മെസിയുടെ ആ മുഖവും വാക്കുകളും എന്നുമെന്റെ ഹൃദയത്തിലുണ്ടാകും, അർജന്റീന നായകനെക്കുറിച്ച് എമിലിയാനോ മാർട്ടിനസ് | Lionel Messi

ഖത്തർ ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിൽ ഒന്നായിരുന്നു അർജന്റീനയും ഹോളണ്ടും തമ്മിൽ നടന്ന ക്വാർട്ടർ ഫൈനൽ. രണ്ടു ഗോൾ നേടി അർജന്റീന മുന്നിലെത്തിയ മത്സരത്തിൽ അവസാന നിമിഷങ്ങളിൽ രണ്ടു ഗോൾ തിരിച്ചടിച്ച് ഹോളണ്ട് സമനില നേടുകയായിരുന്നു. തുടർന്ന് എക്‌സ്ട്രാ ടൈമിലേക്കും ഷൂട്ടൗട്ടിലേക്കും നീണ്ട വളരെയധികം ചൂടു പിടിച്ച മത്സരത്തിലാണ് അർജന്റീന വിജയം നേടിയത്.

അർജന്റീനയുടെ വിജയശിൽപിയായത് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് ആയിരുന്നു. കോപ്പ അമേരിക്ക കിരീടം അർജന്റീനക്ക് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച താരം ഹോളണ്ടിന്റെ രണ്ടു കിക്കുകളാണ് തടഞ്ഞിട്ടത്. മത്സരം വിജയിപ്പിച്ചതിനു ശേഷം തനിക്കരികിലേക്ക് ഓടിയെത്തിയ ലയണൽ മെസി പറഞ്ഞ വാക്കുകളെക്കുറിച്ച് കഴിഞ്ഞ ദിവസം താരം വെളിപ്പെടുത്തുകയുണ്ടായി.

“ഞാൻ കളിക്കളത്തിൽ മരിച്ചതു പോലെ കിടക്കുകയായിരുന്നു. ആരോ എന്നെ വന്നു കെട്ടിപിടിച്ചതിനു ശേഷം ‘നീ വീണ്ടുമിതു ചെയ്‌തുവെന്ന്‌ വിശ്വസിക്കാൻ കഴിയുന്നില്ല, നീ ഞങ്ങളെ വീണ്ടും രക്ഷപ്പെടുത്തിയിരിക്കുന്നു’ എന്നു പറഞ്ഞു. ഞാൻ തലയുയർത്തി നോക്കിയപ്പോൾ അത് ലയണൽ മെസിയായിരുന്നു. ആ ചിത്രം എല്ലായിപ്പോഴും എന്റെ ഹൃദയത്തിൽ ഉണ്ടായിരിക്കും.” എമിലിയാനോ ബിബിസിയോട് സംസാരിക്കുമ്പോൾ പറഞ്ഞു.

ആ മത്സരത്തിൽ മാത്രമല്ല, ഫൈനലിൽ ഫ്രാൻസിനെതിരെയും അർജന്റീനയുടെ വിജയശിൽപി എമിലിയാനോ മാർട്ടിനസ് തന്നെയായിരുന്നു. അവസാന മിനുട്ടിൽ നടത്തിയ ഒരു സേവും ഷൂട്ടൗട്ടിലെ രക്ഷപ്പെടുത്തലുകളുമടക്കം അർജന്റീനയുടെ കിരീടനേട്ടത്തിൽ നിർണായക പങ്ക് താരം വഹിച്ചു. ലോകകപ്പിൽ ലയണൽ മെസിയോളം അർജന്റീനയുടെ വിജയത്തിൽ നിർണായക പങ്കു വഹിച്ചത് എമിലിയാനോ ആയിരുന്നുവെന്ന് പറഞ്ഞാലും അതിൽ തെറ്റില്ല.

Emiliano Martinez Reveals Lionel Messi Moment After Netherlands Match