകുമെന്ന കാര്യത്തിൽ സംശയമില്ല.

Vukomanovic About Kwame Peprah Qualities