ലോകകപ്പ് നേടിയ താരങ്ങൾ അർജന്റീന ടീമിൽ നിന്നും പുറത്ത്, ഡിബാലയും ലൗടാരോയും ഒഴിവാക്കപ്പെട്ടതിന്റെ കാരണമിതാണ് | Argentina

ജൂണിൽ ഏഷ്യ സന്ദർശനത്തിനായി ഒരുങ്ങുകയാണ് അർജന്റീന ടീം. ജൂൺ പതിനഞ്ചിനു ഓസ്‌ട്രേലിയക്കെതിരെയും അതിനു ശേഷം ജൂൺ പത്തൊമ്പതിനു ഇന്തോനേഷ്യയുമായാണ് അർജന്റീന സൗഹൃദ മത്സരങ്ങൾ കളിക്കുന്നത്. ഖത്തറിൽ വെച്ച് നടന്ന ലോകകപ്പിൽ അർജന്റീനക്ക് വലിയ രീതിയിൽ പിന്തുണ നൽകിയ ഏഷ്യൻ രാജ്യങ്ങളോടുള്ള കടപ്പാട് എന്ന രീതിയിൽ കൂടി കളിക്കുന്ന ഈ മത്സരങ്ങൾക്കുള്ള ടീമിനെ കഴിഞ്ഞ ദിവസം പരിശീലകനായ ലയണൽ സ്‌കലോണി പ്രഖ്യാപിക്കുകയുണ്ടായി.

സൗഹൃദമത്സരങ്ങൾക്കുള്ള സ്‌ക്വാഡ് ലിസ്റ്റ് പുറത്തു വന്നപ്പോൾ അതിൽ രണ്ടു താരങ്ങളുടെ അഭാവം ഏവരും ശ്രദ്ധിക്കുകയുണ്ടായി. ഇന്റർ മിലാനു വേണ്ടി മിന്നുന്ന ഫോമിൽ കളിക്കുന്ന ലൗടാരോ മാർട്ടിനസ്, ഇറ്റാലിയൻ ക്ലബായ റോമയുടെ താരമായ പൗളോ ഡിബാല എന്നിവരാണ് ടീമിൽ നിന്നും പുറത്തു പോയിരിക്കുന്നത്. ടീമിലെ പ്രധാനപ്പെട്ട താരങ്ങളായ, ഖത്തർ ലോകകപ്പ് നേടിയ ടീമിലുണ്ടായിരുന്ന ഇവരുടെ അഭാവം അർജന്റീന ആരാധകരെ അത്ഭുതപ്പെടുത്തിയ ഒന്നുമാണ്.

ഇവരെ ടീമിൽ നിന്നും ഒഴിവാക്കിയതിന്റെ കാരണം ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. ലൗടാരോ മാർട്ടിനസ് ചാമ്പ്യൻസ് ലീഗ് ഫൈനലിനു ശേഷം തന്റെ പരിക്ക് മാറാനുള്ള ശസ്ത്രക്രിയക്ക് വിധേയമാക്കാൻ ഒരുങ്ങുകയാണ്. ലോകകപ്പിൽ താരത്തിന്റെ പ്രകടനം മോശമാകാൻ ഈ പരിക്കൊരു കാരണമായിരുന്നു. ഡിബാലയും നിലവിൽ ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല. ഇക്കാരണം കൊണ്ട് യൂറോപ്പ ലീഗ് ഫൈനലിൽ താരം കളിക്കാൻ സാധ്യതയില്ലെന്ന് റോമ പരിശീലകൻ അറിയിച്ചിരുന്നു.

ലോകകപ്പ് നേടിയ മറ്റു ചില താരങ്ങളും ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ ലിസാൻഡ്രോ മാർട്ടിനസ് പരിക്ക് കാരണം പുറത്തായപ്പോൾ ഏഞ്ചൽ കൊറേയ, പപ്പു ഗോമസ്, യുവാൻ ഫോയ്ത്ത്, ഫ്രാങ്കോ അർമാനി എന്നിവരും ലോകകപ്പ് ടീമിൽ ആദ്യം ഇടം നേടി പിന്നീട് പുറത്തു പോയ ജൊവാക്വിൻ കൊറേയയും അർജന്റീന ടീമിലില്ല. എങ്കിലും മികച്ച പ്രകടനം നടത്തുന്ന മറ്റു ചില താരങ്ങൾ ടീമിന്റെ ഭാഗമായിട്ടുണ്ട്.

Why Dybala Lautaro Not Included In Argentina Squad For Friendlies