ബ്ലാസ്റ്റേഴ്‌സിനോടുള്ള സ്നേഹം വീണ്ടും തെളിയിച്ച് അൽവാരോ വാസ്‌ക്വസ്, എന്നാൽ ആരാധകർക്ക് നിരാശപ്പെടുത്തുന്ന വാർത്ത | Kerala Blasters

സ്പെയിനിലെ ടോപ് ടയർ ടീമുകളിൽ കളിച്ചിട്ടുള്ള അൽവാരോ വാസ്‌ക്വസ് ഒരൊറ്റ സീസൺ മാത്രമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി ബൂട്ടണിഞ്ഞിട്ടുള്ളത്. ഇരുപത്തിമൂന്നു മത്സരങ്ങളിൽ കളിച്ച താരം എട്ടു ഗോളുകൾ നേടി ടീമിനെ 2021-22 സീസണിന്റെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. എന്നാൽ മികച്ച പ്രകടനം നടത്തിയ താരത്തെ അതിനു പിന്നാലെ ഗോവക്ക് വിട്ടുകൊടുക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് ചെയ്‌തത്‌.

ബ്ലാസ്റ്റേഴ്‌സ് വിട്ടെങ്കിലും ടീമിനോടുള്ള സ്നേഹം പലപ്പോഴും വാസ്‌ക്വസ് പ്രകടിപ്പിക്കുകയുണ്ടായി. ബെംഗളൂരുവിനെതിരെ നടന്ന മത്സരത്തിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിപ്പോന്നപ്പോൾ പരിശീലകനായ ഇവാൻ വുകോമനോവിച്ചിന് പിന്തുണ നൽകി വാസ്‌ക്വസ് രംഗത്തു വന്നിരുന്നു. ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് രൂപീകൃതമായി ഒൻപതു വർഷങ്ങൾ തികയുന്ന വേളയിൽ ഇൻസ്റ്റാഗ്രാമിൽ അതുമായി ബന്ധപ്പെട്ട സ്റ്റോറിയും വാസ്‌ക്വസ് പോസ്റ്റ് ചെയ്‌തിട്ടുണ്ട്‌.

ബ്ലാസ്റ്റേഴ്‌സ് വിട്ട് ഗോവയിലേക്ക് ചേക്കേറിയ താരത്തിന് പക്ഷെ അവിടെ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ലായിരുന്നു. പതിനേഴു മത്സരങ്ങൾ കളിച്ച താരത്തിന് ആകെ ഒരൊറ്റ ഗോൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. ഇതോടെ വാസ്‌ക്വസ് ബ്ലാസ്റ്റേഴ്‌സിലേക്ക് അടുത്ത സീസണിൽ തിരിച്ചെത്തുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഈ അഭ്യൂഹങ്ങൾ ട്രാൻസ്‌ഫർ എക്സ്പെർട്ടായ മാർക്കസ് മെർഗുലാവോ പൂർണമായും നിഷേധിച്ചിരിക്കുകയാണ്.

അൽവാരോ വാസ്‌ക്വസ് അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ ചേരാൻ യാതൊരു സാധ്യതയുമില്ലെന്നാണ് മെർഗുലാവോ കഴിഞ്ഞ ദിവസം അറിയിച്ചത്. ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ച് വലിയ നിരാശ നൽകുന്ന കാര്യമാണിത്. ഇവാൻ വുകോമനോവിച്ചിന് കൃത്യമായി ഉപയോഗപ്പെടുത്താൻ കഴിയുന്നതും ബ്ലാസ്റ്റേഴ്‌സിനോട് വളരെയധികം സ്നേഹവും ആത്മാർത്ഥതയുമുള്ള ഒരു താരത്തെയാണ് ഇതോടെ നഷ്‌ടമാകുന്നത്.

Alvaro Vazquez To Kerala Blasters Wont Happen