അന്ന് ലയണൽ മെസി ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് സമ്മതിച്ച് റഫറി, ബ്രസീലിനെതിരെ അർജന്റീന പെനാൽറ്റി അർഹിച്ചിരുന്നു | Copa America

2019ലെ കോപ്പ അമേരിക്ക ടൂർണമെന്റിന്റെ സെമി ഫൈനലിൽ ബ്രസീലിനോട് അർജന്റീന തോൽവി വഴങ്ങിയ മത്സരത്തിനു ശേഷമുണ്ടായ വിവാദങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുമായി അന്ന് മത്സരം നിയന്ത്രിച്ച ഇക്വഡോറിയൻ റഫറി. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബ്രസീൽ വിജയം നേടുകയും ഫൈനലിലേക്ക് മുന്നേറുകയും ചെയ്‌ത മത്സരത്തിൽ തനിക്ക് പിഴവ് സംഭവിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്.

ബ്രസീൽ രണ്ടു ഗോളുകൾക്ക് വിജയം നേടിയ മത്സരത്തിൽ അർജന്റീനക്ക് അനുകൂലമായി ലഭിക്കേണ്ട രണ്ടു പെനാൽറ്റികളാണ് റഫറി നിഷേധിച്ചത്. മത്സരത്തിന് ശേഷം ലയണൽ മെസി റഫറിക്കെതിരെ രൂക്ഷമായ വിമർശനം നടത്തിയിരുന്നു. ബ്രസീൽ താരമായ ഡാനി ആൽവസ് അടക്കം ലയണൽ മെസിയെ പിന്തുണക്കുകയും റഫറിക്ക് പോരായ്‌മകൾ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുകയും ചെയ്‌തു.

ആ ടൂർണമെന്റ് കഴിഞ്ഞ് അഞ്ചു വർഷത്തിനു ശേഷമാണ് തന്റെ പിഴവുകൾ റഫറിയായ റോഡി സംബ്രാനോ വെളിപ്പെടുത്തുന്നത്. വിവാദസംഭവങ്ങൾ തന്റെ ശ്രദ്ധയിൽ പെടുത്താൻ വീഡിയോ അസിസ്റ്റന്റ് റഫറി തയ്യാറായില്ലെന്നാണ് സംബ്രാനോ പറയുന്നത്. ഫീൽഡിൽ നിന്നും അർജന്റീനക്ക് അനുകൂലമായ പെനാൽറ്റിയാണെന്ന് തനിക്ക് മനസിലായില്ലെന്നും ആദ്ദേഹം പറയുന്നു.

വീഡിയോ അസിസ്റ്റന്റ് റഫറി ഇക്കാര്യം തന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിൽ ദൃശ്യങ്ങൾ പരിശോധിച്ച് അർജന്റീനക്ക് അനുകൂലമായി പെനാൽറ്റി നൽകുമായിരുന്നുവെന്നാണ് റഫറി പറഞ്ഞത്. ആ മത്സരത്തിന് ശേഷം അന്നത്തെ ബ്രസീൽ പ്രസിഡന്റ് വാർ റൂമും റഫറിയും തമ്മിലുള്ള ബന്ധം തടസപ്പെടുത്താൻ ശ്രമിച്ചുവെന്ന ആരോപണം ഉയർന്നതും ഇതിനൊപ്പം ചേർത്ത് വായിക്കേണ്ടതാണ്.

അഗ്യൂറോ, ഓട്ടമെൻഡി തുടങ്ങിയ താരങ്ങളെ ഫൗൾ ചെയ്‌തതിനാണ് അർജന്റീനക്ക് അനുകൂലമായി പെനാൽറ്റി ലഭിക്കേണ്ടിയിരുന്നത്. എന്തായാലും മത്സരം വിജയിച്ച് ഫൈനലിൽ കടന്ന ബ്രസീൽ തന്നെ കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കി. അർജന്റീനക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നെങ്കിലും അതിനടുത്ത കോപ്പ അമേരിക്കയിൽ ബ്രസീലിനോട് പകരം വീട്ടി അവർ കിരീടം സ്വന്തമാക്കി.

2019 Copa America Referee On Brazil Vs Argentina Match