പിഎസ്‌ജിയോട് മെസിക്ക് ഇത്രയും അകൽച്ചയോ, ആരും പ്രതീക്ഷിക്കാത്ത നീക്കവുമായി അർജന്റൈൻ താരം | Messi

ബാഴ്‌സലോണ വിട്ട ലയണൽ മെസി വലിയ ആഘോഷത്തോടെയാണ് ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയിലേക്ക് ചേക്കേറിയതെങ്കിലും അവിടുത്തെ നാളുകൾ താരത്തിന് അത്ര സുഖകരമായിരുന്നില്ല. ആദ്യത്തെ സീസണിൽ ലീഗുമായി ഇണങ്ങിച്ചേരാൻ സമയമെടുത്തതിനാൽ ബാഴ്‌സലോണയിൽ നടത്തിയിരുന്നതു പോലെ അസാമാന്യ പ്രകടനം മെസിയുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. അതിന്റെ പേരിൽ താരം പല ഭാഗത്തു നിന്നും വ്യാപകമായി വിമർശിക്കപ്പെടുകയും ചെയ്‌തു.

ഇക്കഴിഞ്ഞ സീസണിൽ അതിനെല്ലാം മറുപടി നൽകുന്ന പ്രകടനമാണ് മെസിയുടെ ഭാഗത്തു നിന്നും ഉണ്ടായതെങ്കിലും ഖത്തർ ലോകകപ്പ് വഴിത്തിരിവായി. ഫ്രാൻസിനെ തോൽപ്പിച്ച് അർജന്റീന ലോകകപ്പ് നേടിയതോടെ ഫ്രാൻസിലെ ആരാധകർ മെസിക്കെതിരായി. അതിനു ശേഷം താരത്തിനെതിരായ പ്രതിഷേധങ്ങളും കൂക്കി വിളികളും വർധിച്ചതോടെ മെസി പിഎസ്‌ജിയുമായി കരാർ പുതുക്കുന്നില്ലെന്ന് തീരുമാനിച്ച് ക്ലബ് വിടുകയായിരുന്നു.

പിഎസ്‌ജി വിട്ട് ഇന്റർ മിയാമിയിലേക്ക് ചേക്കേറിയ ലയണൽ മെസി കഴിഞ്ഞ ദിവസം ഫ്രഞ്ച് ക്ലബ്ബിനെ ഇൻസ്റ്റാഗ്രാമിൽ മിന്നും അൺഫോളോ ചെയ്യുകയുണ്ടായി. ഇതിനു മുൻപ് കളിച്ചിട്ടുള്ള രണ്ടു ക്ലബുകളെയും ഫോളോ ചെയ്യുന്ന ലയണൽ മെസി പിഎസ്‌ജിയെ അൺഫോളോ ചെയ്‌തതിൽ നിന്നു തന്നെ താരത്തിന് അവരോടുള്ള അകൽച്ച മനസിലാക്കാവുന്നതാണ്. അവിടെ നിന്നുമുള്ള ഒരു ഓർമകളും തനിക്കിനി വേണ്ടെന്നുറപ്പിച്ചാണ് മെസി ഫ്രഞ്ച് ക്ലബ്ബിനെ അൺഫോളോ ചെയ്‌തിരിക്കുന്നത്‌.

അതേസമയം രസകരമായ മറ്റൊരു കാര്യം ലയണൽ മെസി തന്റെ പുതിയ ക്ലബായ ഇന്റർ മിയാമിയെ ഇതുവരെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്‌തിട്ടില്ലെന്നതാണ്. നിലവിൽ നാല് ക്ലബുകളെ മാത്രമാണ് മെസി ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്. താരത്തിന്റെ ആദ്യത്തെ ക്ലബായ നെവെൽസ് ഓൾഡ് ബോയ്‌സ്, ബാഴ്‌സലോണ എന്നിവർക്ക് പുറമെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകളായ ചെൽസി, മാഞ്ചസ്റ്റർ സിറ്റി എന്നിവരെ മാത്രമാണ് മെസി ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്.

Messi Unfollowed PSG On Instagram