ഗ്വാർഡിയോളക്കിട്ടു പണി കൊടുത്ത് ആഴ്സണലിന്റെ റെക്കോർഡ് ട്രാൻസ്ഫർ, അടുത്ത സീസണിൽ ഇരട്ടി കരുത്തരാകാൻ ഗണ്ണേഴ്സ് | Arsenal
കഴിഞ്ഞ നിരവധി ട്രാൻസ്ഫർ ജാലകങ്ങളിലായി ഉയർന്നു കേൾക്കാറുള്ള പേരാണ് വെസ്റ്റ് ഹാം യുണൈറ്റഡ് താരമായ ഡെക്ലൻ റൈസിന്റെത്. ഡിഫൻസീവ് മിഡ്ഫീൽഡ് പൊസിഷനിൽ നിലവിൽ ഏറ്റവും മൂല്യമുള്ള താരങ്ങളിലൊരാളായ റൈസിനായി ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലും വലിയ പോരാട്ടം തന്നെ നടന്നിരുന്നു. ഒടുവിൽ ആ പോരാട്ടത്തിൽ ആഴ്സണൽ വിജയം നേടിയെന്നാണ് ഇപ്പോൾ ഉറപ്പിക്കാൻ കഴിയുന്നത്.
വെസ്റ്റ് ഹാം യുണൈറ്റഡ് തന്നെയാണ് ഡെക്ലൻ റൈസ് ക്ലബ് വിടുകയാണെന്നും ആഴ്സണലിലേക്കാണ് താരം എത്തുകയെന്നും വ്യക്തമാക്കിയിരിക്കുന്നത്. ഇരുപത്തിനാലുകാരനായ താരം ബ്രിട്ടീഷ് റെക്കോർഡ് ട്രാൻസ്ഫർ തുകയ്ക്കാണ് ആഴ്സണലിൽ എത്തുകയെന്നും വ്യക്തമായിട്ടുണ്ട്. താരവും തന്റെ ട്രാൻസ്ഫർ സ്ഥിരീകരിച്ചും വെസ്റ്റ് ഹാം യുണൈറ്റഡ് ആരാധകരോട് വിട പറഞ്ഞും സോഷ്യൽ മീഡിയയിൽ വൈകാരികമായ പോസ്റ്റ് ഇട്ടിട്ടുണ്ട്.
Declan Rice to Arsenal will become the second biggest fee paid by an English club at £105m ✍️
and the biggest transfer BETWEEN two British clubs 💰🔝 pic.twitter.com/RNbVyhbp4V
— Football Daily (@footballdaily) July 15, 2023
റിപ്പോർട്ടുകൾ പ്രകാരം 105 മില്യൺ പൗണ്ടാണ് റൈസിനായി ആഴ്സണൽ മുടക്കുന്നത്. ആഴ്സണലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രാൻസ്ഫർ കൂടിയാണിത്. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ആഴ്സണൽ എത്തിയത്. ഇത്തവണ അവരെ മറികടന്ന് പ്രീമിയർ ലീഗ് കിരീടം നേടുന്നതിന് പുറമെ ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനം നടത്താനും ആഴ്സണൽ ഒരുങ്ങുകയാണ് ഈ ട്രാൻസ്ഫറിലൂടെ.
പത്ത് വർഷമായി വെസ്റ്റ് ഹാം യുണൈറ്റഡിനോടൊപ്പമുള്ള താരത്തെ സംബന്ധിച്ച് വൈകാരികമായ ഒരു നിമിഷമാണിത്. ക്ലബിന് യുവേഫ കോൺഫറൻസ് ലീഗ് കിരീടം നേടിക്കൊടുത്തിട്ടാണ് താരം ക്ലബിനോട് വിടപറയുന്നത്. 2017 മുതൽ വെസ്റ്റ് ഹാം സീനിയർ ടീമിൽ കളിക്കുന്ന താരത്തെ മാഞ്ചസ്റ്റർ സിറ്റിയുടെ കനത്ത വെല്ലുവിളിയെ മറികടന്നാണ് ആഴ്സണൽ സ്വന്തമാക്കുന്നത്. അടുത്ത സീസണിൽ അതവർക്ക് ഗുണം ചെയ്യുമെന്നതിൽ സംശയമില്ല.
West Ham Confirm Declan Rice Joins Arsenal