റെക്കോർഡുകളുടെ രാജകുമാരൻ, ഗോളും കിരീടനേട്ടവുമായി ലയണൽ മെസി തകർത്തത് രണ്ടു റെക്കോർഡുകൾ | Lionel Messi

കഴിഞ്ഞ ദിവസം നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ സ്‌ട്രോസ്‌ബർഗിനെതിരെസമനില നേടാൻ പിഎസ്‌ജിയെ സഹായിച്ചത് ലയണൽ മെസിയുടെ അടിപൊളി ഗോളായിരുന്നു. സ്‌ട്രോസ്‌ബർഗ് സ്വന്തം മൈതാനത്ത് ആധിപത്യം സ്ഥാപിച്ച മത്സരത്തിൽ പിഎസ്‌ജിക്ക് അടിപതറുമോയെന്ന് സംശയിച്ചെങ്കിലും മെസി ടീമിനെ മുന്നിലെത്തിച്ചു. സ്‌ട്രോസ്‌ബർഗ് പിന്നീട് ഗോൾ തിരിച്ചടിച്ചെങ്കിലും സമനില മാത്രം മതിയായിരുന്നു പിഎസ്‌ജിക്ക് ഫ്രഞ്ച് ലീഗ് കിരീടമുറപ്പിക്കാൻ.

മത്സരത്തിൽ സമനില നേടിയെടുത്ത് ഒരു കിരീടം കൂടി സ്വന്തമാക്കിയതോടെ കരിയറിൽ ഏറ്റവുമധികം കിരീടങ്ങളെന്ന നേട്ടത്തിൽ ബ്രസീലിയൻ താരം ഡാനി ആൽവസിന്റെ റെക്കോർഡിനൊപ്പമെത്താൻ ലയണൽ മെസിക്ക് കഴിഞ്ഞു. മെസിക്കും ഡാനിക്കുമിപ്പോൾ നാൽപ്പത്തിമൂന്നു കിരീടങ്ങളാണ് സ്വന്തം പേരിലുള്ളത്. ലയണൽ മെസിക്ക് കരിയർ ഇനിയും ബാക്കിയുള്ളതിനാൽ ഈ റെക്കോർഡിൽ താരം ഒരുപാട് മുന്നേറുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

ഇതിനു പുറമെ യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ ഏറ്റവുമധികം ഗോളുകളെന്ന റൊണാൾഡോയുടെ റെക്കോർഡും ലയണൽ മെസി തകർക്കുകയുണ്ടായി. ഇന്നലത്തെ മത്സരത്തിലെ ഗോളോടെ യൂറോപ്പിലെ പ്രധാന ലീഗുകളിൽ 496 ഗോളുകളാണ് മെസി നേടിയിട്ടുള്ളത്/ 577 മത്സരങ്ങളിൽ നിന്നും ഇത്രയും ഗോളുകൾ നേടിയി ലയണൽ മെസി 626 മത്സരങ്ങളിൽ നിന്നും 495 ഗോളുകൾ നേടിയ റൊണാൾഡോയുടെ റെക്കോർഡാണ് കഴിഞ്ഞ ദിവസം മറികടന്നത്.

ഇന്നലത്തെ മത്സരത്തിൽ ഗോൾ നേടിയതോടെ ഈ സീസണിൽ പതിനാറു ഗോളുകളാണ് ലയണൽ മെസി സ്വന്തമാക്കിയത്. ഇതിനു പുറമെ പതിനാറു ഗോളുകൾക്ക് താരം വഴിയൊരുക്കുകയും ചെയ്‌തു. ആരാധകർ തനിക്കെതിരെ തിരിഞ്ഞിട്ടും ആത്മാർത്ഥമായ പ്രകടനമാണ് ലയണൽ മെസി ക്ലബിനായി നടത്തിയത്. ടീമിന് കിരീടം നേടിക്കൊടുത്ത നിർണായക ഗോളും മെസി സ്വന്തമാക്കി. എന്നാൽ ഈ സീസണിനപ്പുറം മെസി ഫ്രഞ്ച് ലീഗിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ല.

Lionel Messi Set Two Records With PSG Goal Against Strasbourg