പരിശീലകൻ കൂടിയാണ് റൊണാൾഡോ, സഹതാരങ്ങൾക്ക് കളി പറഞ്ഞു കൊടുത്ത് ഗോളടിപ്പിച്ച് പോർച്ചുഗൽ താരം | Cristiano Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന കാലഘട്ടമാണ് കടന്നു പോകുന്നത്. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഒരു കിരീടം പോലും സ്വന്തമാക്കാൻ കഴിയാതിരുന്ന താരം ഈ സീസണിനിടയിൽ അൽ നസ്റിലേക്ക് ചേക്കേറിയപ്പോൾ കിരീടവരൾച്ചക്ക് അവസാനം കുറിക്കുമെന്ന് ഏവരും കരുതി. എന്നാൽ സീസൺ അവസാനിക്കാൻ ഒരു മത്സരം മാത്രം ബാക്കി നിൽക്കെ മറ്റൊരു സീസൺ കൂടി കിരീടമില്ലാതെ അവസാനിപ്പിക്കുന്നതിലേക്കാണ് റൊണാൾഡോ നീങ്ങുന്നത്.

കഴിഞ്ഞ ദിവസം സൗദി പ്രൊ ലീഗിൽ നടന്ന മത്സരത്തിൽ അൽ ഇത്തിഫാഖിനോട് സമനില വഴങ്ങിയതോടെയാണ് അൽ നസ്‌റിന്റെ കിരീടപ്രതീക്ഷ അവസാനിച്ചത്. ഇപ്പോൾ ഒന്നാം സ്ഥാനത്തുള്ള അൽ ഇത്തിഹാദിനെക്കാൾ അഞ്ചു പോയിന്റ് പിന്നിലാണ് അൽ നസ്ർ. അതേസമയം മത്സരത്തിന് ശേഷം ആരാധകർ ചർച്ച ചെയ്യുന്നത് ടീമിന് വേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ എടുക്കുന്ന പരിശ്രമങ്ങളെ കുറിച്ചാണ്. അൽ നസ്‌റിന്റെ സമനില ഗോൾ തന്നെ പിറന്നത് റൊണാൾഡോയുടെ നിർദ്ദേശങ്ങൾ പ്രകാരമാണെന്ന് ആരാധകർ വീഡിയോ സഹിതം ചൂണ്ടിക്കാണിക്കുന്നു.

അൽ ഇത്തിഫാക് മുന്നിലെത്തിയ ആദ്യപകുതിക്ക് ശേഷം അമ്പത്തിയാറാം മിനുട്ടിലാണ് എൽ നസ്‌റിന്റെ ഗോൾ പിറക്കുന്നത്. ഈ ഗോളിലേക്കുള്ള നീക്കങ്ങളിൽ നിർണായക പങ്കു വഹിച്ച റൊണാൾഡോ ടീമംഗങ്ങൾക്ക് കൃത്യമായ നിർദ്ദേശങ്ങൾ ഓരോ ഘട്ടത്തിലും നൽകിയിരുന്നു. ഒടുവിൽ ഗുസ്‌താവോ ബോക്‌സിന് പുറത്തു നിന്നുമുള്ള ഷോട്ടിലൂടെയാണ് വല കുലുക്കിയത്. ടീമിന്റെ പരിശീലകന്റെ വേഷം കൂടി റൊണാൾഡോ ചെയ്യുന്നുണ്ടെന്നാണ് ഇതിനു ശേഷം ആരാധകർ പറയുന്നത്.

മത്സരത്തിൽ ഗോളോ അസിസ്റ്റോ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും സോഫാസ്‌കോറിൽ മികച്ച റേറ്റിങ്ങാണ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ലഭിച്ചത്. ടീമിന്റെ വിജയത്തിനായി താരം നടത്തുന്ന ശ്രമം ഇതിൽ നിന്നും വ്യക്തമാണ്. എന്നാൽ അതിനു വേണ്ടത്ര പിന്തുണ നൽകാൻ സഹതാരങ്ങൾക്ക് കഴിയുന്നില്ല എന്നാണു ആരാധകർ ചൂണ്ടിക്കാട്ടുന്നത്. എന്തായാലും നിരാശപ്പെടുത്തുന്ന മറ്റൊരു സീസൺ കൂടി പൂർത്തിയാക്കിയ റൊണാൾഡോ യൂറോപ്പിലേക്ക് തിരികെയെത്തുമോ എന്നാണു ആരാധകർ ഉറ്റു നോക്കുന്നത്.

Cristiano Ronaldo Being Manager And Player For Al Nassr Same Time