വമ്പൻ പരിശീലകനെ ലക്ഷ്യമിടുന്നു, കേരള ബ്ലാസ്റ്റേഴ്‌സിന്റെ റഡാറിലുള്ള രണ്ടു പരിശീലകർ ഇവരോ | Kerala Blasters

ഈ സീസണിനു ശേഷം ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകസ്ഥാനത്ത് ഉണ്ടാകാനുള്ള സാധ്യത കുറവാണ്. കഴിഞ്ഞ ദിവസം പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സീസണിനു ശേഷം ഇവാൻ വുകോമനോവിച്ച് ബ്ലാസ്റ്റേഴ്‌സ് വിട്ട് യൂറോപ്പിലേക്ക് തന്നെ തിരിച്ചു പോകും. യൂറോപ്പിലെ ഒന്നിലധികം ക്ലബുകളിൽ നിന്നും അദ്ദേഹത്തിന് ഓഫറുകളുണ്ടെന്നാണ് സൂചനകൾ.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം മൂന്ന് സീസൺ പൂർത്തിയാക്കാൻ പോകുന്ന ഇവാൻ വുകോമനോവിച്ച് കുടുംബവുമായി കൂടുതൽ ഇടപെട്ടു നിൽക്കാൻ വേണ്ടിയാണ് ബ്ലാസ്റ്റേഴ്‌സ് വിടുന്നതെന്നാണ് സൂചനകൾ. അദ്ദേഹം പോകാൻ സാധ്യതയുള്ളതിനാൽ ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകരെ തേടാൻ ആരംഭിച്ചിട്ടുണ്ട്. രണ്ടു പരിശീലകർ ബ്ലാസ്റ്റേഴ്‌സിന്റെ റഡാറിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടവരിൽ എഫ്‌സി ഗോവയുടെ പരിശീലകൻ മനോലോ മാർക്വസുണ്ടെന്നാണ് സൂചനകൾ. ഗോവയുമായി കരാറുണ്ടെങ്കിലും റിലീസിംഗ് തുക നൽകാൻ ബ്ലാസ്റ്റേഴ്‌സ് തയ്യാറായാൽ മനോലോ ടീമിലേക്ക് വരും. ബ്ലാസ്‌റ്റേഴ്‌സിനു ലഭിക്കുന്ന ആരാധകപിന്തുണയെ നിരവധി തവണ പ്രശംസിച്ചിട്ടുള്ള പരിശീലകനാണ് അദ്ദേഹം. ഇവാൻ വുകോമനോവിച്ചുമായി മികച്ച ബന്ധവും അദ്ദേഹത്തിനുണ്ട്.

ഹൈദരാബാദ് എഫ്‌സിയെ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടത്തിലേക്ക് നയിച്ചിട്ടുള്ള അദ്ദേഹത്തിന്റെ രീതികൾ ബ്ലാസ്റ്റേഴ്‌സുമായി ഒത്തുപോകുന്നതാണ്. എന്നാൽ കഴിഞ്ഞ സീസണിൽ ശിക്ഷയായി ലഭിച്ച നാല് കോടി രൂപ നൽകേണ്ടി വരുമെന്നതിനാൽ ബ്ലാസ്റ്റേഴ്‌സ് മനോലോക്ക് വേണ്ടി പണം മുടക്കുമോയെന്നറിയില്ല. അങ്ങിനെയെങ്കിൽ ജംഷഡ്‌പൂർ പരിശീലകൻ ഖാലിദ് ജമീലിനെയും പരിഗണിച്ചേക്കും.

ഈ സീസണിനിടയിൽ ജംഷഡ്‌പൂർ എഫ്‌സി പരിശീലകനായി ചുമതല ഏറ്റെടുത്ത ഖാലിദ് ജമീലിനു കീഴിൽ ടീം മികച്ച പ്രകടനം നടത്തുന്നുണ്ട്. കഴിവുള്ള പരിശീലകനാണ് അദ്ദേഹമെങ്കിലും ഇന്ത്യൻ പരിശീലകരോട് പൊതുവെയുള്ള ചിറ്റമ്മ നയം ഉണ്ടാവുകയാണെങ്കിൽ അതിനുള്ള സാധ്യതയില്ല. പണം ചിലവാക്കാൻ പരിമിതിയുണ്ടെങ്കിലേ താരത്തെ പരിഗണിക്കൂ.

മനോലോ മാർക്വസിനെ ബ്ലാസ്റ്റേഴ്‌സ് എത്തിക്കണമെന്നാകും ആരാധകർ കൂടുതൽ ആഗ്രഹിക്കുന്നുണ്ടാവുക. യുവതാരങ്ങളെ വളർത്തിയെടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഇവാന്റെതിനു സമാനമാണ്. താരങ്ങളുമായി ഇടപെടുന്ന കാര്യത്തിലും മനോലോ മികച്ചതാണ്. എഫ്‌സി ഗോവക്ക് ആരാധകരുടെ പിന്തുണ കാര്യമായി ലഭിക്കാത്തതിൽ അദ്ദേഹം തന്റെ അതൃപ്‌തി പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു.

Kerala Blasters Target Two ISL Coaches