വീണ്ടും പിഎസ്‌ജിയെ രക്ഷിച്ച് ലയണൽ മെസിയുടെ കിടിലൻ ഗോൾ, ലീഗ് വൺ കിരീടം നേടി ഫ്രഞ്ച് ക്ലബ് | Lionel Messi

ഒരിക്കൽക്കൂടി ലയണൽ മെസി പിഎസ്‌ജിയുടെ രക്ഷകനായപ്പോൾ ലീഗ് വൺ കിരീടം ചൂടി ഫ്രഞ്ച് ക്ലബ്. ഇന്നലെ നടന്ന മത്സരത്തിൽ സ്ട്രാസ്ബർഗിനെതിരെ പിഎസ്‌ജി സമനില വഴങ്ങിയപ്പോൾ ടീമിന്റെ ഒരേയൊരു ഗോൾ നേടിയത് ലയണൽ മെസിയായിരുന്നു. ഫ്രഞ്ച് ലീഗിൽ ഒരു മത്സരം ബാക്കി നിൽക്കെയാണ് പിഎസ്‌ജി കിരീടം ചൂടിയത്. സീസണിൽ മികച്ച പ്രകടനം നടത്തിയ ലെൻസിന്റെ വെല്ലുവിളി ഒരു മത്സരം ബാക്കി നിൽക്കെ അവസാനിച്ചു.

സ്‌ട്രോസ്‌ബർഗിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ അവർക്കായിരുന്നു ആധിപത്യം ഉണ്ടായിരുന്നത്. നിരവധി മുന്നേറ്റങ്ങൾ അവർ നടത്തിയെങ്കിലും ഗോളുകൾ അകന്നു നിന്നു. മറുവശത്ത് പിഎസ്‌ജി അവസരങ്ങൾ സൃഷ്‌ടിക്കാൻ ബുദ്ധിമുട്ടുകയായിരുന്നു. ആദ്യപകുതി ഗോളുകളൊന്നും ഇല്ലാതെയാണ് അവസാനിച്ചത്. സ്‌ട്രോസ്‌ബർഗ് മത്സരത്തിൽ കൃത്യമായ മുൻ‌തൂക്കം കാണിച്ചതോടെ ലീഗ് കിരീടം ഫോട്ടോഫിനിഷിംഗിലേക്ക് പോകുമോയെന്നു തോന്നിപ്പിച്ചു.

എന്നാൽ രണ്ടാം പകുതി ആരംഭിച്ച് പതിനഞ്ചു മിനുട്ട് പിന്നിട്ടപ്പോഴേക്കും ലയണൽ മെസിയുടെ ഗോൾ പിറന്നു. വിങ്ങിലൂടെ മുന്നേറി വന്ന എംബാപ്പെ ബോക്‌സിലേക്ക് കുതിച്ചെത്തിയ ലയണൽ മെസിക്ക് പന്ത് നൽകുകയായിരുന്നു. പന്ത് പിടിച്ചെടുത്ത ലയണൽ മെസി തന്റെ റണ്ണിങ്ങിനിടയിൽ തന്നെ മികച്ചൊരു ഷോട്ടുതിർക്കുകയും ഗോൾകീപ്പറെ പരാജയപ്പെടുത്തുകയും ചെയ്‌തു.സീസണിൽ ലയണൽ മെസിയുടെ പതിനാറാമത്തെ ഗോളാണ് ഇന്നലെ പിറന്നത്.

മത്സരത്തിൽ പിഎസ്‌ജി വിജയം നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും എഴുപത്തിയൊമ്പതാം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ കെവിൻ ഗമേയ്‌റോ ഗോൾ നേടി സ്വന്തം മൈതാനത്ത് സ്‌ട്രോസ്‌ബർഗിന് സമനില നേടിക്കൊടുത്തു. വിജയം കൈവിട്ടെങ്കിലും ഒരു മത്സരം ബാക്കി നിൽക്കെ നാല് പോയിന്റ് ലീഡുള്ളതാണ് പിഎസ്‌ജിയെ കിരീടമുറപ്പിക്കാൻ സഹായിച്ചത്. പതിനൊന്നാമത്തെ ഫ്രഞ്ച് ലീഗ് കിരീടമാണ് പിഎസ്‌ജി നേടുന്നത്.

Lionel Messi Goal Helped PSG To Win Ligue 1