യൂറോപ്പിലെ മികച്ച ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരം, വിദേശസ്‌ട്രൈക്കറെ ബ്ലാസ്റ്റേഴ്‌സ് കണ്ടെത്തിയെന്നു റിപ്പോർട്ടുകൾ

കേരള ബ്ലാസ്റ്റേഴ്‌സ് പുതിയൊരു സ്‌ട്രൈക്കറെ കണ്ടത്തുന്നതിനു വേണ്ടിയുള്ള ശ്രമങ്ങൾ സജീവമായി മുന്നോട്ടു കൊണ്ടു പോവുകയാണ്. പുതിയ സ്‌ട്രൈക്കറുടെ സൈനിങ്ങോടെ ഇത്തവണ കിരീടം നേടാൻ ഏറ്റവുമധികം സാധ്യതയുള്ള ടീമായി മാറുകയെന്നെ ലക്ഷ്യമാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്. സ്റ്റീവൻ ജോവറ്റിക്കിനു വേണ്ടി ക്ലബ് നടത്തിയ ശ്രമങ്ങളിൽ നിന്നും ഇക്കാര്യം വ്യക്തമാണ്.

എന്നാൽ കഴിഞ്ഞ സീസണിൽ യുവേഫ കോൺഫറൻസ് ലീഗ് കിരീടം നേടിയ ഒളിമ്പിയാക്കോസ്‌ ടീമിൽ അംഗമായിരുന്ന ജോവറ്റിക്ക് ബ്ലാസ്റ്റേഴ്‌സിന്റെ ഓഫറുകൾ നിരസിക്കുകയാണുണ്ടായത്. ഇന്ത്യയിലേക്ക് വരാൻ താരത്തിന് ഇപ്പോൾ താല്പര്യമില്ലെന്നാണ് വ്യക്തമാക്കിയത്. ഇതോടെ ചർച്ച നടത്തിയ മറ്റു താരങ്ങളെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ നടത്തുന്ന ബ്ലാസ്റ്റേഴ്‌സ് പുതിയ സ്‌ട്രൈക്കറെ കണ്ടെത്തിയെന്നാണ് സൂചനകൾ.

റിപ്പോർട്ടുകൾ പ്രകാരം ആഫ്രിക്കൻ രാജ്യമായ ഗിനിയ ബീസൂവിന്റെ താരമായ സിന്യോ ഗാനയെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ പോകുന്നത്. യൂറോപ്പിലെ പല പ്രധാന ക്ലബുകൾക്ക് വേണ്ടിയും കളിച്ചിട്ടുള്ള താരം നിലവിൽ ഫ്രീ ഏജന്റാണ്. ആഫ്രിക്കൻ ടീമിന്റെ താരമാണെങ്കിലും ബെൽജിയത്തിൽ ജനിച്ച താരം അവിടുത്തെ പ്രധാന ക്ലബുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ട്.

ബെൽജിയത്തിലെ പ്രധാന ക്ലബായ ബ്രുഗിലൂടെ കരിയർ ആരംഭിച്ച സിന്യോ ഗാന അതിനു പുറമെ മറ്റു പ്രധാന ക്ലബുകളായ റോയൽ ആൻറ്‌വെർപ്പ്, ജെങ്ക് തുടങ്ങിയ ക്ലബുകൾക്ക് വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട്. യൂറോപ്പ ലീഗ് ഉൾപ്പെടെയുള്ള പ്രധാന ടൂർണമെന്റുകളിൽ കളിച്ചു പരിചയമുള്ള മുപ്പതുകാരനായ താരം കഴിഞ്ഞ വർഷം നടന്ന ആഫ്രിക്കൻ കപ്പ് നേഷൻസിലും കളിച്ചിരുന്നു.

2021 മുതൽ കളിക്കുന്ന ബെൽജിയൻ ക്ലബായ സുൾട്ടെ വെൺഗ്രെമിനു വേണ്ടി മികച്ച പ്രകടനം നടത്തിയിട്ടുള്ള താരം നല്ലൊരു സ്‌ട്രൈക്കർ തന്നെയാണ്. ബെൽജിയത്തിനു പുറത്ത് ഇതുവരെ ഒരു ലീഗിലും കളിച്ചിട്ടില്ലെന്നതു മാത്രമാണ് താരത്തിന്റെ ഒരേയൊരു പരിമിതി. ട്രാൻസ്‌ഫർ പൂർത്തിയാക്കി ഇന്ത്യയിലെ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടാൽ മികച്ച പ്രകടനം നടത്താൻ താരത്തിന് കഴിയും.